മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മോനോന് സംവിധാനം ചെയ്ത 'ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സംവിധായകന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ ഡൊമിനിക്കിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്റെ കരിയറിയിലെ ശ്രദ്ധേയമായ സിനിമകളെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്.
ഗൗതം വാസുദേവ് മേനോനും നീല ഷർട്ട് ഇടുന്ന നായകന്മാരും, 'വിണ്ണൈ താണ്ടി വരുവായ'ക്ക് ശേഷം ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത അധികമാർക്കും അറിയാത്ത ചിത്രം, 'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിലെ 'മഞ്ചൾ വെയിൽ' എന്ന ഗാനം ജനിച്ച കഥ, മമ്മൂട്ടിയും സുഷ്മിത ഭട്ടും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റ്. ജ്യോതിക ഇങ്ങോട്ടു ചോദിച്ചു വാങ്ങിയ വില്ലൻ വേഷം.. അങ്ങനെ ഗൗതം വാസുദേവ് മേനോന് പറയാൻ ഏറെയുണ്ട്.
ഗൗതം വാസുദേവ് മേനോന്റെ മിക്ക സിനിമകളിലെയും നായക കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് നീല ഷർട്ട്. നീല ഷർട്ട് ഇടുന്ന നായകന്മാര് ഗൗതം വാസുദേവ് മേനോന്റെ സിഗ്നേച്ചറാണ്. ഡൊമിനിക്കിലും നീല ഷർട്ട് എന്ന രീതി അദ്ദേഹം പിന്തുടർന്നിട്ടുണ്ട്. നീല ഷർട്ട് ധരിച്ച് ഡൊമിനിക്. ഗൗതം വാസുദേവ് മേനോൻ കഥാപാത്രങ്ങളും നീല ഷർട്ടും.. ഡൊമനിക് എന്ന ചിത്രത്തെ മുൻനിർത്തി അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചു.
"നീല എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറമാണ്. ഇഷ്ടപ്പെട്ട നിറം എന്നത് കൊണ്ട് മാത്രമല്ല നീല നിറത്തിന് ഒരു പ്രത്യേക എനർജി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതാൻ ഇരിക്കുമ്പോൾ, ഒരു പ്രൊഡക്ഷൻ മീറ്റിംഗിന് പോകുമ്പോൾ, ഒരു സിനിമ ചിത്രീകരിച്ച് കൊണ്ടിരിക്കുമ്പോൾ പരമാവധി ഞാൻ നീല ഷർട്ടാണ് ധരിക്കാറുള്ളത്. നീല നിറത്തിലുള്ള ഷർട്ട് എന്നിലേക്ക് ഒരു പ്രത്യേക എനർജി പകർന്ന് നൽകുന്നതായി കരുതുന്നു," ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
ചെറുപ്പം മുതൽ താന്‍ നീല ഷർട്ട് ധരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "ഒരുപക്ഷേ അതെന്റെ മുഖത്തിന്റെ നിറത്തിന് അനുയോജ്യം ആയതുകൊണ്ടാകാം. പല ഷെയ്ഡുകളിലുള്ള നീല ഷർട്ടുകൾ എന്റെ പക്കലുണ്ട്. ഒരു ഫിലിം മേക്കർ ആയപ്പോൾ എന്റെ കാഴ്ച്ചപ്പാടുകൾ എന്റെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് എന്റെ നായകന്മാർ നീല ഷർട്ട് പതിവായി ധരിച്ചു തുടങ്ങിയത്. ഒരാൾ നീല ഷർട്ട് ധരിക്കുമ്പോൾ ആ വ്യക്തി കൂടുതൽ കോൺഫിഡൻസുള്ള ആളായും ശക്തനായും കാഴ്ച്ചക്കാർക്ക് തോന്നും," സംവിധായകന് കൂട്ടിച്ചേര്‍ത്തു.
