ധനുഷ് പ്രധാന വേഷത്തിലെത്തുന്ന, ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന 'രായൻ' സിനിമയുടെ ട്രെയിലർ വരുന്നു. സിനിമയുടെ ട്രെയിലർ ലോഞ്ചിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജൂലൈ 16 ചൊവ്വാഴ്‌ച ട്രെയിലർ പ്രേക്ഷകരിലേക്കെത്തും. ഞായറാഴ്‌ചയാണ് നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ റിലീസ് പ്രഖ്യാപനം നടത്തിയത്.
ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടു. ധനുഷാണ് പോസ്റ്ററിൽ. കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, എസ് ജെ സൂര്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ധനുഷ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്നതും 'രായൻ' സിനിമയുടെ പ്രത്യേകതയാണ്. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പാ പാണ്ടി എന്ന ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'രായൻ'. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന് സിബിഎഫ്‌സിയുടെ സെൻസർഷിപ്പ് അവലോകനം പങ്കിട്ടുകൊണ്ട് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ഏതായാലും 'രായൻ' റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
എ ആർ റഹ്‌മാനാണ് ഈ സിനിമയുടെ സംഗീതസംവിധാനം. അടുത്തിടെയാണ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ എ ആർ റഹ്മാനും ധനുഷിനുമൊപ്പം മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. എ ആർ റഹ്മാനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
പ്രകാശ് രാജ്, വരലക്ഷ്‌മി ശരത്കുമാർ, അപർണ ബാലമുരളി, ദുഷാര വിജയൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ധനുഷ് അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തിന്‍റെ സഹോദരിയുടെ വേഷമാണ് ദുഷാരയ്‌ക്ക്. സഹോദരൻമാരായാണ് സന്ദീപും കാളിദാസും അഭിനയിക്കുന്നത്.
ഫെബ്രുവരി 19നാണ് ധനുഷ് തന്‍റെ 50-ാമത്തെ ചിത്രം കൂടിയായ 'രായന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററിൽ ധനുഷിനൊപ്പം സന്ദീപ് കിഷനും കാളിദാസ് ജയറാമും അണിനിരന്നിരുന്നു. ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രമാകും 'രായനെ'ന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നതായിരുന്നു പോസ്റ്റർ.
അതേസമയം 2024 ജനുവരിയിൽ പുറത്തിറങ്ങിയ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലാണ് ധനുഷ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ശേഖർ കമ്മുല സംവിധാനം ചെയ്‌ത് നാഗാർജുന, രശ്‌മിക മന്ദാന, ജിം സർഭ് എന്നിവരും അഭിനയിക്കുന്ന ബഹുഭാഷ ചിത്രമായ 'കുബേര'യാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
വരാനിരിക്കുന്ന ഇളയരാജയുടെ ബയോപിക്കിലും ധനുഷാണ് നായകൻ. അരുൺ മാതേശ്വരനാണ് ഈ ചിത്രം ഒരുക്കുന്നത്. പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭമായ 'നിലാവുക്ക് എൻമേൽ എന്നടി കൊബ'ത്തിന്‍റെ പ്രഖ്യാപനവും ധനുഷ് അടുത്തിടെ നടത്തിയിരുന്നു.
ALSO READ:'ആടുജീവിതം' ഒടിടിയിലേക്ക്, എത്തുക നെറ്റ്ഫ്ലിക്‌സിലൂടെ; റിലീസ് പ്രഖ്യാപിച്ചു