'സർപാട്ട പരമ്പരൈ' എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് ദുഷാര വിജയൻ. പിന്നീട് പാ രഞ്ജിത്തിന്‍റെ 'നച്ചത്തിരം നഗർഗിരത്' എന്ന സിനിമയിലെ പ്രകടനത്തിലൂടെയും ദുഷാര കയ്യടി നേടി. 'രായൻ', 'വേട്ടൈയ്യൻ' തുടങ്ങിയ സിനിമകളിൽ മുൻനിര താരങ്ങൾക്കൊപ്പം സ്‌ക്രീൻ പങ്കിടാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇപ്പോഴിതാ ദുഷാരയുടെ കരിയറിലെ പുത്തൻ പ്രൊജക്‌ടുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാവുകയാണ് 'ചിയാൻ 62'. ചിയാൻ വിക്രം നായകനാകുന്ന 'ചിയാൻ 62' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുഷാര നിർണായക വേഷത്തിലെത്തും. താരത്തെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്റർ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
എസ് യു അരുൺ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും 'ചിയാൻ 62' സിനിമയിൽ സുപ്രധാന വേഷത്തിലുണ്ട്. എസ് ജെ സൂര്യ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.