ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും 'ജയ് ഗണേഷ്' എന്ന സൂചനയുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സസ്‌പെൻസ് ചോരാതെ ഒപ്പം സർപ്രൈസുകളും ട്വിസ്റ്റുകളും മിസ്റ്റീരിയസ് എലമെൻസുകളും ഉൾപ്പെടുത്തിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് എത്തും.
സൂപ്പർ ഹീറോയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് 'ജയ് ഗണേഷ്' സിനിമയുടെ നിർമാണം.
മലയാളികളുടെ പ്രിയ താരം ജോമോളും 'ജയ് ഗണേഷി'ൽ പ്രധാന വേഷത്തിലുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന 'ജയ് ഗണേഷി'ന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സംഗീത് പ്രതാപാണ്. ശങ്കർ ശർമ്മയാണ് ഈ സിനിമയ്‌ക്ക് സംഗീതം പകരുന്നത്.