കേരളം

kerala

ETV Bharat / entertainment

'കിരീടത്തിലെ സേതുമാധവൻ ഞാനല്ല'; ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് കലയ്‌ക്കൊപ്പമെന്ന് ഗുണ്ടുകാട് സാബു - gundukadu sabu interview - GUNDUKADU SABU INTERVIEW

ജീവിതത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ കലയ്‌ക്കൊപ്പം മുന്നോട്ട് നീങ്ങുന്ന ഗുണ്ടുകാട് സാബു ഓർമകളും വിശേഷങ്ങളും ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു...

GUNDUKADU SABU STORY  GUNDUKADU SABU KIREEDAM MOVIE  KAAPA RELA CHARACTER GUNDUKADU SABU  ഗുണ്ടുകാട് സാബു
Gundukadu Sabu (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 13, 2024, 3:16 PM IST

ഗുണ്ടുകാട് സാബു ഇടിവി ഭാരതിനോട് (Source: ETV Bharat Reporter)

ലോഹിതദാസിന്‍റെ തിരക്കഥ, സംവിധാനം സിബി മലയിൽ, അരങ്ങിൽ പകരംവയ്‌ക്കാനില്ലാത്ത പ്രകടനവുമായി മോഹൻലാൽ... പറയുന്നത് മലയാളികൾ ഒരിക്കലും മറക്കാത്ത 'കിരീടം' എന്ന സിനിമയെ കുറിച്ചാണ്. മലയാളിയുടെ മനസിലേറ്റ മുറിവായി സേതുമാധവൻ എന്ന മോഹൻലാൽ കഥാപാത്രം ഓരോ കാഴ്‌ചയിലും കണ്ണുകളെ ഈറനണിയിച്ചുകൊണ്ടിരിക്കുന്നു.

ഈ കഥാപാത്രത്തിന് യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയുമായി സാമ്യമുണ്ടെന്ന് പറഞ്ഞാൽ അതിശയിക്കാൻ ഒന്നുമില്ല. അധികം പേര്‍ക്കും അറിയാവുന്ന ഒരു പേര് 'ഗുണ്ടുകാട് സാബു'. ഷാജി കൈലാസ് സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം 'കാപ്പ' ഗുണ്ടുകാട് സാബുവിന്‍റെ തന്നെ ജീവിതത്തിൽ നിന്നും തിരക്കഥാകൃത്ത് ഇന്ദു ഗോപൻ ചീന്തിയെടുത്ത ഏടാണ്.

കഴിഞ്ഞ കാലത്തിന്‍റെ കറുത്ത ദിനങ്ങളിൽ നിന്നും സ്വജീവിതം ഗുണ്ടുകാട് സാബു പറിച്ചു നട്ടിട്ട് കാലങ്ങൾ ഏറെയായി. ഇപ്പോൾ അഭിനയവും നിർമാണവുമൊക്കെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം. ജീവിതത്തിന്‍റെ കഴിഞ്ഞകാലത്തെ പറ്റിയും വെട്ടിപ്പിടിച്ച പുതുലോകത്തെക്കുറിച്ചും ഇടിവി ഭാരതിനോട് തുറന്നു സംസാരിക്കുകയാണ് ഗുണ്ടുകാട് സാബു.

സെക്കന്‍ഡ് ഇന്നിങ്സ് കലയ്‌ക്കൊപ്പം: ജീവിതത്തിന്‍റെ രണ്ടാംഘട്ടം കലാവഴിയെയാകണം എന്നായിരുന്നു മോഹം. ഒപ്പം പഠിച്ച പല സുഹൃത്തുക്കളും മലയാളത്തിലെ എണ്ണം പറഞ്ഞ സീരിയൽ സംവിധായകരാണ്. അങ്ങനെ ചില സീരിയലുകളിൽ വേഷമിട്ടു. ആദ്യമായി ക്യാമറയ്‌ക്ക് മുന്നിൽ നിന്ന അനുഭവം മറക്കാനാകില്ല.

മുഖത്ത് ഭാവഭേദങ്ങൾ ലവലേശമില്ല. ഡയലോഗുകൾ തെറ്റിക്കുന്നതിനോ കയ്യും കണക്കുമില്ല. സുഹൃത്തുക്കൾ തന്നെ സംവിധായകർ ആയതുകൊണ്ട് കിട്ടുന്ന ചീത്ത വിളിക്കും കുറവുണ്ടായിരുന്നില്ല. ആ ഇടയ്‌ക്ക് സുഹൃത്തായ സന്ദീപ് സഹസ്രാര പ്രൊഡക്ഷൻസ് എന്ന പേരിൽ കലാമൂല്യമുള്ള സിനിമകൾ നിർമിക്കുന്നതിനായി ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു. ആദ്യ സിനിമ കാന്തി സംവിധാനം ചെയ്‌തത് പ്രശസ്‌ത സംവിധായകൻ അശോക് ആർ നാഥായിരുന്നു.

ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്‌തു. സിനിമ വിവിധ ഫെസ്റ്റിവലുകളിൽ നിന്നായി നിരവധി അവാർഡുകൾ വാരിക്കൂട്ടി. ജീവിതത്തിന്‍റെ ഒരു പ്രധാന വഴിത്തിരിവായിരുന്നു കാന്തി.

സേതുമാധവൻ ഞാനല്ല:കിരീടത്തിലെ സേതുമാധവൻ ഗുണ്ടുകാട് സാബുവിന്‍റെ പ്രതിരൂപം ആണെന്നുള്ള തരത്തിലുള്ള വാർത്തകൾ സിനിമ ഇറങ്ങിയ കാലം മുതൽക്കുതന്നെ കേൾക്കുന്നതാണ്. സിനിമ മേഖലയിലും പ്രേക്ഷകർക്കിടയിലും അങ്ങനെയൊരു സംസാരം ഉണ്ട് താനും. എന്‍റെ കഴിഞ്ഞകാലം അത്യാവശ്യം തിരുവനന്തപുരത്ത് ഉള്ളവർക്ക് അറിയാവുന്ന കാര്യം തന്നെ.

ജീവിതത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി കാണണമെന്ന അച്ഛന്‍റെ ആഗ്രഹവും പൊലീസ് യൂണിഫോമും തട്ടിത്തെറിപ്പിച്ച് ജീവിതം സാബുവിനെ ഗുണ്ടുകാട് സാബുവാക്കിയത് കിരീടം സിനിമയുടെ ആശയവുമായി ചേർന്നുനിൽക്കുന്നതാണ്. ഒരുപക്ഷേ എന്‍റെ ജീവിതകഥ ലോഹി സാറും കേട്ടിട്ടുണ്ടാകാം. ഒരു സാമ്യതയിൽ ഉപരി എന്‍റെ ജീവിതം അപ്പാടെ സിനിമയിലേക്ക് പകർത്തിയതായി കരുതുന്നില്ല.

ചിലപ്പോൾ ചില കഥകൾക്ക് ചിലരുടെ ജീവിതവുമായി സാമ്യത ഉണ്ടാകാമല്ലോ. കിരീടത്തിലെ സേതുമാധവൻ ഞാനല്ല. എന്നാൽ സേതുമാധവനും ഗുണ്ടുകാട് സാബുവും ഒരാളാണ് എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാകുന്ന സമയത്ത് കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിലേക്കും ഇക്കാര്യം എത്തിച്ചേരാൻ ഇടയുണ്ട്. പക്ഷേ അദ്ദേഹത്തെ കാണാനോ ഇതിനെപ്പറ്റി സംസാരിക്കാനോ ഒരിക്കലും ഇട വന്നിട്ടില്ല.

സിനിമകൾ...തുറമുഖം, റാണി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. തുറമുഖത്തിന്‍റെ സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപസ് തിരുവനന്തപുരത്തായിരുന്നു ചിത്രീകരിച്ചത്. ഒരു സിനിമയ്‌ക്ക് ആവശ്യമായ പ്രൊഡക്ഷനും മറ്റുകാര്യങ്ങളും ഒന്നുമില്ലാതെയാണ് രാജീവ് രവി ആ സിനിമ ചിത്രീകരിച്ചത്. ആ സിനിമയിൽ സഹ സംവിധായകനായും ക്യാമറ സഹായിയായും പ്രൊഡക്ഷൻ അസിസ്റ്റന്‍റ് ആയും പ്രവർത്തിച്ചിരുന്നു. അതിലൊരു എസ്ഐയുടെ വേഷം അഭിനയിക്കേണ്ടിയിരുന്ന ആർട്ടിസ്റ്റ് വരാത്ത കാരണത്താൽ ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെടുന്ന എസ്ഐയുടെ റോളും ചെയ്‌തു.

ദേശീയ പുരസ്‌കാര ജേതാവായ മധു നീലകണ്‌ഠൻ ആയിരുന്നു ആ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. തുറമുഖത്തിലെ വേഷം ലഭിക്കുന്നത് അങ്ങനെയാണ്. ഒരു പിരിയഡ് സിനിമയാണ് തുറമുഖം. അക്കാലത്തെ ഒരു ഫ്യൂഡൽ മാടമ്പിയായ മുതലാളിയുടെ വേഷമാണ് ചിത്രത്തിൽ എനിക്ക്. സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയം ആയില്ലെങ്കിലും ഒരു അഭിനേതാവ് എന്നുള്ള നിലയിൽ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകിയ കഥാപാത്രമായിരുന്നു തുറമുഖത്തിലേത്.

