ദീപാവലി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദുൽഖർ സൽമാന്‍റെ പാൻ ഇന്ത്യൻ തെലുഗു ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. പ്രദര്‍ശന ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സിനിമയുടെ രണ്ട് ദിവസത്തെ ഗ്രോസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആദ്യ രണ്ട് ദിനം കൊണ്ട് 'ലക്കി ഭാസ്‌കറു'ടെ ആഗോള ഗ്രോസ് കളക്ഷന്‍ 26 കോടിക്ക് മുകളിലാണ്. അതായത് ആകെ 26,20,00,000 രൂപ. കേരളത്തിൽ നിന്ന് മാത്രം നാല് കോടിയിലധികമാണ് സിനിമയുടെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ.
അതേസമയം ആദ്യ ദിനം 12 കോടിയിലധികമാണ് 'ലക്കി ഭാസ്‌കറു'ടെ ആഗോള ഗ്രോസ് കളക്ഷന്‍. രണ്ടാം ദിനത്തില്‍ 14 കോടിയോളം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയ്‌ക്ക് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം 'ലക്കി ഭാസ്‌കറു'ടെ കളക്ഷനിലും വലിയ വർദ്ധനവ് ഉണ്ടാക്കി. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് ആകാനുള്ള കുതിപ്പിലാണിപ്പോൾ 'ലക്കി ഭാസ്‌കർ'.
ആദ്യ ദിനം കേരളത്തിൽ 175 സ്‌ക്രീനുകളിൽ പ്രദര്‍ശിപ്പിച്ച ചിത്രം, രണ്ടാം ദിനത്തില്‍ 200ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രധാനമായും തെലുങ്കില്‍ ഒരുങ്ങിയ ചിത്രം, മലയാളം, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്‌തത്.
ഭാസ്‌കർ എന്ന സാധാരണ ബാങ്ക് ക്ലർക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്. 1992ൽ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് 'ലക്കി ഭാസ്‌കർ'. ഒരു ഫാമിലി ഡ്രാമ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
താന്‍ കണ്ടിട്ടുള്ള യഥാർത്ഥ ജീവിതങ്ങളുമായി വളരെയധികം സാമ്യമുള്ളതാണ് 'ലക്കി ഭാസ്‌കറി'ലെ ഭാസ്‌കര്‍ എന്ന് റിലീസിനോടനുബന്ധിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചിരുന്നു. ഈ ചിന്തയാണ് തന്നെ ലക്കി ഭാസ്‌കര്‍ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ഇന്ത്യയിലെ എല്ലാ കുടുംബത്തിലും ഒരു ഭാസ്‌കർ ഉണ്ടാകുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
"ഭാസ്‌കർ മാത്രമാണ് കുടുംബത്തിലെ ഏക വരുമാന മാര്‍ഗം. അച്ഛൻ, ഭാര്യ, മകൻ, അനിയന്‍, അനുജത്തി എന്നിവരടങ്ങിയ കുടുംബം ഭാസ്‌കറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. മാസം അവസാനം കുടുംബത്തിന്‍റെ ചിലവും, ലോണും കാര്യങ്ങളുമൊക്കെ ഭാസ്‌കറിനെ കുഴപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള യഥാർത്ഥ ജീവിതത്തിലെ വസ്‌തുതകൾ തിരക്കഥയിൽ കൃത്യമായി പ്രതിപാദിച്ചത് കൊണ്ടാണ് 'ലക്കി ഭാസ്‌കർ' എന്ന ചിത്രം ചെയ്യാൻ തീരുമാനിക്കുന്നത്.
ബാങ്ക് റോബറി, തട്ടിപ്പ് തുടങ്ങിയവയൊക്കെ ആശയത്തിന്‍റെ ഭാഗമാണെങ്കിലും സിനിമയിലെ കുടുംബമാണ് എന്നെ ഏറെ ആകർഷിച്ചത്. തന്‍റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ പുറപ്പെടുന്ന നായക കഥാപാത്രങ്ങൾ എക്കാലവും ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുള്ള ഫോർമുലയാണ്. സിനിമയുടെ അവസാനം ശുഭം എന്ന് എഴുതിക്കാണിക്കുന്ന തരത്തിലുള്ള കഥകളിലാണ് ഇത്രയും കാലവും അഭിനയിച്ചു പോന്നത്. അതൊന്ന് മാറ്റി പിടിക്കണം എന്നും ചിന്തിച്ചു."-ഇപ്രകാരാണ് സിനിമയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചത്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിച്ചത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ശ്രീകര സ്‌റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
Also Read: "അവർക്ക് മാത്രമാണ് അതിന് അര്‍ഹത"; തുടര്‍ച്ചയായി പിരീഡ് സിനിമകള്‍, ഗ്രേ ഷെയ്‌ഡ് കഥാപാത്രങ്ങള്‍...; മനസ്സ് തുറന്ന് ദുല്‍ഖര്‍