എറണാകുളം: ഫേസ്ബുക്കിലൂടെ 'വഴക്ക്' സിനിമ പുറത്തുവിട്ട് സനൽകുമാർ ശശിധരൻ. ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ സനൽകുമാർ ശശിധരൻ ഒരുക്കിയ ചിത്രമായിരുന്നു 'വഴക്ക്'. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ചിത്രീകരിച്ച സിനിമ ഇതിനോടൊപ്പം തന്നെ നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്‌തു.
വഴക്കിൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പാണ്. നായകൻ ടോവിനോ തോമസിന്‍റെ കരിയറിന് 'വഴക്ക്' എന്ന ചിത്രം മോശമായി ബാധിക്കും എന്ന ഭയത്താൽ ആണ് ചിത്രം റിലീസ് ചെയ്യാൻ ടോവിനോ തയ്യാറാകാത്തത് എന്ന് ആരോപിച്ച് സനൽകുമാർ ശശിധരൻ രംഗത്തെത്തി. ഫെസ്റ്റിവലുകളിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും, കരിയറിന്‍റെ മികച്ച സമയത്ത് നിൽക്കുമ്പോൾ 'വഴക്ക്' പോലൊരു ഓഫ് ബീറ്റ് ചിത്രത്തിന്‍റെ ഭാഗമായാൽ ഇമേജിന് കളങ്കം സംഭവിക്കുമോ എന്നൊക്കെയാണ് ടോവിനോയുടെ ഭയം.
അതുകൊണ്ടാണ് നിർമ്മാതാവ് കൂടി ആയിരുന്നിട്ടു പോലും ചിത്രത്തിനുവേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങാത്തതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ സനൽ കുമാർ ശശിധരന്‍റെ പ്രസ്‌താവന അപ്പാടെ നിരാകരിച്ചുകൊണ്ട് ടോവിനോ തോമസ് രംഗത്ത് എത്തിയിരുന്നു. സംവിധായകന്‍റെ പേരിനൊപ്പം ഉള്ള നെഗറ്റീവ് ഇമേജ് കാരണമാണ് ചിത്രം ഒടിടി കളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കാൻ തയ്യാറാകാത്തത് എന്നായിരുന്നു ടോവിനോയുടെ വാദം.