ടോവിനോ തോമസ് നായകനായ 'കൽക്കി' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മലയാളിക്ക് സുപരിചിതനായ അഭിനേതാവാണ് ശിവജിത്ത്. ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ ശിവജിത്ത് അവതരിപ്പിക്കുന്നുണ്ട്. 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ ക്ലൈമാക്‌സിന് തൊട്ടു മുൻപത്തെ ആക്ഷൻ രംഗത്തിൽ ശിവജിത്തിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ജയരാജ് സംവിധാനം ചെയ്‌ത 'വീരം' എന്ന ചിത്രത്തിലൂടെയാണ് ശിവജിത് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്.
ഏകദേശം 14 വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് 'വീരം' എന്ന ചിത്രത്തിലെ വേഷം ശിവജിത്തിനെ തേടി വരുന്നത്. ജീവിതത്തെ കുറിച്ചും സിനിമാ വിശേഷങ്ങളെ കുറിച്ചും ശിവജിത്ത് ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.
ജനുവരി 16ന് റിലീസിന് എത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ സന്തോഷത്തിലാണ് താനെന്ന് ശിവജിത്ത് ആദ്യം തന്നെ പറഞ്ഞു. 'പ്രാവിൻകൂട് ഷാപ്പി'ന്‍റെ മുതലാളി ആയിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഭാവിയിലെ ഒരുപാട് വ്യത്യസ്‌ത വേഷങ്ങളിലേക്കുള്ള തന്‍റെ പ്രയാണത്തിന്‍റെ ഗിയർ ഷിഫ്റ്റിംഗ് ആയിരിക്കും 'പ്രാവിൻകൂട് ഷാപ്പ്' എന്ന് ശിവജിത്ത് പറഞ്ഞു.
പ്രാവിന്‍കൂട് ഷാപ്പ്
"നല്ലോണം പണിയെടുത്ത ഒരു കഥാപാത്രമാണ് 'പ്രാവിൻകൂട് ഷാപ്പി'ലേത്. പ്രാവിൻകൂട് ഷാപ്പ് ഓണറിന്‍റെ വേഷമാണ്. നല്ല പ്രതീക്ഷയുണ്ട്. ജനുവരി 16നാണ് ചിത്രം പ്രദർശനത്തിന് എത്തുക.
PRAVINKOODU SHAPPU POSTER (ETV Bharat) മിസ്ട്രി ഇൻവെസ്റ്റിഗേഷൻ ഡാർക്ക് കോമഡി ഴൊണറിൽ ഉൾപ്പെടുത്താവുന്ന ഒരു സിനിമയാണിത്. ബാബു എന്നാണ് എന്‍റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ റിസൾട്ട് എന്താകും എന്നുള്ളത് റിലീസിനു ശേഷം അറിയാം", ശിവജിത്ത് പറഞ്ഞു.
കുട്ടിക്കാലം മുതലുള്ള ആഗ്രഹം
"കുട്ടിക്കാലം മുതൽക്ക് തന്നെ സിനിമയിൽ എത്തിച്ചേരുക എന്നുള്ളതായിരുന്നു ആൾട്ടിമേറ്റ് ലക്ഷ്യം. 1998 ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌കൂൾ കലോത്സവത്തിൽ കലാ പ്രതിഭയായിരുന്നു. കലാപ്രതിഭയായി തിരഞ്ഞെടുത്തതിനു ശേഷം അക്കാലത്തെ പ്രമുഖ മാധ്യമങ്ങൾ തനിക്ക് ചുറ്റും കൂടി. ഭാവിയിൽ ആരാകണം എന്ന് ചോദ്യമുയർന്നു. ഒരു സിനിമാനടൻ ആകണം എന്നായിരുന്നു 14 വയസ്സുള്ളപ്പോൾ ഞാൻ നിസംശയം പറഞ്ഞത്. പക്ഷേ ചലച്ചിത്ര മേഖലയിൽ ഒരു അഭിനേതാവായി ചൂവടുറപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു", ശിവജിത്ത് പറയുകയുണ്ടായി.
