ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്‍റെ സൂര്യ നായകനായ 'കങ്കുവ'. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ ഓരോ പുതിയ വിവരവും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ളതാണ്. 'കങ്കുവ'യുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച. വമ്പന്‍ റിലീസായാണ് 'കങ്കുവ' തിയേറ്ററുകളില്‍ എത്തുക. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം 500 തിയേറ്ററുകളില്‍ കേരളത്തില്‍ 'കങ്കുവ' പ്രദര്‍ശിപ്പിക്കും.
ആന്ധ്രാപ്രദേശ്, തെലുഗാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 14നാണ് ചിത്രത്തിന്‍റെ റിലീസ്. ഒരു നടനെന്ന നിലയില്‍ 'കങ്കുവ' സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.
'കങ്കുവ' സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'കങ്കുവ' ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്‍റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ജ്ഞാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
'കങ്കുവ' മുഴുവനായും താൻ കണ്ടുവെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ മദൻ കര്‍ക്കി വ്യക്തമാക്കിയിരുന്നു. 'കങ്കുവ' ചരിത്രമായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാനായിട്ടുണ്ട്. ഓരോ കാഴ്‌ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം.
കലയുടെ ചാരുത. കഥയുടെ ആഴം. ഇതിലെ സംഗീതം അതിന്‍റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകും. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി പറഞ്ഞു.