കാപ്പ... യൂണിവേഴ്‌സിറ്റി കോളജിൽ പഠിച്ചിരുന്ന സമയത്ത് അശോകൻ എന്നൊരു സീനിയർ എനിക്കുണ്ടായിരുന്നു . അദ്ദേഹത്തിന്‍റെ സുഹൃത്താണ് കഥാകൃത്തായ ഇന്ദു ഗോപൻ. അക്കാലത്ത് എന്‍റെ പേരിലുള്ള കുപ്രസിദ്ധി പല വൈകുന്നേരങ്ങളിലും ഇരുവർക്കിടയിലും ചർച്ചാവിഷയമായിരുന്നു. അങ്ങനെ എന്‍റെ ജീവിതത്തിലെ പല ഏടുകളും കൂട്ടിച്ചേർത്താണ് ശംഖുമുഖി എന്ന നോവൽ ഇന്ദു ഗോപൻ രചിക്കുന്നത്. ആ നോവലാണ് കാപ്പ എന്ന സിനിമയ്‌ക്ക് ആധാരം.

ഞാനെന്ന വ്യക്തി ആ നോവലിനെ സംബന്ധിച്ചിടത്തോളം ഒരു സ്‌കെൽട്ടൺ മാത്രമാണ്. കഥാകൃത്ത് ആവശ്യമായ രീതിയിൽ മജ്ജയും മാംസവും വച്ചു പിടിപ്പിച്ച്, ആസ്വാദനപ്രിയമായ സിനിമയായി ഷാജി കൈലാസ് മാറ്റി. സിനിമയിൽ എന്‍റെ ജീവിതവുമായി വളരെയധികം സാമ്യമുള്ള നിരവധി സീനുകൾ ഉണ്ട്. സിനിമയ്‌ക്കായി വച്ചുപിടിപ്പിച്ച രംഗങ്ങൾ അതിലേറെ.

കഴിഞ്ഞ കാലം ഒരുപാട് നല്ല ബന്ധങ്ങളും മോശം ബന്ധങ്ങളും തന്നിട്ടുണ്ട്. നല്ല ബന്ധമുള്ളവരുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നു. സ്വന്തമല്ലെങ്കിലും ബന്ധുക്കളായവർ ഏറെ. അറിഞ്ഞോ അറിയാതെയോ ചെയ്‌തുകൊടുത്ത സഹായങ്ങളിൽ അവർക്ക് ഇപ്പോഴും കടപ്പാടുണ്ട്.

കാലം മായ്‌ക്കാത്ത മുറിവുകളില്ല. ഒരു നടൻ എന്നുള്ള രീതിയിൽ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഉള്ളിൽ ശത്രുതയുണ്ടെങ്കിലും എല്ലാവരും മിത്രങ്ങളെ പോലെ പെരുമാറുമെന്ന് വിശ്വസിക്കുന്നില്ല. സത്യത്തിൽ കഴിഞ്ഞ കാലത്ത് ഞാൻ ഉണ്ടാക്കി വച്ച ശത്രുക്കൾ ഇപ്പോഴില്ല എന്നുവേണം പറയാൻ.

പറ്റാവുന്ന ശത്രുക്കളെയൊക്കെ മിത്രങ്ങൾ ആക്കിയിട്ടുണ്ട്. എത്ര ശത്രുവായാലും ഒന്ന് മുഖത്തുനോക്കി പുഞ്ചിരിച്ചാൽ പകുതി പ്രശ്‌നം തീർന്നു. സിനിമയിൽ എല്ലാവരും അറിയപ്പെടുന്ന ഒരാളായി ഇതുവരെ വളർന്നിട്ടില്ല. ഒരു കലാകാരനായി മാറുമ്പോൾ എന്നെ ഒരു പുതിയ മനുഷ്യനായി ലോകം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

പലരും കാണുമ്പോൾ ചോദിക്കും ചെയ്‌തും അനുഭവിച്ചതും ഒക്കെ ഒന്ന് കുറച്ചിട്ടുകൂടെയെന്ന്. അതിന് ആഗ്രഹമുണ്ട്. വായിക്കുമ്പോൾ ഞാൻ കഥകൾ ഒരാൾക്ക് പറഞ്ഞു കൊടുക്കുന്നതുപോലെ തോന്നിക്കുന്ന തരത്തിൽ ഉടനൊരു പുസ്‌തകം പ്രസിദ്ധീകരിക്കും. ജീവിത കഥ അപ്പാടെ പകർത്തുമ്പോൾ സൃഷ്‌ടിയുടെ ജോണർ ഏതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല.