" വളരെ ചെറുപ്പകാലം മുതൽക്ക് തന്നെ നൃത്തം അഭ്യസിച്ചിരുന്നു. ഭരതനാട്യം, കുച്ചുപ്പുടി, കഥകളി തുടങ്ങിയ കലാരൂപങ്ങൾ ചെറുപ്രായത്തിൽ തന്നെ അഭ്യസിക്കാൻ അവസരം ലഭിച്ചു. ഒരു സിനിമ നടൻ എന്ന രീതിയിൽ ലഭിക്കുന്ന പ്രശസ്‌തിയോട് തനിക്ക് ഒട്ടും താല്‌പര്യം ഇല്ല. എന്‍റെ പേരിനേക്കാൾ കൂടുതൽ എന്‍റെ കഥാപാത്രങ്ങളെ ആകണം ജനങ്ങൾ ഇഷ്‌ടപ്പെടേണ്ടതും ചർച്ച ചെയ്യേണ്ടതും", ശിവജിത്ത് അഭിപ്രായപ്പെട്ടു.
ആദ്യ സിനിമ
"എന്‍റെ ആദ്യ സിനിമയായ വീരം വലിയ ബഡ്‌ജറ്റ് ഫിലിം ആയിരുന്നുവെങ്കിലും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ആ ചിത്രം പരാജയപ്പെട്ടത് തന്നിലൊരിക്കലും ഒരു നഷ്ടബോധം ഉണ്ടാക്കിയിട്ടില്ല. അതൊരു വലിയ പാഠപുസ്‌തകം ആയിരുന്നു. ചലഞ്ചിങ് ആയിരുന്നു. ആദ്യസിനിമ തന്നെ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്നു. ഓരോ സീനും മൂന്ന് ഭാഷകളിൽ അഭിനയിക്കണമായിരുന്നു.
ഒരു പുതിയ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ കാര്യമാണ്. ഷേക്‌സ്‌പിയറിന്‍റെ നാടകത്തെ അധികരിച്ച് എടുത്ത ചിത്രമാണ് വീരം. കൊമേഴ്ശ്യലി സിനിമ പരാജയപ്പെട്ടു പോയെങ്കിലും 2025 ലും ആ സിനിമയിലെ എന്‍റെ പ്രകടനത്തിന് ഭംഗി വാക്കുകൾ ലഭിക്കാറുണ്ട്. ലോകോത്തര സൃഷ്ടികൾ ഇഷ്ടപ്പെടുന്ന പലരുടെയും ഇഷ്ട സിനിമകളിൽ ഒന്നാണ് വീരം. സാധാരണക്കാർക്കിടയിൽ എന്തോ ചിത്രം വർക്ക് ഔട്ട് ആയില്ല. 14 വർഷത്തെ കഷ്ടപ്പാടിന് ഒടുവിലാണ് വീരമെന്ന സിനിമയിൽ എനിക്ക് അവസരം ലഭിക്കുന്നത്.ശിവജിത്ത്", വ്യക്തമാക്കി.
കഷ്‌ടപ്പെട്ട ദിനങ്ങള്‍
" എല്ലാ കലാകാരന്മാർക്കും ഒരു സ്രഗിളിങ് പിരീഡ് ഉണ്ടാകും. കഷ്ടപ്പെട്ട കാലത്തെക്കുറിച്ച് ഞാൻ എവിടെയും പറയാറില്ല. സിനിമയിൽ അവസരം ലഭിക്കാൻ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് പിൽക്കാലത്ത് പറഞ്ഞു കയ്യടി വാങ്ങേണ്ട ആവശ്യമില്ല. ഒരു കലാകാരൻ അയാളുടെ പൂർണതയിൽ എത്താൻ കഷ്ടപ്പെടുക തന്നെ വേണം. എന്നാൽ മാത്രമേ വിജയത്തിന്‍റെ മൂല്യം എന്താണെന്ന് കൃത്യമായി തിരിച്ചറിയാനാകൂ.
