എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍മേല്‍ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാത്തതില്‍ സർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ എന്തുകൊണ്ട് അടിയന്തര നടപടി സ്വീകരിച്ചില്ലെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. സർക്കാർ നിഷ്ക്രിയത്വം പാലിച്ചെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍, നേരിയ നടപടി പോലും സ്വീകരിക്കാതിരുന്നതിനെ നീതീകരിക്കാന്‍ ആവുമോ എന്നും സർക്കാരിന് വേണ്ടി ഹാജരായ എജിയോട് കോടതി ചോദിച്ചു. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റിയെ നിയമിച്ചതെന്നും, നിലവിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ സ്‌റ്റേഷനുകളിൽ 23 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും, എജി അറിയിച്ചെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്ക് എടുത്തില്ല.
2021ൽ ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. സർക്കാർ ചെറുവിരല്‍ പോലും അനക്കിയില്ലല്ലോ എന്നും ഹൈക്കോടതി വിമർശിച്ചു. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ സമ്പൂർണ്ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ സർക്കാരിന് നിർദേശം നൽകിയ കോടതി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു.