തിരുവനന്തപുരം :അന്തരിച്ച പ്രശസ്‌ത സിനിമ നിർമാതാവ് ഗാന്ധിമതി ബാലന്‍റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 9 മണിയോടെ വഴുതക്കാട്ടുള്ള വസതിയിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ അയ്യങ്കാളി ഹാളിൽ (വിജെടി ഹാൾ) പൊതു ദർശനം നടക്കും.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ (10-4-2024) വൈകിട്ടായിരുന്നു അന്ത്യം. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ച ഗാന്ധിമതി ബാലൻ ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു. കൂടാതെ 2015 നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസറുമായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ പലതും നിർമിച്ചത് ഗാന്ധിമതി ബാലനായിരുന്നു.
കെ ജി ജോർജ് സംവിധാനം ചെയ്‌ത പഞ്ചവടിപ്പാലം എന്ന സിനിമ ഇദ്ദേഹത്തിന്‍റെ നിർമാണത്തിലാണ് എത്തിയത്. ഒരു നിർമാതാവ് എന്ന നിലയിൽ ഈ ചിത്രം ഒരുപാട് ബഹുമതികൾ ഇദ്ദേഹത്തിന് നേടി കൊടുത്തിരുന്നു. ക്ലാസിക് ചലച്ചിത്രകാരൻ പത്മരാജന്‍റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമിച്ചതും ഗാന്ധിമതി ബാലനാണ്.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‌ത 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്ന സിനിമയിലൂടെയാണ് ഗാന്ധിമതി ബാലൻ നിർമാണ രംഗത്ത് എത്തിയത്. പിന്നീട് ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങിയ സിനിമകളുടെ നിർമാണവും വിതരണവും നടത്തി.
ക്ലാസിക് മലയാളം സിനിമകളുടെ നിർമാതാവ് എന്ന നിലയ്ക്ക് അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി ഗാന്ധിമതി ബാലന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിന്‍റെ പാരമ്പര്യം പിൻപറ്റുന്നയാളാണ് ഗാന്ധിമതി ബാലൻ എന്നും മന്ത്രി പറഞ്ഞു.
ഗാന്ധിമതി ബാലൻ മലയാള സിനിമയുടെ മുഖച്‌ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മാതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചിരുന്നു. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമ പ്രവര്‍ത്തകനായിരുന്നു ബാലനെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : ഗാന്ധിമതി ബാലൻ വിടവാങ്ങി; യാത്രയായത് നിരവധി ക്ലാസിക് സിനിമകളുടെ നിർമാതാവ്