14 വർഷം അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ചുറ്റുപാടും നിന്നും ലഭിച്ചിരുന്ന പിന്തുണകൾ ഒക്കെ പതുക്കെപ്പതുക്കെ കുറഞ്ഞു. വീട്ടിൽനിന്നുള്ള പിന്തുണയും പൂർണമായി അവസാനിച്ചതോടെ എനിക്ക് സിനിമ വിധിച്ചിട്ടില്ല എന്ന് കരുതി. അങ്ങനെയാണ് ഒരു ജോലി ചെയ്യാമെന്ന് തീരുമാനിക്കുന്നത്.
ജോലി ചെയ്യുകയാണെങ്കിലും ഇന്നാട്ടിൽ വയ്യ, പുറത്ത് എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്‌ത് ജീവിക്കാം അതായിരുന്നു മാനസികാവസ്ഥ. ഇത്രയും കാലം ഞാൻ സിനിമ ആഗ്രഹിച്ചു. ഇനിയൊരു ശ്രമത്തിനില്ല. ബൈ ബൈ പറഞ്ഞു പോകാൻ തീരുമാനിക്കുന്ന സമയത്താണ് സംവിധായകൻ ജയരാജിനെ ഒരു പരിപാടിക്കിടയിൽ വച്ച് പരിചയപ്പെടുന്നത്. ജയരാജ് സാറിലൂടെ വീരം എന്ന സിനിമയിൽ അവസരം ലഭിച്ചതും തനിക്ക് യുഎസ് വിസ ലഭിച്ചതും ഒരേസമയത്തായിരുന്നു. ഭാഗ്യം വന്നപ്പോൾ എല്ലാം ഒരുമിച്ച്", ശിവജിത്ത് പറഞ്ഞു.
"സിനിമയ്ക്ക് വേണ്ടി യു എസ് വിസ ഉപേക്ഷിച്ചില്ല. ജോലിയ്ക്കായി അമേരിക്കയിലേക്ക് പോയി. സിനിമയിൽ അഭിനയിക്കാൻ ലീവെടുത്ത് നാട്ടിൽ തിരിച്ചു വന്നു. ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ജോലി ഉപേക്ഷിക്കാനുള്ള മടി കാരണം ധാരാളം സിനിമയിലെ അവസരങ്ങൾ ഒഴിവാക്കേണ്ടതായി വന്നു. ഇപ്പോഴാണ് സത്യത്തിൽ കുറച്ച് അധികം നല്ല സിനിമകളും മികച്ച കഥാപാത്രങ്ങളും ലഭിച്ചു തുടങ്ങുന്നത്. ജോലി ഇനി തുടരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കണം", ശിവജിത്ത് വ്യക്തമാക്കി.
" ജീവിതത്തിൽ നഷ്ടപ്പെട്ട സിനിമകളെക്കുറിച്ചോ പരാജയപ്പെട്ട സിനിമകളെ കുറിച്ചോ നഷ്‌ടബോധം ഇല്ല. ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നു. നമ്മളൊക്കെ ഇപ്പോഴും ഇവിടെ സന്തോഷത്തോടുകൂടി നിലനിൽക്കുന്നു എന്നുള്ളത് തന്നെയാണ് വലിയ കാര്യം", ശിവജിത്ത് പറഞ്ഞു.
വില്ലന്‍ കഥാപാത്രങ്ങള്‍
" കൽക്കി എന്ന സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു ഞാൻ ഈ ചിത്രത്തിൽ അവതരിപ്പിച്ച വില്ലൻ വേഷത്തിന് സമാനമായ രൗദ്ര കഥാപാത്രങ്ങൾ ധാരാളം തേടി വരുമെന്ന്. സമാന സ്വഭാവം ഉള്ള ധാരാളം വേഷങ്ങൾ കൽക്കി കഴിഞ്ഞ ഉടനെ എന്നെ തേടിയെത്തി. പലതിനോടും നോ പറഞ്ഞു.
