തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ചിയാൻ വിക്രമിന്‍റെ 58-ാം പിറന്നാളാണിന്ന്. സവിശേഷ ദിനത്തിൽ താരത്തെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. ഇപ്പോഴിതാ താരം നാകനായി എത്തുന്ന 'തങ്കലാൻ' സിനിമയുടെ അണിയറ പ്രവർത്തകർ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
പ്രഖ്യാപനം മുതൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രമാണ് 'തങ്കലാൻ'. ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെയാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം 'തങ്കലാനിൽ' പ്രത്യക്ഷപ്പെടുന്നത്. പാ രഞ്ജിത്തും ചിയാൻ വിക്രമും ആദ്യമായി ഒന്നിക്കുന്നതിന്‍റെ കൂടി ത്രില്ലിലാണ് ആരാധകർ.
'തങ്കലാൻ' സിനിമയുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ് വിക്രമിന്‍റെ പിറന്നാളിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രത്യേക വീഡിയോ. സിനിമ ചിത്രീകരണത്തിനിടെ പകർത്തിയ ബിഹൈൻഡ് ദ സീൻ വീഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്.
വേദന കടിച്ചമർത്തി മേക്കപ്പിടുന്ന വിക്രമിനെ വീഡിയോയിൽ കാണാം. ഒപ്പം വിവിധ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അർദ്ധനഗ്നനായി, ദേഹമാസകലും ചെളിയും പോറലുമായി നിൽക്കുന്ന വിക്രമിന്‍റെ കഥാപാത്രം തിയേറ്ററിൽ ഞെട്ടിക്കുമെന്നുറപ്പ്.
കോലാർ സ്വർണ ഖനി പശ്ചാത്തലമായാണ് പാ രഞ്ജിത്ത് 'തങ്കലാൻ' അണിയിച്ചൊരുക്കിയത്. മലയാളികളായ പാർവതി തിരുവോത്തും മാളവിക മോഹനനും ഈ പിരിയോഡിക്കൽ ആക്ഷൻ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്, തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി തിയേറ്ററുകളിലെത്തുന്ന 'തങ്കലാനി'ൽ പശുപതി, ഹരികൃഷ്‌ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അടുത്തിടെയാണ് ചിത്രത്തിൽ ഗംഗമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാർവതിയുടെ ക്യാരക്‌ടർ പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടത്.
'നച്ചത്തിരം നഗർകിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമിക്കുന്നത്. വലിയ ബജറ്റിലാണ് ഈ വിക്രം സിനിമയുടെ നിർമാണം.
തമിഴ് പ്രഭുവിനൊപ്പം സംവിധായകൻ പാ രഞ്ജിത്തും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവൻ സംഭാഷണം നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ എ കിഷോർ കുമാർ ആണ്. എസ് എസ് മൂർത്തിയാണ് കലാസംവിധായകൻ. കെ യു ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടെ വരികൾക്ക് ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്.
ALSO READ:
- ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും മറുപേര്; ഹാപ്പി ബർത്ത് ഡേ വിക്രം
- ആരാധകരുടെ കാത്തിരിപ്പ് നീളും; വിക്രമിന്‍റെ 'തങ്കലാന്‍' റിലീസ് ഏപ്രിലിൽ
- ഇതാ തങ്കലാനിലെ ഗംഗമ്മ; പാർവതിക്ക് പിറന്നാൾ സമ്മാനമായി കാരക്‌ടർ പോസ്‌റ്റർ, ഒപ്പം ആശംസകളും