ETV Bharat / entertainment

35000 അടിയിൽ നിന്നും വിമാനം താഴേക്ക്.. പച്ച വസ്ത്രത്തിൽ മുടിയഴിച്ചിട്ട് തൃഷ.. ട്രെയിനിലെ സിനിമ ചർച്ച; അഖില്‍ പോള്‍ പറയുന്നു.. - AKHIL PAUL INTERVIEW

ഐഡന്‍റിറ്റി അടക്കമുള്ള മിക്ക സിനിമകൾക്കും ഇപ്പോൾ കേരളത്തിന് പുറത്ത് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സംവിധായകന്‍. ഐഡന്‍റിറ്റിയിലെ ക്ലൈമാക്‌സ് രംഗം ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

IDENTITY DIRECTOR AKHIL PAUL  TOVINO THOMAS  ഐഡന്‍റിറ്റി  അഖിൽ പോൾ
Akhil Paul (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 22, 2025, 1:31 PM IST

ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‌ത 'ഐഡന്‍റിറ്റി' തിയേറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. 'ഫോറൻസിക്' എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേര്‍ന്നൊരുക്കിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ 'ഐഡന്‍റിറ്റി'യുടെ സംവിധായകരില്‍ ഒരാളായ അഖിൽ പോൾ സിനിമയുടെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്.

പൃഥ്വിരാജ് നായകനായി എത്തിയ 'സെവൻത് ഡേ' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് അഖിൽ പോൾ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. തുടർന്ന് പ്രിയപ്പെട്ട സുഹൃത്ത് അനസ് ഖാനൊപ്പം 'ഫോറൻസിക്' എന്ന സിനിമയും ഒരുക്കി. 'ഫോറൻസിക്കി'ന്‍റെ വന്‍ വിജയത്തിന് ശേഷം അതേ ടീമിന്‍റെ തന്നെ രണ്ടാം വരവാണ് 'ഐഡന്‍റിറ്റി'.

Identity director Akhil Paul  Tovino Thomas  ഐഡന്‍റിറ്റി  അഖിൽ പോൾ
Akhil Paul (ETV Bharat)

നാല് വർഷത്തെ കഷ്‌ടപ്പാടിന്‍റെ പരിണിതഫലമാണ് 'ഐഡന്‍റിറ്റി' എന്നാണ് അഖിൽ പോൾ പറയുന്നത്. മികച്ചൊരു തിയേറ്റർ എക്‌സ്‌പീരിയൻസ് സമ്മാനിക്കുന്ന ഒരു കൊമേഴ്‌ഷ്യല്‍ സിനിമ വർഷങ്ങളായുള്ള ആഗ്രഹവും സ്വപ്‌നവും ആയിരുന്നുവെന്നാണ് അഖിൽ പോൾ പറയുന്നത്.

ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ചിത്രം ജനപ്രീതി ആർജ്ജിക്കുന്നു എന്നുള്ളത് ഒരു സംവിധായകൻ എന്ന രീതിയിൽ തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് അഖിൽ പോൾ പറഞ്ഞു. നിര്‍മ്മാതാക്കളായ രാജു മല്യത്ത്, സിജെ റോയ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ അഖിൽ ജോർജ് തുടങ്ങി ഈ സിനിമയിയുടെ ഭാഗമായ നിരവധി അണിയറ പ്രവർത്തകരുടെ ഒന്നര വർഷത്തെ യാത്രയാണ് 'ഐഡന്‍റിറ്റി' എന്ന സിനിമയെ തിരശ്ശീലയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്‌ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഇതുവരെയും ഒരു മലയാള ചിത്രം ചർച്ച ചെയ്‌തിട്ടില്ലാത്ത വിഷയങ്ങൾ, കാഴ്‌ച്ച അനുഭവങ്ങൾ ഐഡന്‍റിറ്റിയെ വ്യത്യസ്‌തമാക്കുന്നു എന്നുള്ള തരത്തിലാണ് പ്രേക്ഷക പ്രതികരണമായി ലഭിക്കുന്നത്. സന്തോഷത്തില്‍ ഉപരി ഇത്തരം പ്രതികരണങ്ങൾ അഭിമാനമാണ് ഉളവാക്കുന്നത്. തമിഴ്‌നാട്ടിലും ചിത്രം മികച്ച വിജയം നേടുന്നുണ്ട്. ഒരുതരത്തിലുമുള്ള പ്രൊമോഷനുകളുടെ പിൻബലമില്ലാതെയാണ് ഐഡന്‍റിറ്റിയുടെ തമിഴ് വേർഷൻ അവിടെ റിലീസ് ചെയ്‌തത്,"അഖിൽ പോൾ പറഞ്ഞു.

