ദുല്‍ഖര്‍ സല്‍മാന്‍റെ തെലുഗു ചിത്രം ലക്കി ഭാസ്‌കര്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. റിലീസുമായി ബന്ധപ്പെട്ടുള്ള സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. ലക്കി ഭാസ്‌കറിന്‍റെ പ്രൊമോഷണല്‍ വേളയില്‍ തന്‍റെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ താനാണെന്നാണ് ദുൽഖര്‍ പറയുന്നത്. ജീവിതത്തിലെ ഒരു ഭാഗ്യം വീണ്ടും ആവർത്തിക്കപ്പെടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. തനിക്ക് ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും ഒരു ഭാഗ്യം വീണ്ടും ആവർത്തിക്കപ്പെടണമെന്ന് ആഗ്രഹിച്ചാൽ തനിക്ക് ധാരാളം കുട്ടികൾ ജനിക്കണമെന്നാണ് ദുൽഖറിന്‍റെ പ്രതികരണം.
Dulquer Salmaan (ETV Bharat) ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സിനിമകള്‍ വിജയപരാജയങ്ങള്‍ ആകുന്നതിനെ കുറിച്ചും ദുല്‍ഖര്‍ വിശദീകരിച്ചു. സമയം എടുത്താലും താന്‍ ആഗ്രഹിക്കുന്നതൊക്കെ നടക്കാറുണ്ടെന്ന അന്ധവിശ്വാസം തനിക്കുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.
"എത്രയൊക്കെ കഠിനാധ്വാനം ചെയ്‌ത് സിനിമകൾ ചെയ്‌താലും ലക്കിന്‍റെ അടിസ്ഥാനത്തിൽ അത്തരം ചിത്രങ്ങൾ പരാജയവും ആയിട്ടുണ്ട്. ഒരു സിനിമ എന്നത് ഞാൻ എന്ന വ്യക്‌തിയെ മാത്രം അടിസ്ഥാനപ്പെടുത്തി നിൽക്കുന്നതല്ല.
നൂറോ ഇരുനൂറോ പേർ ആ സിനിമയുടെ ഭാഗമാണ്. അവരുടെ ഭാഗ്യ, നിർഭാഗ്യങ്ങളും ആ സിനിമയെ ബാധിക്കുമല്ലോ. അത്തരത്തിൽ ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തിൽ ചില സിനിമകൾ വർക്കായില്ലെന്ന് വേണമെങ്കിൽ പറയാം. ഒരു ലോട്ടറി എടുത്ത് ബംബർ അടിക്കുന്നത് പോലെ ഭാഗ്യങ്ങൾ തന്നെ തേടി വരുമെന്ന് ഒരിക്കലും അന്ധമായി വിശ്വസിക്കുന്നില്ല.
ജീവിതത്തിൽ എപ്പോഴും ഭാഗ്യങ്ങൾ എന്നെ പിന്തുടരുന്നു. 'ലക്കി ഭാസ്‌കര്‍' ചിത്രീകരണ സമയത്ത് ധാരാളം പ്രതിസന്ധികൾ നേരിട്ടു. ആരോഗ്യ പ്രശ്‌ങ്ങൾ കാരണം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ എന്‍റെ അഭാവത്തിൽ സിനിമയുടെ ചിത്രീകരണ സമയത്തിലൊക്കെ മാറ്റം വരുത്തേണ്ടി വന്നു.
അങ്ങനെയൊക്കെ സംഭവിച്ചിട്ടും മനസ്സിൽ വിചാരിച്ച സമയത്ത് തന്നെ സിനിമ ചെയ്‌ത് തീർക്കാനും കൃത്യസമയത്ത് തന്നെ തിയേറ്ററുകളിൽ എത്തിക്കാനും സാധിച്ചു. അത്തരത്തിൽ ചില ഭാഗ്യങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.
ഒരു സിനിമ ആരംഭിക്കുന്നതിന് മുമ്പ് ആ സിനിമയുടെ ചിത്രീകരണം സുഖമായി മുന്നോട്ടു പോകുന്നതിന് പലരും ചില അന്ധവിശ്വാസത്തിൽ അധിഷ്‌ഠിതമായ കാര്യങ്ങളൊക്കെ ചെയ്യുന്നതായി അറിയാം. താൻ അത്തരം കാര്യങ്ങൾ ചെയ്യാറില്ലെന്നും ദുൽഖർ വെളിപ്പെടുത്തി.
കഠിനാധ്വാനം ആണോ ഭാഗ്യമാണോ ദുൽഖർ എന്ന നടനെ ജനപ്രിയനാക്കിയത് എന്നു ചോദ്യത്തിന് കഠിനാധ്വാനം ആണെന്ന് നിസംശയം പറയാം എന്നായിരുന്നു ദുൽഖറുടെ മറുപടി. അതിലുപരി തന്‍റെ ഭാര്യ കരിയറിന്‍റെയും ജീവിതത്തിന്‍റെയും ഭാഗ്യമാണെന്നും താരം പറഞ്ഞു.