ഒരു അഭിനേതാവ് എന്നുള്ള നിലയിൽ വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. കൽക്കിയിലേത് പോലുള്ള കഥാപാത്രങ്ങൾ വീണ്ടും ചെയ്യുകയാണെങ്കിൽ നല്ല അവസരങ്ങൾ നഷ്ടപ്പെടും. ചെയ്‌തുകൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് ലഭിച്ച അവസരമായിരുന്നു ദുൽഖർ സൽമാൻ നായകനായ കുറുപ്പ്.
എന്നാൽ കൽകി റിലീസ് ചെയ്‌ത ശേഷം കുറുപ്പിന്‍റെ സംവിധായകൻ എന്നോട് പറഞ്ഞു ' എടാ നീ ഈ കഥാപാത്രം ചെയ്യേണ്ട. നീ ഒരു മാസ് പരിവേഷത്തിൽ നിൽക്കുകയാണ്. അത്രയും ആഴമുള്ള കഥാപാത്രം അല്ല നിനക്ക് കുറുപ്പിൽ അവതരിപ്പിക്കാനുള്ളത്.' അതിനു മറുപടിയായി ഞാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു.' ഇല്ല എനിക്ക് ഈ കഥാപാത്രം ചെയ്യണം. മാസ് വില്ലൻ എന്ന പ്രതിച്ഛായ ഈ കഥാപാത്രത്തിലൂടെ മാറാൻ എന്നെ സഹായിക്കും.' അത്തരമൊരു ചിന്താഗതിയിലാണ് കുറുപ്പ് ചെയ്യുന്നത്. അതൊരുപക്ഷേ മറ്റൊരു തരത്തിലും ഗുണം ചെയ്തു. കോവിഡിനു ശേഷം തിയേറ്റർ റിലീസായി എത്തുന്ന ആദ്യചിത്രം കുറുപ്പ് ആയിരുന്നു. രണ്ടു വർഷത്തെ ഇടവേളക്കുശേഷം റിലീസിന് എത്തുന്ന ഒരു മലയാള ചിത്രത്തിന്‍റെ ഭാഗമാവുക എന്നുള്ളത് ഭാഗ്യം ആയിരുന്നു", ശിവജിത്ത് പറഞ്ഞു.
സംവിധായകന്‍ ജിതിന്‍ലാലുമായുള്ള സൗഹൃദം
" അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ക്ലൈമാക്‌സിന് തൊട്ടുമുമ്പത്തെ ടോവിനോയോടൊപ്പമുള്ള ആക്ഷൻ രംഗങ്ങൾ ഒരുപാട് പ്രശംസ നേടിത്തന്നു. അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ സംവിധായകൻ ജിതിൻ ലാലുമായി നേരത്തെ തന്നെ നല്ല സൗഹൃദമുണ്ട്. കൽക്കി എന്ന ചിത്രത്തിൽ ജിതിൻ അസോസിയേറ്റ് ഡയറക്‌ടര്‍ ആയിരുന്നു. കൽക്കിയെന്ന സിനിമയിലൂടെ തന്നെയാണ് ടോവിനോയുമായും നല്ലൊരു ബന്ധം സ്ഥാപിക്കാൻ സാധിച്ചത്. അങ്ങനെയൊക്കെയുള്ള പരിചയമാണ് ഒരുപക്ഷേ അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിനുവേണ്ടി ആ പ്രത്യേക രംഗത്തിൽ മാത്രം അഭിനയിക്കാൻ താനെത്തിയത്. പിന്നെ ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്‌ത ശിവകുമാർ ഗുരുക്കൾ എന്ന ഗുരുസ്ഥാനീയന്‍റെ ക്ഷണവും.
