എറണാകുളം:ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ടൊവിനോ തോമസ് സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യുടെ അനുബന്ധ ഘടകങ്ങൾ മറ്റ് സിനിമകളിൽ ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. നിർമാതാവ് സോഫിയ പോൾ, നെറ്റ്ഫ്ലിക്‌സ് ഇന്ത്യ, ഡിറ്റക്‌റ്റീവ് ഉജ്ജ്വലന്‍ സിനിമയുടെ ഇന്ദ്രനീൽ ഗോപികൃഷ്‌ണന്‍ തുടങ്ങിയവർക്കാണ് പ്രസ്‌തുത വിഷയത്തിൽ എറണാകുളം ജില്ലാ കോടതിയുടെ നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
മിന്നൽ മുരളി സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ ജസ്‌റ്റിന്‍ മാത്യു എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഡിറ്റക്‌റ്റീവ് ഉജ്ജ്വലന്‍' എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മിന്നല്‍ മുരളി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് 'മിന്നല്‍ മുരളി യൂണിവേഴ്‌സിന് ' രൂപം നല്‍കുമെന്ന് സോഫിയ പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാന്‍ ശ്രീനിവാസന്‍റെ ഡിറ്റക്‌റ്റീവ് ഉജ്ജ്വലന്‍റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതില്‍ കുറുക്കൻമൂല അടക്കമുള്ള റഫറൻസുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകള്‍ കോടതിയെ സമീപിച്ചത്.