ഒറ്റനോട്ടത്തിൽ നായകന്റെ സ്ട്രെന്ത് എത്രത്തോളം ഉണ്ടെന്ന് പ്രേക്ഷകർക്ക് കൃത്യമായി ബോധ്യപ്പെടുത്താൻ നീല നിറത്തിലുള്ള ഷർട്ടുകൾ തന്റെ സിനിമയിലെ നായകന്മാർ ധരിക്കുന്നത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "ഒരുപാട് ആക്ഷൻ രംഗങ്ങളോ നായക കഥാപാത്രത്തിന്റെ ശക്തി ബോധ്യപ്പെടുത്താൻ ഉതകുന്ന മറ്റ് രംഗങ്ങളോ എഴുതി സിനിമയിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ നല്ലത് നീല ഷർട്ടിൽ രൗദ്ര ഭാവമുള്ള നായകനെ ഒരു സിമ്പിൾ ഷോട്ടിൽ പരിചയപ്പെടുത്തുന്നതാണ്," അദ്ദേഹം പറഞ്ഞു.
'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിൽ കമൽഹാസന്റെ ഇൻട്രോ സീനിലും, 'യെന്നൈ അറിന്താൽ' എന്ന ചിത്രത്തിൽ അജിത്തിന്റെ കോഫി ഷോപ്പ് സീനിലും നീല ഷർട്ട് എന്ന ഫോർമുല വലിയ രീതിയിൽ വിജയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഈ രണ്ട് ചിത്രങ്ങളിലും ഈ പറയുന്ന സീനുകളിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നേരിടാൻ പോകുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ നായകന് ആകുമെന്ന് വിശ്വസിപ്പിക്കാൻ നീല ഷർട്ട് ധരിച്ച നായകന്റെ ലുക്ക് മാത്രം മതിയാകും," ഗൗതം വാസുദേവ് മേനോന് പറഞ്ഞു.
ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സില്‍ സംവിധായകന് മമ്മൂട്ടിയെ പരിചയപ്പെടുത്തുന്ന സീനിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "ഒരു ബാത്ത് ടവൽ ധരിപ്പിച്ച് കൊണ്ടാണ് മമ്മൂട്ടിയെ ഡൊമിനിക്കില്‍ പരിചയപ്പെടുത്തുന്നത്. തൊട്ടടുത്ത സീനിൽ നീല ഷർട്ട് ധരിച്ച് മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുമ്പോൾ എന്റെ ചിന്താഗതിയിൽ ആ കഥാപാത്രത്തെയും അയാളുടെ സ്ട്രെന്തിനെയും വളരെ ഈസിയായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. സിനിമയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് കൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ നിർദ്ദേശിച്ച പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു മമ്മൂക്ക ധരിക്കുന്ന നീല ഷർട്ട്. അദ്ദേഹത്തെ പോലൊരു നടൻ എന്റെ സിനിമ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഒരു ഫിലിം എന്ന രീതിയിൽ എനിക്ക് ആഘോഷിക്കാനാണ് ആദ്യ സീനിൽ തന്നെ അദ്ദേഹത്തെ കൊണ്ട് നീല ഷർട്ട് ധരിപ്പിച്ചത്," സംവിധായകന് വിശദീകരിച്ചു.
എക്കാലത്തെയും മികച്ച കൾട്ട് ചിത്രങ്ങൾ സമ്മാനിച്ച ഗൗതം വാസുദേവ് മേനോൻ എന്ന സംവിധായകനെ കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഈ ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ട്.
"പ്രേക്ഷകർക്ക് ഗൗതം വാസുദേവ മേനോൻ സിനിമകളെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം. പ്രേക്ഷകരുടെ അതേ മനോഭാവത്തിലൂടെയാണ് ഞാനും കടന്നു പോകുന്നത്. ഒരു സംവിധായകൻ എന്നതിലുപരി ഞാനും ഒരു പ്രേക്ഷകനാണ്. ഒരുപാട് സിനിമകൾ കാണും. എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സംവിധായകരുണ്ട്. ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച ശേഷം ഒരു പ്രത്യേക കാലഘട്ടത്തിൽ അത്തരം സംവിധായകർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ എനിക്കും സങ്കടം വരും. എനിക്കുള്ള ഇതേ സങ്കടം തന്നെയാണ് എന്നെ ഇഷ്ടപ്പെടുന്ന, എന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഇപ്പോള്‍ ഉള്ളതെന്ന് അറിയാം. എനിക്കിഷ്ടപ്പെട്ട ചില സംവിധായകരെ ഞാൻ മിസ്സ് ചെയ്യുന്നത് പോലെ എന്നെയും ചില പ്രേക്ഷകർക്ക് മിസ്സ് ചെയ്യുന്നുണ്ടാകാം," അദ്ദേഹം പറഞ്ഞു.