സത്യത്തിൽ ആ ആക്ഷൻ രംഗത്തിൽ ഞാൻ അല്ലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. മലയാളത്തിലെ പല മുൻ നിര നായകന്മാരെയും സിനിമയുടെ അണിയറ പ്രവർത്തകർ ആദ്യം ആലോചിച്ചിരുന്നു. ( പൃഥ്വിരാജിനെ വരെ ആ രംഗത്തിൽ അഭിനയിപ്പിക്കാൻ ആലോചിച്ചിരുന്നതായി അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ കളരി സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയ ശിവകുമാർ ഗുരുക്കൾ മുൻപ് ഇ ടിവി ഭാരതിനോട് തുറന്നു പറഞ്ഞിരുന്നു).
ശാസ്ത്രീയമായ രീതിയിൽ കളരി അഭ്യാസ മുറകൾ സ്വായത്തമാക്കണമെന്നതു കൊണ്ടുതന്നെ അണിയറ പ്രവർത്തകർ ആദ്യം ആലോചിച്ച പലരെയും ഒഴിവാക്കേണ്ടി വന്നു. ഡേറ്റ് പ്രശ്‌നമാണ് പ്രധാന കാരണം. ഒന്നോ രണ്ടോ ദിവസം മാത്രം പരിശീലനം നേടി ആ ആക്ഷൻ രംഗത്തിൽ അഭിനയിക്കാൻ സാധിക്കില്ല. ഒടുവിൽ കളരി അറിയാമെന്ന ഒറ്റ കാരണത്താൽ നറുക്ക് തനിക്ക് വീണു", ശിവജിത്ത് പറഞ്ഞു.
കളരി അഭ്യസിച്ചു തുടങ്ങിയത്
"2013-14 കാലഘട്ടങ്ങളിൽ വീരം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് കളരി അഭ്യസിച്ചു തുടങ്ങുന്നത്. നല്ലൊരു ഗുരുക്കളെ തനിക്ക് ലഭിച്ചു. വീരത്തിനു മുൻപ് കളരിയെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. വീരം എന്ന സിനിമയ്ക്ക് വേണ്ടി ഒന്നര വർഷത്തോളം കളരി മുറകൾ ഞാൻ ഒരു ദിവസം പോലും ഇടവേള എടുക്കാതെ അഭ്യസിച്ചു. കളരിയുടെ ഒരു അടിസ്ഥാനം ഉള്ളതുകൊണ്ട് തന്നെ അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ രണ്ടാഴ്‌ച മാത്രമാണ് ഞാൻ കളരി വീണ്ടും അഭ്യസിച്ചത്.
Shivjith with Tovino Thomas (ETV Bharat) ഞാനും ടോവിനേയും ആ രംഗം ചിത്രീകരിക്കുന്ന സമയത്ത് അല്ല പരസ്‌പരം കാണുന്നത്. ഈ പറയുന്ന ആക്ഷൻ രംഗത്തിനു വേണ്ടി ടോവിനോയും ഞാനും ഒരുമിച്ചാണ് കളരി മുറകൾ അഭ്യസിച്ചത്. ഒപ്പം വെട്ടുന്ന പോരാളി നമ്മളോളം ശക്തൻ ആയാൽ മാത്രമേ കാഴ്‌ചക്കാരന് പയറ്റ് കാണാൻ ഭംഗി ഉണ്ടാവുകയുള്ളൂ. ഒരാൾ ദുർബലനും ഒരാൾ ശക്തനുമായാൽ പയറ്റുമ്പോൾ ആവേശം നഷ്‌ടപ്പെടും. അങ്ങനെ നോക്കിയാൽ ടോവിനോ ശക്തനായ ഒരു എതിരാളി ആയിരുന്നു.
