സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ 'രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ സത്യം ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്നു.
കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി 'കറി & സയനൈഡ്' എന്ന ഡോക്യുമെൻ്ററി സംവിധാനം ചെയ്‌ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ 'ഉള്ളൊഴുക്കി'ൻ്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇട്ട പോസ്‌റ്റായിരുന്നു അത്. പാര്‍വതിയും ഉര്‍വശിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു.
റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മാക്‌ഗ്‌ഫിന്‍ പിക്ചേഴ്‌സിൻ്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിൻ്റെ സഹനിര്‍മ്മാണം റെവറി എൻ്റർടെയ്ന്‍മെൻസിൻ്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.