ന്യൂഡൽഹി:77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മെയ് 14 മുതൽ 25 വരെ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണ്. കാരണം രാജ്യം ആദ്യമായി 'ഭാരത് പർവ്' എന്ന പേരിൽ ഒരു പവലിയൻ ആതിഥേയത്വം വഹിക്കാൻ പോവുകയാണ്.
ലോകമെമ്പാടുമുള്ള വിശിഷ്‌ട വ്യക്തികൾക്കും പ്രതിനിധികൾക്കുമായാണ് ഇന്ത്യ 'ഭാരത് പർവ്' സംഘടിപ്പിക്കുന്നത്. പ്രശസ്‌തമായ ഫിലിം ഗാലയിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും ചലച്ചിത്രലോകത്തെ പ്രമുഖരും അടങ്ങുന്ന ഒരു പ്രതിനിധി സംഘം സുപ്രധാന സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ഫെസ്റ്റിവൽ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.
കാൻസ് ഫിലിം ഫെസ്റ്റിവലിൽ രാജ്യം ഭാരത് പർവ് സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. ലോകമെമ്പാടുമുള്ള സിനിമ സെലിബ്രിറ്റികൾ, ചലച്ചിത്ര നിർമാതാക്കൾ, സംവിധായകർ, ബയർമാർ, സെയിൽസ് ഏജൻ്റുമാർ എന്നിവരുമായി ഇടപഴകുകയും സൃഷ്‌ടിപരമായ അവസരങ്ങളും സർഗാത്മക പ്രതിഭകളുടെ കഴിവുകളും പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.
നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 55-ാമത് ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ (ഐഎഫ്എഫ്ഐ) ഒഫിഷ്യൽ പോസ്റ്ററും ട്രെയിലറും ഭാരത് പർവിൽ അനാച്ഛാദനം ചെയ്യുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം അറിയിപ്പിൽ പറയുന്നു. ഭാരത് പർവിൽ, 55-ാമത് ഐഎഫ്എഫ്ഐയ്‌ക്കൊപ്പം നടക്കുന്ന വേൾഡ് ഓഡിയോ-വിഷ്വൽ & എൻ്റർടെയിൻമെൻ്റ് സമ്മിറ്റിൻ്റെ (വേവ്സ്) ആദ്യ പതിപ്പിനായുള്ള സേവ് ദി ഡേറ്റിൻ്റെ പ്രകാശനവും പ്രതിനിധി സംഘം കാണും.
108 വില്ലേജ് ഇൻ്റർനാഷണൽ റിവിയേരയിൽ നടക്കുന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ചലച്ചിത്ര സമൂഹത്തിന് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള വേദിയായി പ്രവർത്തിക്കുന്ന ഭാരത് പവലിയൻ മെയ് 15 നാണ് ഉദ്ഘാടനം ചെയ്യുക. പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിലാകും ഉദ്ഘാടനം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രിയുമായി (ഫിക്കി) സഹകരിച്ച് നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻഎഫ്‌ഡിസി) ഒരു വ്യവസായ പങ്കാളിയായാണ് പവലിയൻ സംഘടിപ്പിക്കുക. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) മുഖേന കാനിൽ ഒരു ഭാരത് സ്റ്റാൾ സ്ഥാപിക്കും.
അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് ഭാരത് പവലിയൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അന്താരാഷ്‌ട്ര അംഗീകാരമുള്ള മേളയിൽ നിരവധി ഇന്ത്യൻ സിനിമകളും പ്രദർശിപ്പിക്കും. ഇതിൽ സംവിധായകയായ പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ആയിരിക്കും ഹൈലൈറ്റ്. പാം ഡി ഓറിനായി ഈ ചിത്രം മത്സരിക്കും. ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് സന്ധ്യ സൂരിയുടെ 'സന്തോഷ്' 77-ാം പതിപ്പിൽ അൺ സെർട്ടെയിൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) വിദ്യാർഥികളുടെ ഹ്രസ്വചിത്രമായ സൺഫ്ലവേർസ് ലാ സിനിഫ് മത്സര വിഭാഗത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കരൺ കാന്ധാരിയുടെ സിസ്റ്റർ മിഡ്‌നൈറ്റ് ഡയറക്‌ടേഴ്‌സിൻ്റെ ഫോർട്ട്‌നൈറ്റിലും മൈസം അലിയുടെ "ഇൻ റിട്രീറ്റ്" എൽ'ആസിഡിലും പ്രദർശിപ്പിക്കും.
1976-ൽ പുറത്തിറങ്ങിയ പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് ശ്യാം ബെനഗലിൻ്റെ "മന്ഥൻ" എന്ന സിനിമയുടെ പുനഃസ്ഥാപിച്ച പതിപ്പ്, കാൻസ് ക്ലാസിക്കിന് കീഴിൽ പ്രദർശിപ്പിക്കും. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ഫെസ്റ്റിവലിൽ അഭിമാനകരമായ പിയറി ആഞ്ചെനിയക്‌സ് ട്രിബ്യൂട്ട് ഏറ്റുവാങ്ങും. ഈ ബഹുമതിയോടെ അംഗീകരിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാകും ഇദ്ദേഹം.
ALSO READ:മെറ്റ് ഗാലയിലെത്തുന്ന ആദ്യ ഇന്ത്യൻ ഡിസൈനർ; ചരിത്രം കുറിച്ച് സബ്യസാചി മുഖർജി