റഷീദ് പാറക്കലിന്‍റെ സംവിധാനത്തിൽ ജാഫർ ഇടുക്കിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ടൈറ്റിൽ പറത്ത്. പൂർണമായും ഹ്യൂമർ, ഫാന്‍റസി, ഇൻവസ്റ്റിഗേഷൻ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് 'കുട്ടന്‍റെ ഷിനിഗാമി' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റിലിൽ തന്നെ കൗതുകമൊളിപ്പിച്ചെത്തുന്ന സിനിമയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ (Kuttante Shinigami Movie ).
വ്യത്യസ്‌തമായ പ്രമേയങ്ങൾ തിരശീലയിലേക്ക് പകർത്തുന്ന റഷീദ് ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ഈ ചിത്രത്തിലൂടെയും തികച്ചും വേറിട്ട ഒരു പ്രമേയത്തിനാണ് അദ്ദേഹം ദൃശ്യഭാഷ്യം ഒരുക്കുന്നത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്‌ക്കൽ നിർമ്മിക്കുന്ന 'കുട്ടന്‍റെ ഷിനിഗാമി' ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷന്‍റെ കഥയാണ് പറയുന്നത്.
'ഷിനിഗാമി' എന്നത് ഒരു ജാപ്പനീസ് വാക്കാണ്. 'കാലൻ' എന്നാണ് ജപ്പാനിൽ ഷിനിഗാമി എന്ന വാക്കിനർഥം. ഈ ചിത്രത്തിൽ ഷിനിഗാമി എന്ന കോഴ്‌സിനെപ്പറ്റിയും പറയുന്നുണ്ട്. ജപ്പാനിൽ നിന്നും ഷിനിഗാമി കോഴ്‌സ് പൂർത്തിയാക്കി, ഡോക്‌ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ നായകൻ. ഈ ഷിനിഗാമി ഇപ്പോഴെത്തിയിരിക്കുന്നതാകട്ടെ ഒരു ആത്മാവിനെത്തേടിയാണ്.
കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമി നടക്കാറ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിനെ കൂടെക്കൂട്ടാനാണ് ഷിനിഗാമി ശ്രമിക്കുന്നത്. ഇയാളെ ചെരുപ്പു ധരിപ്പിക്കാൻ ഷിനിഗാമി ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.
തൻ്റെ മരണകാരണം അറിയാതെ ചെരിപ്പിടില്ലെന്ന വാശിയിലാണ് ഈ ആത്മാവ്. ഒടുവിൽ ആത്മാവിന്‍റെ വാശിക്ക് മുന്നിൽ ഷിനിഗാമിയ്‌ക്ക് വഴങ്ങേണ്ടിവരുന്നു. പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണകാരണ കാരണം അന്വേഷിച്ചിറങ്ങുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.