നടന്‍ സൗബിന്‍ ഷാഹിറിന്‍റെ പറവ ഫിലിംസ് അറുപത് കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള പരിശോധന ഇന്ന രാത്രി 11 മണി വരെ നീണ്ടിരുന്നു. പരിശോധന ഇന്നും തുടരും.
പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തികൊണ്ടിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്‍റെ പേരില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം സൗബിന്‍ ഷാഹിര്‍ നേരത്തെ നേരിട്ടിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്‍കംടാക്‌സ് കൊച്ചി യൂണിറ്റും അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ 140 കോടിയിലെറെ രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് കളക്റ്റ് ചെയ്‌തെന്നു തെളിഞ്ഞു. എന്നാല്‍, 100 കോടി രൂപ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 40 കോടിയുടെ നികുതി കമ്പനി വെട്ടിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സഹായിയായ ഷോണ്‍ ആണ് കണക്കുകള്‍ കൈകാര്യം ചെയ്‌തതെന്നാണ് സൗബിന്‍റെ മൊഴി. ചിത്രവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി. നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.