ബെംഗളൂരു : കന്നഡ ചലച്ചിത്ര താരം ദർശൻ തൂഗുദീപ കൊലപാതക കേസില്‍ അറസ്റ്റില്‍. രേണുക സ്വാമി (33) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തത്. ദര്‍ശന്‍റെ സുഹൃത്തായ നടിയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്‍റെ പേരിലാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരം.
47 കാരനായ താരത്തെ മൈസൂരുവിലുള്ള ഫാം ഹൗസില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. നിലവില്‍ 10 പേരാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു രേണുക സ്വാമിയെ ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടയില്‍ കിടന്നിരുന്ന മൃതദേഹം കണ്ടവരായിരുന്നു വിവരം പൊലീസില്‍ അറിയിച്ചത്.
ആത്മഹത്യയാകാം എന്നതായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, പിന്നീട് നടന്ന പരിശോധനകളിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യ ഘട്ടത്തില്‍ പൊലീസ് നാലുപേരെ പിടികൂടിയിരുന്നു.