ഡൽഹി :19കാരിയായ നടി സുഹാനി ഭട്നാഗറിന്റെ വിയോഗ വാർത്തയുടെ നടുക്കത്തിലാണ് ബോളിവുഡ് സിനിമ ലോകവും ആരാധകരും (Dangal star Suhani Bhatnagar death). ആമിർ ഖാന്റെ 'ദംഗൽ' കണ്ട ആരും തന്നെ സുഹാനി ഭട്നാഗറിന്റെ പ്രകടനം മറക്കാൻ ഇടയില്ല. ബബിത ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സുഹാനി ഭട്നാഗറിന്റെ മരണവാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഡൽഹിയിൽ വച്ചായിരുന്നു താരത്തിന്റെ അന്ത്യം. അതേസമയം സുഹാനിയുടെ മരണകാരണം എന്തെന്നതിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ഡെർമറ്റോമയോസിറ്റിസ് (Dermatomyositis) എന്ന അപൂർവ രോഗവുമായി മല്ലിടുകയായിരുന്നു സുഹാനി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സുഹാനിയുടെ കുടുംബം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രണ്ട് മാസം മുമ്പ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും പത്ത് ദിവസം മുമ്പാണ് സുഹാനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബം അറിയിച്ചു. രോഗം വഷളായതിനെ തുടർന്ന് ഫെബ്രുവരി 7നാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സുഹാനി ഭട്നഗറെ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ രോഗം മൂർച്ഛിക്കുകയും ഫെബ്രുവരി 16 ന് മരണപ്പെടുകയുമായിരുന്നു.
ചർമ്മ ചുണങ്ങുകൾക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്ന അപൂർവ കോശജ്വലന രോഗമായ ഡെർമറ്റോമയോസിറ്റിസാണ് സുഹാനിയെ ബാധിച്ചതെന്ന് പിതാവ് സുമിത് ഭട്നാഗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "രണ്ട് മാസം മുമ്പ് അവളുടെ കൈകളിൽ ഒരു ചുവന്ന പൊട്ട് രൂപപ്പെട്ടു. ഇത് അലർജിയാണെന്ന് ഞങ്ങൾ കരുതിയത്.