ഉപയോഗിച്ചത് ഒറിജിനല്‍ കത്തി
ഈ സംഘടന രംഗത്തിന് വേണ്ടി പരിശീലനം ചെയ്‌തതൊക്കെ ഒറിജിനൽ കത്തി ഉപയോഗിച്ചായിരുന്നു. പലപ്പോഴും കത്തികൾ തമ്മിൽ ഉരസുമ്പോൾ തീപ്പൊരി ഉണ്ടാകും. കത്തി ദേഹത്ത് തട്ടി ഞങ്ങൾ രണ്ടുപേർക്കും മുറിവുകൾ സംഭവിച്ചു. എന്‍റെ വയർ മുറിഞ്ഞു. ടോവിനോയ്ക്ക് കൈകൾക്ക് പരിക്കുപറ്റി. പരിക്കുപറ്റി എന്നു കരുതി റസ്‌റ്റ് എടുക്കാൻ ഒന്നും ഞങ്ങൾ തയ്യാറായിരുന്നില്ല. ചോര തുടച്ചു കളഞ്ഞ് വീണ്ടും പയറ്റ് പരിശീലക്കും." ശിവജിത്ത് വിശദീകരിച്ചു.
" ഞാൻ ഒരുപാട് കാലം കളരി പഠിച്ച ഒരാളാണ്. പക്ഷേ ടോവിനോ ഈ സിനിമയ്ക്ക് വേണ്ടി മാത്രമാണ് കളരി പരിശീലനം തുടങ്ങിയത്. ഷോട്ട് കഴിഞ്ഞ് ഇടവേള ലഭിക്കുമ്പോഴൊക്കെ ടോവിനോ കളരി പരിശീലിച്ചു കൊണ്ടിരിക്കും.
രണ്ടുമൂന്ന് ആഴ്‌ച കൊണ്ട് എല്ലാം തികഞ്ഞൊരു അഭ്യാസിയായി മാറുക എന്നാൽ അത്ര എളുപ്പമല്ല. പക്ഷേ ടോവിനോ അത്ഭുതപ്പെടുത്തി. ഒപ്പം പയറ്റുമ്പോൾ ഒരുപാട് കാലം കളരി പഠിച്ച ഒരു പോരാളിയെ പോലെയാണ് ടോവിനോയെ എനിക്ക് തോന്നിയത്. ഞങ്ങളുടെ പരിശീലന സമയത്ത് സംഭവിക്കുന്ന തെറ്റുകൾ പരസ്പരം ഗൗരവത്തിൽ എടുക്കാറില്ല. ഒരു സ്പോർട്‌സ്‌മാന്‍ സ്പിരിറ്റോടുകൂടിയാണ് അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തെ ഞങ്ങൾ സമീപിച്ചത്", ശിവജിത്ത് പറഞ്ഞു.
" ഈ പറയുന്ന ആക്ഷൻ രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങൾ ഒക്കെ തന്നെയും ഒറിജിനൽ ആണ്. സിനിമയ്ക്ക് വേണ്ടി നിർമ്മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല. ഒറിജിനൽ ആയുധങ്ങൾ വച്ച് പരിശീലിച്ചിട്ട് ചിത്രീകരണ സമയത്ത് ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ചാൽ കയ്യിൽ നിൽക്കില്ല. അത് കളരി പ്രാക്ടീസ് ചെയ്യുന്ന ഒരാൾക്ക് പെട്ടെന്ന് മനസിലാകും. ഒറിജിനൽ ആയുധങ്ങൾ ദേഹത്തുരസി ഉണ്ടാവുന്ന മുറിവുകൾ ഞങ്ങൾ ആസ്വദിച്ചു. പോറലുകളിൽ ചോര കാണുന്നത് ഞങ്ങൾക്കൊരു ഹരം ആയിരുന്നു. " ശിവജിത്ത് തമാശ രൂപേണ പറഞ്ഞു.
"കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പോത്താംകണ്ട് എന്നൊരു സ്ഥലത്താണ് ഞാനും ടോവിനോയും പയറ്റുന്ന അങ്കത്തട്ട് സീൻ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം അഞ്ചുദിവസമെടുത്തു ആക്ഷൻ മുഴുവൻ പൂർത്തിയാക്കാൻ. അതിനു തൊട്ടടുത്ത ഒരു വീട്ടിൽ തന്നെയാണ് ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. പരിശീലന സമയത്തും ചിത്രീകരണ സമയത്തും ഗുരുക്കൾ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകും. അതുതന്നെയാണ് ആ രംഗത്തിന് ഒറിജിനാലിറ്റി തോന്നാൻ കാരണമായത്", ശിവജിത്ത് വ്യക്തമാക്കി.
