ദുൽഖർ സൽമാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ജി.വി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ ഒരുങ്ങിയ "മിണ്ടാതെ" എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
കാഴ്‌ച്ചക്കാരുടെ മനസ്സുകൾ കീഴടക്കുന്ന ഒരു മെലഡിയായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ കഥാപാത്രവും നായിക വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുടെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളാണ് ഗാന രംഗത്തില്‍.
യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് സുഗുണന്‍റേതാണ് ഗാനരചന. നേരത്തെ ഈ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ലിറിക്കല്‍ വീഡിയോ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ലക്കി ഭാസ്‌കർ. ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുൽഖർ അവതരിപ്പിക്കുന്നത്. ഒക്ടോബർ 31ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വെങ്കി അറ്റ്ലൂരിയാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റർറ്റെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്‌ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്‍റെ നേതൃത്വത്തിൽ ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
പ്രധാനമായും തെലുങ്കില്‍ ഒരുങ്ങിയ ചിത്രം തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ഈ പാൻ ഇന്ത്യൻ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യം വെക്കുന്നു.
ഛായാഗ്രഹണം - നിമിഷ് രവി, എഡിറ്റിംഗ് - നവീൻ നൂലി, സംഗീത സംവിധാനം - ജി.വി പ്രകാശ് കുമാർ, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: "ചില സിനിമകള്‍ മാറിപ്പോയി, ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി"; നീണ്ട ഇടവേളയുടെ കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