സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്‌മിയ്‌ക്ക് പരിക്ക്. പാന്‍ ഇന്ത്യൻ ചിത്രം 'ഗൂഡാചാരി 2'ന്‍റെ സെറ്റില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്.
ആക്ഷനിടയിൽ ഉയർന്ന് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അപകടം സംഭവിച്ചതെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. താടിയെല്ലിന് താഴെ മുറിവേറ്റ ഇമ്രാന്‍ ഹാഷ്‌മിയുടെ മുഖത്തിന്‍റെ ചിത്രം ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നേരത്തെ പവൻ കല്യാൺ നായകനായ 'ഒജി' എന്ന സിനിമയില്‍ ഇമ്രാന്‍ ഹാഷ്‌മി വേഷമിട്ടിരുന്നു. 'ഒജി'യ്‌ക്ക് ശേഷം ഇമ്രാൻ ഹാഷ്‌മി അഭിനയിക്കുന്ന തെലുഗു ചിത്രമാണ് 'ഗൂഡാചാരി 2'.
അദിവി ശേഷ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. ഒരു സ്പൈ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിനയ് കുമാർ സിരിഗിനിദി ആണ് സിനിമയുടെ സംവിധാനം. അദിവി ശേഷും സംവിധായകൻ വിനയ് കുമാറും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പീപ്പിൾ മീഡിയ ഫാക്‌ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എൻ്റർടെയിന്‍മെന്‍റ്‌സ് എന്നീ ബാനറുകളില്‍ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.
സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ 'ഗൂഡാചാരി'യുടെ ആറാം വാർഷികത്തിൽ, സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നുള്ള ആവേശകരമായ നിമിഷങ്ങൾ അദിവി ശേഷ് തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു. 2025 പകുതിയോടെ ബ്രഹ്‌മാണ്ഡ റിലീസായി പ്ലാൻ ചെയ്യുന്ന 'ഗൂഡാചാരി 2', ബഹുഭാഷാ ചിത്രമായാവും പ്രേക്ഷകർക്ക് മുന്നിലെത്തുക.
Also Read: ഭീതി പരത്തി മാര്‍ക്ക് ആന്‍റണി സെറ്റില്‍ അമിത വേഗതയില്‍ ട്രക്ക്; വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്