ഇളയ ദളപതിയുടെ സിനിമകള്‍ക്കും ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. അങ്ങനെ ഒരാളാണ് തെലുങ്കിലെ സൂപ്പര്‍ താരമായ ജൂനിയര്‍ എന്‍ടിആര്‍. തന്‍റെ പുതിയ ചിത്രം ദേവരയുടെ പ്രമോഷന്‍ പരിപാടിക്കായി ചെന്നൈയില്‍ എത്തിയപ്പോഴാണ് വിജയ്‌യോടുള്ള തന്‍റെ ആരാധന താരം വെളുപ്പെടുത്തിയത്. താരത്തിന്‍റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുന്നത്.
നൃത്തമെന്നാല്‍ അത് നൃത്തം തന്നെയായിരിക്കണമെന്നും അതൊരിക്കലും സംഘട്ടനമോ ജിംനാസ്‌റ്റിക്കോ പോലെ തോന്നരുതെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. 'വിജയ് സര്‍ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയണം നൃത്തം. ആസ്വദിച്ചു വേണം ചെയ്യാന്‍. അദ്ദേഹം നൃത്തം ചെയ്യുമ്പോള്‍ അത് കഷ്‌ടപ്പെട്ട് പഠിച്ച് ചെയ്യുന്നത് പോലെ തോന്നാറില്ല. വളരെ കൂളായി ഭംഗിയായാണ് അദ്ദേഹം ചെയ്യുന്നത്. വിജയ് സാറിന്‍റെ ഡാന്‍സിന്‍റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹവുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ട്' എന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് 'ദേവര'. ദേവര എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രത്തില്‍ എത്തുന്നത്. ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രമാണ് ഇത്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ചിത്രത്തിൽ എത്തുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും