തന്നെ ലക്ഷ്യംവച്ച് ഇൻഡസ്‌ട്രിയിൽ ചിലരൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് നടൻ ദിലീപ്. പവി കെയർടേക്കർ എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. തനിക്കെതിരെ കരുക്കൾ നീക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്നും ഒന്നും തുറന്നു പറയാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും ദിലീപ് പറഞ്ഞു.
'സിനിമയിൽ ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനും മലയാളി പ്രേക്ഷകരുടെ പിന്തുണയുണ്ട്. പക്ഷേ എല്ലാ കഥാപാത്രങ്ങളും സരസമായിരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ഞാൻ വളരെയധികം ഭയന്ന് കൈകാര്യം ചെയ്‌ത വേഷങ്ങളിൽ ഒന്നായിരുന്നു റൺവേയിലെ വാളയാർ പരമശിവം.
സ്‌പിരിറ്റ് മാഫിയ ഡീലർ ആയിരുന്നു ഈ കഥാപാത്രം. 2004ൽ ആയിരുന്നു റൺവേയുടെ റിലീസ്. തുടർന്ന് 2006ൽ ലയൺ എന്ന ചിത്രത്തിൽ ഞാൻ ഹോം മിനിസ്റ്റർ ആയാണ് അഭിനയിച്ചത്. ഈ രണ്ടു കഥാപാത്രങ്ങളും വളരെ സീരിയസായ കഥാപാത്രങ്ങൾ ആയിരുന്നു എങ്കിലും കഥാപാത്രത്തിന് കൃത്യമായ സരസതയുണ്ട്, തമാശകൾ ഉണ്ട്. അതുകൊണ്ടാണ് ആ കഥാപാത്രങ്ങൾ ജനപ്രിയമായതെന്ന് വിശ്വസിക്കുന്നു.
ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ ഇനി പല രീതിയിൽ യാത്ര ചെയ്യാൻ ആരംഭിക്കും. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്‌താൽ ബോറടിക്കുമല്ലോ. പ്രേക്ഷകരുടെ ഇഷ്‌ടവും അനിഷ്‌ടവും ഒന്നും നമുക്ക് ജഡ്‌ജ് ചെയ്യാൻ സാധിക്കില്ല. എന്നെ ലക്ഷ്യം വച്ചുള്ള പല കാര്യങ്ങളും മലയാള സിനിമയിൽ ആരൊക്കെയോ ചെയ്യാനാരംഭിച്ചിട്ട് വർഷങ്ങളായി.
നിങ്ങളൊക്കെ കരുതും പോലെ ഇന്നോ ഇന്നലെയോ ആരംഭിച്ച പ്രശ്‌നങ്ങൾ അല്ല ഇതൊക്കെയും. എന്‍റെ ഓരോ ചിത്രത്തിന്‍റെയും റിലീസിന് മുമ്പ് ഓരോരോ പ്രശ്‌നങ്ങളായി കുത്തി പൊങ്ങും. പലതും ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ എന്നെ തളർത്താൻ അവർ പുതിയ വഴികൾ തേടും. ഞാൻ അതിനൊന്നും മുഖം നൽകാറില്ല.