സിനിമയുടെ കളക്ഷനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ദിനംപ്രതി സിനിമയുടെ കളക്ഷൻ കൂടുകയാണെന്നും റിലീസിന്‍റെ അഞ്ചാം ദിനമാണ് ടൊവിനോയും താനും തൃഷയും അടക്കമുള്ളവർ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു പ്രസ് മീറ്റ് തമിഴ്‌നാട്ടില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

"അഞ്ചാം ദിനമായപ്പോഴേക്കും തമിഴ്‌നാട്ടിൽ സിനിമ ചർച്ചാവിഷയമായി കഴിഞ്ഞിരുന്നു. ഞങ്ങൾ ഔദ്യോഗികമായി എന്തെങ്കിലും തരത്തിലുള്ള പ്രൊമോഷനുകൾ ചെയ്യുന്നതിന് മുൻപ് തന്നെ ഒരു വിജയ ചിത്രത്തിന് ലഭിക്കേണ്ട സ്വീകരണങ്ങൾ തമിഴ്‌നാട്ടിലെ തിയേറ്ററുകൾ ഐഡന്‍റിറ്റിക്ക് നൽകി കഴിഞ്ഞിരുന്നു. സിനിമയുടെ ആശയം മാത്രമല്ല തമിഴ്‌നാട്ടിലെ വലിയ വിജയത്തിന് കാരണം. തൃഷയെ പോലെ വിനയ് റായിയെ പോലെ തമിഴ്‌നാട്ടിലെ വലിയ താരങ്ങൾ നമ്മുടെ സിനിമയുടെ ഭാഗമായിട്ടുണ്ട്. സിനിമയുടെ ആശയ മികവിനോടൊപ്പം തന്നെ മേൽപ്പറഞ്ഞ അഭിനേതാക്കളുടെ സ്വാധീനവും തമിഴ്‌നാട്ടിലെ ചിത്രത്തിന്‍റെ വിജയവുമായി ചേർത്ത് വായിക്കേണ്ടതാണ് " അഖിൽ പോൾ വ്യക്‌തമാക്കി.

ഐഡന്‍റിറ്റി അടക്കമുള്ള മിക്ക സിനിമകൾക്കും ഇപ്പോൾ കേരളത്തിന് പുറത്ത് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. "തമിഴ്, തെലുഗു, ഹിന്ദി ഭാഷ സിനിമകളോട് നമ്മൾ കിടപിടിച്ചുകൊണ്ടിരുന്നത് ആശയ മേന്‍മ ഒന്നുകൊണ്ട് മാത്രമാണ്. പുതുമ അതാണ് ശരിയായ പ്രയോഗം. വലിയ ഇൻഡസ്ട്രികളോടൊപ്പം ടെക്‌നിക്കൽ വശങ്ങളിൽ മലയാള സിനിമയ്ക്ക് ഒരിക്കലും കിടപിടിക്കാൻ പറ്റില്ല എന്നായിരുന്നു ധാരണ. പക്ഷേ മാർക്കോ, ഐഡന്‍റിറ്റി തുടങ്ങിയ സിനിമകൾ അത്തരത്തിലുള്ള ഒരു ചിന്താഗതിയെ മാറ്റിയെഴുതുന്നു. മാർക്കോ എന്ന സിനിമയുടെ ആക്ഷൻ രംഗങ്ങളും ടെക്‌നിക്കൽ പെർഫെക്ഷനും ഹിന്ദി സിനിമ ലോകത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്," അഖിൽ പോൾ പറഞ്ഞു.

സിനിമയുടെ കൈമാക്‌സ് രംഗത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'ഐഡന്‍റിറ്റി'യിലെ ക്ലൈമാക്‌സ് രംഗം ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

"ആശയത്തിൽ മാത്രമല്ല ടെക്‌നിക്കൽ ബ്രില്ല്യൻസിലും മലയാള സിനിമ മറ്റുള്ള ഇൻഡസ്ട്രികളോട് മത്സരിക്കാൻ തയ്യാറായിക്കഴിഞ്ഞു. മത്സരം എന്ന് പറയുമ്പോൾ അവരെപ്പോലെ പണം മുടക്കി നമുക്കൊരിക്കലും സിനിമ ചെയ്യാൻ സാധിക്കുകയില്ല. പക്ഷേ അവർ കോടികൾ മുടക്കി ചെയ്യുന്ന ടെക്‌നിക്കൽ മികവുകൾ നമ്മളിവിടെ 20 കോടിക്കോ 30 കോടിക്കോ ഒരുക്കുന്ന സിനിമകളിൽ കാണാൻ സാധിക്കുന്നു. കുറഞ്ഞ ഷൂട്ടിംഗ് ദിനങ്ങളും വളരെ കുറഞ്ഞ ബജറ്റും മുഖമുദ്രയായ മലയാള സിനിമയിലെ ടെക്‌നിക്കൽ മികവുകൾ ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നു. നമ്മൾ വ്യത്യസ്‌തരാണ് എന്നുള്ളതിൽ സംശയം ഒന്നുമില്ല." അഖിൽ പോൾ വ്യക്‌തമാക്കി.