സിനിമ സംവിധാനവും മോഹം:ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. ഒരു നായകന്‍റെ മുഖം മനസിൽ വച്ച് എഴുതാനും മാത്രമുള്ള എഴുത്തുകാരനല്ല. ഒരു കഥ രൂപപ്പെടാൻ കാത്തിരിക്കുകയാണ്. ഗുണ്ടുകാട് സാബു എന്ന പേരിന്‍റെ കളങ്കം മാറ്റി പിടിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും പെട്ടെന്ന് ഒരു മാറ്റം സംഭവ്യമല്ല. അത്രയും ഇരുണ്ടതായിരുന്നു കഴിഞ്ഞകാലം.

സിനിമയുടെ വഴിയെ സഞ്ചരിച്ചപ്പോഴും ഗുണ്ടുകാട് സാബു എന്ന പേര് ബാധ്യതയായി വന്നിട്ടുണ്ട്. സിനിമ ജീവിതത്തിൽ എന്തെങ്കിലും നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിൽ സന്തോഷം. ഒരിക്കൽ വീണ് കിട്ടിയ പേരിലെ കറപ്പാടുകൾ മായ്‌ക്കാൻ ശ്രമിക്കുന്നില്ല. പുതിയ വഴിയെ പുതിയ ജീവിതം. കറകൾ താനേ മായുമെന്ന് വിശ്വസിക്കുന്നു.

ദുൽഖർ സൽമാൻ നായകനായ കൊത്ത എന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷനിൽ ഞാൻ ജോലി ചെയ്‌തിരുന്നു. ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്‌തു. ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ കമ്പനിയായ വേഫർ ഫിലിംസിന്‍റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബിപിൻ അടുത്ത സുഹൃത്താണ്. തന്നെ പലരെയും ബിബിൻ പരിചയപ്പെടുത്തുമ്പോൾ ഇത് സാബു, ഗുണ്ടുകാട് സാബു എന്നാലാണ് പരിചയപ്പെടുത്തുക.

എന്തിനാണ് ഗുണ്ടുകാട് സാബു എന്ന് പരിചയപ്പെടുത്തുന്നത് സാബു എന്ന് പറഞ്ഞാൽ പോരെ എന്ന് ഞാൻ ചോദിക്കും. അപ്പോൾ ബിപിൻ തമാശ രൂപേണ പറഞ്ഞൊരു മറുപടിയുണ്ട്. ചേട്ടൻ പത്തു മുപ്പതു വർഷം കൊണ്ട് കഷ്‌ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പേരല്ലേ. ആ പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നത് തെറ്റായി തോന്നുന്നില്ല.

പേടിയില്ലാത്തവനും പിണക്കം ഇല്ലാത്തവനും തുടർന്നുള്ള സൗഹൃദം കാത്തുസൂക്ഷിച്ചാൽ മതി. കിരീടം സിനിമയിൽ കൊച്ചിൻ ഹനീഫയുടെ കഥാപാത്രം സേതുമാധവന്‍റെ പേര് ദുരുപയോഗം ചെയ്യുന്ന ഒരു രംഗമുണ്ട്. അതുപോലെ ജീവിതത്തിൽ എന്‍റെ പേര് ദുരുപയോഗം ചെയ്‌ത ധാരാളം ആളുകളുണ്ട്. പല കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇതുവരെ മണൽ കടത്ത് ചെയ്‌തിട്ടില്ല. പക്ഷേ എന്‍റെ പേര് ഉപയോഗിച്ച് പലരും ആ കൃത്യം ചെയ്‌തതായി അറിയാം.

തിരുവനന്തപുരം ലോ കോളജിലെ പല വിദ്യാർഥികളും എന്‍റെ ബന്ധുക്കളാണെന്നെല്ലാം പറഞ്ഞ് ഷൈൻ ചെയ്യാറുണ്ട്. സുഹൃത്തുക്കളെ ആരെയെങ്കിലും എവിടെയെങ്കിലും ഒക്കെ വച്ച് കാണുമ്പോൾ പറയും ചേട്ടന്‍റെ ഒരു ബന്ധു ഇവിടെ താമസിക്കുന്നുണ്ട്. സത്യത്തിൽ ഞാൻ ആളെ അറിയുക പോലുമില്ല. അതിനൊന്നും ആരോടും പരാതിയില്ല- ഗുണ്ടുകാട് സാബു പറഞ്ഞു നിർത്തി.

ALSO READ:'സാഗർ ഏലിയാസ് ജാക്കി, ഇരുപതാം നൂറ്റാണ്ടിനോട് നീതിപുലർത്തിയില്ല; തിരക്കഥയില്‍ മാറ്റം വരുത്താന്‍ സംവിധായകർക്ക് സ്വാതന്ത്ര്യമുണ്ട്': എസ്‌എന്‍ സ്വാമി

ABOUT THE AUTHOR

...view details