എറണാകുളം:വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിൽ ദളപതി വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന 'ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടെെം' (ഗോട്ട്) ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണത്തിനെത്തിക്കും. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
'ലിയോ'ക്ക് ശേഷം ദളപതി വിജയിയുടെ ഗോട്ട് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വിജയിയുടെ 68-ാമത്തെ ചിത്രമായ 'ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടെെം' എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റ് നിർമ്മിക്കുന്ന 25 -ാമത്തെ സിനിമയാണ്.
"വെങ്കട് പ്രഭു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്‌മയിപ്പിക്കും. അതോടൊപ്പം ഭാവിയിൽ ഇതേ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു". ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്‌ണമൂർത്തി പ്രതികരിച്ചു.