" ഗുരുക്കളുടെ ഉറപ്പിൻമേൽ കൂടിയാണ് അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയുടെ ഭാഗമാകാൻ ഞാൻ എത്തിയത്. 2016 ന് ശേഷം ഞാൻ കളരി അഭ്യസിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെ ഈയൊരു അവസരത്തിനു വേണ്ടി വിളിക്കുമ്പോൾ എനിക്ക് ഒരു കോൺഫിഡൻസും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം.
ഈ സിനിമയൊക്കെ ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നതാണ്. വന്നിട്ട് മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയ അപമാനം ആകും. അഞ്ചുദിവസം പ്രാക്ടീസ് ചെയ്‌ത ശേഷമാണ് സിനിമയിൽ അഭിനയിക്കാമെന്ന് അണിയറ പ്രവർത്തകർക്ക് ഞാൻ ഉറപ്പു നൽകുന്നതുപോലും", ശിവജിത്ത് പറഞ്ഞു.
ഹാസ്യവും പ്രണയവും
" ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനും പ്രണയ നായകൻ ആകാനും നല്ല ആഗ്രഹമുണ്ട്. കൂട്ടുകാർക്കൊപ്പം ഒക്കെ ഇരിക്കുമ്പോൾ തമാശകൾ പറയാൻ ശ്രമിക്കും. കോമഡി ചെയ്താൽ വർക്ക്ഔട്ട് ആകുമോ എന്ന് അറിയണമല്ലോ. കൂട്ടുകാർക്കിടയിൽ ആണെങ്കിൽ പറയുന്ന തമാശകൾക്ക് അപ്പോൾ തന്നെ റിസൾട്ട് കിട്ടും. ജീവിതത്തിന്‍റെ ഓരോ നിമിഷവും സിനിമയിൽ ലഭിക്കാനിരിക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ഉള്ള മുന്നൊരുക്കങ്ങൾ ചെയ്‌തു കൊണ്ടിരിക്കും. ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരശ്ശീലയിൽ നല്ലൊരു പ്രണയ നായകൻ ആകാനും തനിക്ക് പറ്റുമെന്ന് വിശ്വസിക്കുന്നു", ശിവജിത്ത് പറഞ്ഞു.
Shivjith With Shine Tom chacko (ETV Bharat) "ഒരേ പോലുള്ള വേഷം ലഭിക്കാതെ നല്ല നല്ല വ്യത്യസ്‌ത വേഷങ്ങൾ കിട്ടാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ഒരു അഭിനേതാവിനെ പരീക്ഷിക്കാനുള്ള മാനസികാവസ്ഥയുള്ള സംവിധായകർ മുന്നോട്ട് വരണം", ശിവജിത്ത് അഭിപ്രായപ്പെട്ടു.
" കണ്ണൂരിൽ നിന്നും തളിപ്പറമ്പ് അവിടെ നിന്നും 15 കിലോമീറ്റർ ഉള്ളിലുള്ള തലവിൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. അങ്ങനെ ഒരു ഗ്രാമത്തിൽ സിനിമ സ്വപ്‌നം കണ്ടു നടന്ന ഒരാൾ ഇവിടം വരെയൊക്കെ എത്തി എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.
സിനിമ ഒരുപാട് വേദനകൾ നൽകിയിട്ടുണ്ട്. പക്ഷേ ആ വേദനകൾ ഒക്കെ വിജയത്തിന്‍റെ ഇന്ധനമായിരുന്നു എന്നാണ് തിരിച്ചറിവ്. അധികം വൈകാതെ തന്നെ നായക വേഷത്തിലും പ്രതീക്ഷിക്കാം", ശിവജിതത്ത് വ്യക്തമാക്കി.
Also Read:വരുന്നത് ഗംഭീര സിനിമ, മാര്‍ക്കോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി ഉണ്ണി മുകുന്ദന്‍