താൻ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. "ന്യായീകരിക്കുന്നതല്ല എങ്കിലും ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. നമുക്ക് ഒരിക്കലും എപ്പോഴും എല്ലാ കാര്യങ്ങളും ഈസിയായി നടക്കുകയില്ല. ചില വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കാലിടറും. നമുക്ക് ഇഷ്ടപ്പെടാത്ത ചില വ്യക്തികളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതായി വരും. ഇതാണ് സത്യത്തിൽ ഇപ്പോൾ എന്റെ കാര്യത്തിൽ സംഭവിക്കുന്നത്. ഞാൻ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയി. സംവിധായകൻ എന്ന രീതിയിൽ കരിയറിലെ ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഡൊമിനിക് എന്ന സിനിമ മമ്മൂട്ടിയെ വച്ച് സംവിധാനം ചെയ്യാൻ അവസരം കടന്നുവരുന്നതും," സംവിധായകന് പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ഡൊമിനിക് എന്ന സിനിമ സംവിധാനം ചെയ്യാനുണ്ടായ സാഹചര്യവും അദ്ദേഹം വെളിപ്പെടുത്തി. "മമ്മൂട്ടിയുമായി സിനിമയെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോൾ ഞാനെന്റെ അവസ്ഥകൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്റെ സാഹചര്യം ഇതാണ്. ഒരു കലാകാരൻ എന്ന രീതിയിൽ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. പക്ഷേ മമ്മൂട്ടി നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. എല്ലാ സാഹചര്യങ്ങളും തൽക്കാലത്തേക്ക് മറന്നു കളയുക. നിങ്ങൾ ഈ ചിത്രം ചെയ്യൂ. എല്ലാം ശരിയായി വരും എന്ന് ആത്മവിശ്വാസം പകർന്നത് മമ്മൂട്ടിയാണ്. ഇനി അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നമുക്കത് മാനേജ് ചെയ്യാം എന്നും മമ്മൂട്ടി പറഞ്ഞിരുന്നു," ഗൗതം വാസുദേവ് മേനോന് പറഞ്ഞു.
സിനിമ ചെയ്യാന്‍ മമ്മൂട്ടി പകര്‍ന്ന ആത്മവിശ്വാസത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "ഡൊമിനിക് എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ രണ്ട് മൂന്ന് വർഷം ഇടവേള എടുത്ത് നിൽക്കുന്ന ഒരു സംവിധായകന്റെ മാനസികാവസ്ഥയിലേക്ക് കടന്നു പോകാൻ മമ്മൂട്ടി എന്ന നടൻ എന്നെ അനുവദിച്ചില്ല. ഞാൻ സജീവമായി ഇപ്പോഴും സംവിധാന രംഗത്തുണ്ടെന്ന് അദ്ദേഹം എന്നെ വിശ്വസിപ്പിച്ചു. എന്റെ 20 വർഷത്തെ കരിയറിൽ താങ്ക്സ് ഗിവിംഗ് ആയി സംഭവിച്ച ചിത്രമാണ് ഡൊമിനിക്," വളരെ വൈകാരികമായി ഗൗതം വാസുദേവ് മേനോന് പറഞ്ഞു.
സിനിമയില്‍ നായികാതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ച സുഷ്മിത ഭട്ടിന്റെ അഭിനയ മികവിനെ കുറിച്ചും അദ്ദേഹം വാചാലനായി. "മമ്മൂട്ടി എന്ന നടന്റെ കഴിവുകളെ കുറിച്ച് വളരെയധികം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. മമ്മൂട്ടി എന്താണെന്നും ഏതാണെന്നും എല്ലാവർക്കും അറിയാം. എങ്കിലും മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം കിടപിടിച്ചു നിന്ന മറ്റൊരാളുടെ പ്രകടനത്തെ പറ്റി എടുത്തു പറയേണ്ടതുണ്ട്. ഈ ചിത്രത്തിൽ നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ കൈകാര്യം ചെയ്ത സുഷ്മിത ഭട്ട്," അദ്ദേഹം പറഞ്ഞു.
