ഹൈദരാബാദ് :മാധ്യമ ചലച്ചിത്ര രംഗത്തെ അതികായൻ റാമോജി റാവുവിന്‍റെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ. ആര്‍ക്കുമുന്നിലും തലകുനിക്കാത്ത മാഹാമേരുവാണ് അദ്ദേഹമെന്നാണ് മെഗാസ്‌റ്റാർ ചിരഞ്ജീവി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
റാമോജി റാവുവിൻ്റെ മരണത്തിൽ ജൂനിയർ എൻടിആർ അനുശോചനം രേഖപ്പെടുത്തി. റാമോജി റാവുവിനെ പോലെ ദശലക്ഷത്തിൽ ഒരാൾ മാത്രമേയുള്ളൂ എന്ന് ജൂനിയർ എൻടിആർ പറഞ്ഞു. "ശ്രീ റാമോജി റാവുവിനെപ്പോലെ ദീർഘദർശിയായി ദശലക്ഷത്തിൽ ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. അദ്ദേഹം ഒരു മാധ്യമ സാമ്രാജ്യത്തിന്‍റെയും ഇന്ത്യൻ സിനിമയുടെയും അതികായനാണ്. അദ്ദേഹത്തിൻ്റെ നഷ്‌ടം ഒരിക്കലും നികത്താനാവില്ല.
അദ്ദേഹം നമുക്കിടയിൽ ഇല്ലെന്ന വാർത്ത വളരെ സങ്കടകരമാണ്. 'നിന്നു ചൂടലാനി' എന്ന ചിത്രത്തിലൂടെ എന്നെ തെലുങ്ക് സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു" - ജൂനിയർ എൻടിആർ എക്‌സില്‍ കുറിച്ചു.
റാമോജിയുടെ വിയോഗത്തിൽ തെലുഗു ചലച്ചിത്ര മേഖലയിലെ പ്രമുഖരായ വി കെ നരേഷ്, നാരാ രോഹിത് , മനോജ് മഞ്ജു എന്നിവരും അനുശോചനം രേഖപ്പെടുത്തി. തന്‍റെ സിനിമ ജീവിതത്തിൽ ഗോഡ്‌ഫാദറും പ്രചോദനവുമാണ് റാമോജിയെന്നാണ് വി കെ നരേഷ് പ്രതികരിച്ചത്. "റാമോജി റാവുവിന്‍റെ വിയോഗം ഹൃദയഭേദകമാണ്. അദ്ദേഹം എൻ്റെ സിനിമാ ജീവിതത്തിൽ ഗോഡ്‌ഫാദറും പ്രചോദനത്തിൻ്റെ സ്ഥായിയായ ഉറവിടവുമായിരുന്നു. തെലുഗു ചലച്ചിത്ര വ്യവസായത്തിന്‍റെ ഉയര്‍ച്ചയില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു" നടനും നിർമാതാവുമായ വികെ നരേഷ് പ്രതികരിച്ചു.
റാമോജിയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് തെലുഗു നടൻ മനോജ് മഞ്ജു എക്‌സില്‍ കുറിച്ചു. "റാമോജി റാവു ഗാരുവിൻ്റെ വേർപാടിൽ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ജീവിത യാത്രയും പാരമ്പര്യവും നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്നതാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു" മനോജ് മഞ്ജു എക്‌സിൽ പ്രതികരിച്ചു.
ALSO READ :രാമോജി ഫിലിം സിറ്റി സ്ഥാപകനും ഈനാടു ഉടമയുമായ രാമോജി റാവു അന്തരിച്ചു