"ജീവിതത്തിൽ ഭാഗ്യം കൊണ്ട് ലഭിച്ച കഥാപാത്രങ്ങളെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞു. ഭാഗ്യം കൊണ്ട് ജീവിതത്തില്‍ ധാരാളം കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നെന്നും അതിലെന്നാണ് 'കാർവാൻ' എന്ന ചിത്രത്തിലെ കഥാപാത്രമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ചാർളി' എന്ന സിനിമയിലെ തന്‍റെ പ്രകടനം കൊണ്ടാണ് ആ 'കാർവാനി'ലേക്ക് അവസരം ലഭിക്കുന്നത്. പക്ഷേ രണ്ട് കഥാപാത്രങ്ങളും തമ്മിൽ ഒരു സാമ്യതയുമില്ല.
ഒരു സിനിമ ചെയ്യാൻ സാധിച്ചു, അല്ലെങ്കിൽ ഒരു സിനിമ നഷ്‌ടപ്പെട്ടു എന്നതിനെ നിർഭാഗ്യമായി കണക്‌ട് ചെയ്‌ത് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരം സിനിമകൾ നഷ്‌ടപ്പെടുന്നത് വേറെ മികച്ച കഥാപാത്രങ്ങളും സിനിമയും തന്നെ തേടി വരുന്നതിനായിരിക്കുമെന്ന് വിശ്വസിക്കാനാണ് ഇഷ്‌ടം." -ദുൽഖർ പറഞ്ഞു.
ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് മൃണാൾ ഠാക്കൂറിന് സീതാരാമത്തില്‍ അവസരം ലഭിച്ചതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. മൃണാൾ അഭിനയിച്ച 'ലൗ സോണിയ' കാരണമാണ് സംവിധായകന്‍ നാഗ അശ്വിന്‍ മൃണാളിനെ സീതാരാമത്തിലേയ്‌ക്ക് കാസ്‌റ്റ് ചെയ്‌തതെന്നും ദുല്‍ഖര്‍ പറഞ്ഞു.
"മൃണാൾ ഠാക്കൂർ എന്ന അഭിനേത്രിക്ക് തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ 'സീതാരാമ'ത്തിലേക്ക് അവസരം ലഭിക്കുന്നത് ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൃണാൾ അഭിനയിച്ച 'ലൗ സോണിയ' എന്ന ചിത്രം റിലീസ് ചെയ്യുന്നത് 2018ലാണ്. വിദേശ രാജ്യങ്ങളിലെ നിരവധി ഫിലിം ഫെസ്‌റ്റിവലുകളിൽ ആ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ആ സിനിമ പ്രദർശിപ്പിക്കുന്ന മെൽബൺ ഫെസ്‌റ്റിവലിൽ തനിക്ക് അവസരം ഉണ്ടായിട്ടും കാലൊടിഞ്ഞ് ബെഡ് റെസ്‌റ്റ് ആയത് കാരണം പോകാൻ സാധിച്ചിരുന്നില്ല.
പക്ഷേ സംവിധായകനായ നാഗ് അശ്വിൻ മെൽബൺ ഫിലിം ഫെസ്‌റ്റിവലിൽ പങ്കെടുത്തിരുന്നു. 'ലൗ സോണിയ' പ്രദർശിപ്പിച്ചപ്പോൾ ആ ചിത്രം കാണുകയും ചെയ്‌തു. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് 'സീതാരാമം' എന്ന ചിത്രത്തിന്‍റെ കാസ്‌റ്റിംഗ് പരിപാടികൾ പുരോഗമിക്കുന്നു. ഇന്ത്യയിലെ പല പ്രമുഖ അഭിനേത്രികളെയും ചിത്രത്തിലേക്ക് ആലോചിച്ചെങ്കിലും അവസാന നിമിഷം ഓരോരോ കാരണങ്ങളാൽ മാറി പോയിരുന്നു.
പെട്ടെന്നാണ് സംവിധായകന്‍ നാഗ അശ്വിന് 'ലൗ സോണിയ' എന്ന ചിത്രത്തെ കുറിച്ച് ഓർമ്മ വരികയും, മൃണാളിനെ 'സീതാരാമ'ത്തിലെ പ്രധാന കഥാപാത്രമാകാൻ ക്ഷണിക്കുകയും ചെയ്യുന്നത്. അതൊരു പക്ഷേ മൃണാളിന്‍റെ കരിയർ തന്നെ മാറ്റിമറിച്ചു. അതൊരു വലിയ ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തിൽ സംഭവിച്ചതാണ്." -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
Also Read: "അവർക്ക് മാത്രമാണ് അതിന് അര്‍ഹത"; തുടര്‍ച്ചയായി പിരീഡ് സിനിമകള്‍, ഗ്രേ ഷെയ്‌ഡ് കഥാപാത്രങ്ങള്‍...; മനസ്സ് തുറന്ന് ദുല്‍ഖര്‍