ക്ലൈമാക്സില്‍ മമ്മൂട്ടിയും സുഷ്മിതയും തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "തിരക്കഥ വായിക്കുമ്പോൾ തന്നെ ക്ലൈമാക്സിൽ സുഷ്മിതയുടെ കഥാപാത്രവും മമ്മൂട്ടിയുടെ കഥാപാത്രവും തമ്മിൽ സംഘട്ടനം സംഭവിക്കുന്നുണ്ട് എന്ന കാര്യം വ്യക്തമായിരുന്നു. ക്ലൈമാക്സിലെ ട്വിസ്റ്റ് ഒരു കാരണവശാലും സിനിമയുടെ ഒരു സാഹചര്യത്തിലും പ്രേക്ഷകർക്ക് റിവീൽ ആകരുത്. അതൊരു വാശി ആയിരുന്നു. ഒരു സ്ത്രീയുടെ എല്ലാ രൂപ ഭാവങ്ങളും ഒത്തിണങ്ങിയ ഒരാൾ വേണം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ. ഈ കഥാപാത്രത്തിന് വേണ്ടി ഒരുപാട് വ്യക്തികളെ ഞങ്ങൾ ആലോചിച്ചു. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിലൂടെ സുഷ്മിതയെ കാണാൻ ഇടവരുന്നത്," സംവിധായകന് പറഞ്ഞു.
സുഷ്മിത ഈ സിനിമയിലേയ്ക്ക് എത്തുന്നതിനെ കുറിച്ചും സംവിധായകന് വിശദീകരിച്ചു. "ഡൊമനിക്കിലെ കോസ്റ്റ്യൂം ഡിസൈനറാണ് സുഷ്മിതയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ എനിക്ക് കാണിച്ചു തരുന്നത്. ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ചെന്നൈയിൽ വച്ച് നേരിൽ കണ്ടു. ഒരു ഓഡിഷനും നടത്തി. അപ്പോൾ തന്നെ ബോധ്യപ്പെട്ടു, ഈ കഥാപാത്രത്തിന് ഈ കുട്ടി ഓക്കേ ആണെന്ന്. ഈ സിനിമയിലെ ഉദ്യോഗജനകമായ ചില രംഗങ്ങൾ മമ്മൂട്ടിയോടൊപ്പം ചേർന്ന് അഭിനയിക്കണം എന്നറിഞ്ഞപ്പോൾ സുഷ്മിതയ്ക്ക് വല്ലാത്ത ഭയവും നെർവസ്നസും ഉണ്ടായിരുന്നു. ശബ്ദം തത്സമയം റെക്കോർഡ് ചെയ്യുന്നത് കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് ആ കുട്ടി മലയാളം ഡയലോഗുകള്‍ കാണാതെ പഠിച്ച് അവതരിപ്പിച്ചത്," അദ്ദേഹം പറഞ്ഞു.
ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ വളരെയധികം കഷ്ടപ്പെട്ടാണ് സുഷ്മിത ചെയ്തതെന്നും പരമാവധി തന്റെ കഴിവ് പുറത്തെടുക്കാൻ അവര്‍ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന് പറഞ്ഞു. "ഷൂട്ടിംഗ് സമയത്ത് ഞങ്ങൾ ചർച്ച ചെയ്ത് ആ രംഗത്തിൽ ഒരുപാട് കാര്യങ്ങൾ ചേർത്തിരുന്നു. വലിയ ശാരീരിക അധ്വാനത്തിലൂടെയാണ് മമ്മൂട്ടിയുമായുള്ള ക്ലൈമാക്സ് ഫയിറ്റ് സുഷ്മിതയ്ക്ക് ചെയ്യേണ്ടി വന്നത്. ഒരു സ്ത്രീയുടെ കൂടെയാണ് ഫൈറ്റ് ചെയ്യുന്നതെന്ന് കൃത്യമായ ധാരണയോടു കൂടിയാണ് മമ്മൂട്ടിയും ആ രംഗങ്ങളെ സമീപിച്ചത്. രണ്ടി പേരും ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെയാണ് ആ സംഘടന രംഗങ്ങൾ അഭിനയിച്ചത്," ഗൗതം മേനോന് പറഞ്ഞു.