ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാര്‍ക്കോ' എല്ലാം കൊണ്ടും മലയാളത്തിന് പുതുമയാർന്നൊരു ദൃശ്യവിസ്‌മയമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു. 4.3 മില്യൺ കാഴ്‌ചക്കാരാണ് ഇതിനോടകം മാര്‍ക്കോയുടെ ടീസര്‍ യൂട്യൂബിൽ കണ്ടത്.
'മാർക്കോ' ടീസർ ഇറങ്ങിയതിന് പിന്നാലെ സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയായ ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സും സോഷ്യൽമീഡിയയുടെ ശ്രദ്ധാകേന്ദ്രമാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനിയായതിന് പിന്നാലെ 'മാർക്കോ'യുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് ഏറ്റെടുത്തിരിക്കുകയാണ്. യുഎഇയിലെ മികച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാര്‍സ് ഫിലിംസുമായി ചേർന്നാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷനൊരുങ്ങുന്നത്.
സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റ ചിത്രം തന്നെ വേറിട്ടൊരു മാസീവ്-വയലൻസ് സിനിമയൊരുക്കിക്കൊണ്ടാണ് ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ അമരക്കാരനും 'മാർക്കോ'യുടെ നിർമ്മാതാവുമായ ഷെരീഫ് മുഹമ്മദ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യൂഷനുവേണ്ടി യുഎഇയിൽ ക്യൂബ്‌സ് മോഷൻ പിക്ചേഴ്‌സ് ഡിസ്ട്രിബ്യൂഷൻ കോ. എൽ.എൽ.സി എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ക്യൂബ്‌സ് ഇന്‍റർനാഷണൽ ഗ്രൂപ്പ്. ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്ന ഫാര്‍സ് ഫിലിം ആന്‍ഡ് സ്റ്റാര്‍ സിനിമാസ് ചെയര്‍മാന്‍ അഹമ്മദ് ഗോല്‍ചിനാണ് ക്യൂബ്‌സ് മോഷൻ പിക്ചേഴ്‌സ് ലോഗോ പുറത്തിറക്കിയത്. ഇതിലൂടെ വിദേശ ചലച്ചിത്ര വിതരണ ലോകത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ പദ്ധതിയിടുകയാണ് ക്യൂബ്‌സ് ഇന്‍റർനാഷണൽ ഗ്രൂപ്പ്.
മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമായ 'മാർക്കോ'യിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തും. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.