Tovino Thomas (ETV Bharat)

മലയാള സിനിമയുടെ സാധ്യതകൾ ദിനംപ്രതി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ 'മാർക്കോ'യെയും 'ഐഡന്‍റിറ്റി'യെയും മാത്രം ഉയർത്തിപ്പിടിച്ച് സംസാരിക്കുകയല്ലെന്നും കഴിഞ്ഞ വർഷം റിലീസിനെത്തിയ 'പ്രേമലു', 'മഞ്ഞുമ്മൽ ബോയ്‌സ്', 'ആവേശം', 'ഭ്രമയുഗം' തുടങ്ങി സിനിമകളൊക്കെ മലയാള സിനിമയ്ക്ക് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്‌ടിച്ചെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളം 'ഐഡന്‍റിറ്റി' മലയാളത്തില്‍ റിലീസ് ചെയ്‌തിട്ടുണ്ടെന്നും നിലവില്‍ സിനിമയുടെ തമിഴ് ഡബ്ബ് വേര്‍ഷന്‍ മാത്രമാണ് അന്യഭാഷയായി റിലീസ് ചെയ്‌തതെന്നും സംവിധായകന്‍ പറഞ്ഞു. "ബാംഗ്ലൂർ അടക്കമുള്ള മെട്രോ നഗരങ്ങളിൽ ചിത്രം നിറസദസിലാണ് പ്രദർശിപ്പിക്കുന്നത്. എങ്കിലും തെലുഗു, ഹിന്ദി അടക്കമുള്ള ഡബ്ബിംഗ് വേർഷനുകൾ അടുത്തയാഴ്‌ച്ച തന്നെ കേരളത്തിന് പുറത്തെ തിയേറ്ററുകളിൽ എത്തും," അഖിൽ പോൾ പറഞ്ഞു.

തെലുഗു ഹിന്ദി ഭാഷ പ്രേക്ഷകർക്ക് മുന്നിൽ 'ഐഡന്‍റിറ്റി' എന്ന വ്യത്യസ്‌തതയുള്ള ഒരു ചിത്രം പ്രദർശിപ്പിക്കാൻ ഉള്ളൊരു എക്‌സൈറ്റ്‌മെന്‍റിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജിലെ സഹപാഠികൾ ആയിരുന്നു ഞാനും പ്രിയ സുഹൃത്ത് അനസ് ഖാനും. മെക്കാനിക്കൽ ഡിപ്പാർട്ട്‌മെന്‍റ്‌ ആയിരുന്നു ഞങ്ങൾ. ഓരോ വർഷവും ക്ലാസ് ഷഫിൾ നടക്കുമെങ്കിലും എന്തോ ഭാഗ്യം കൊണ്ട് ഞങ്ങൾക്ക് ക്ലാസുകൾ മാറി പോകേണ്ടി വന്നിട്ടില്ല," അഖിൽ പോൾ പറഞ്ഞു.

2008ലാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും നീണ്ട 16 വർഷങ്ങൾ തങ്ങളുടെ സൗഹൃദത്തിന് ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നിർമ്മിച്ചെടുത്ത ത്രീഡി ഗ്ലാസ് ഉപയോഗിച്ച് അവതാർ സിനിമ ഫിലിം ക്ലബ്ബിൽ പ്രദർശിപ്പിച്ചതിനെ കുറിച്ചും അഖില്‍ വിശദീകരിച്ചു.

"ഒന്നാം വർഷം പഠിക്കുമ്പോൾ തന്നെ ഞങ്ങൾ ഒരുമിച്ച് കോളേജ് പ്രിൻസിപ്പാളിനോട് സംസാരിച്ച് ഒരു ഫിലിം ക്ലബ് അവിടെ ആരംഭിച്ചു. അവസാന വർഷം ആ ഫിലിം ക്ലബ്ബിന്‍റെ സെക്രട്ടറി ആയിരുന്നു അനസ് ഖാൻ. ഫിലിം ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളാണ് സിനിമയുമായി ഞങ്ങളെ കൂട്ടി ഇഴക്കിയത്. ഞങ്ങൾ തന്നെ നിർമ്മിച്ചെടുത്ത ത്രീഡി ഗ്ലാസ് ഉപയോഗിച്ച് അവതാർ സിനിമ അക്കാലത്ത് ഞങ്ങൾ ഫിലിം ക്ലബ്ബിൽ പ്രദർശിപ്പിച്ചു. നിരവധി ഫെസ്‌റ്റിവലുകൾ നടത്തി," അദ്ദേഹം വിശദീകരിച്ചു.

Identity shooting (ETV Bharat)

പല രീതിയിലുള്ള സിനിമ ചർച്ചകൾ നടക്കുമെങ്കിലും തങ്ങൾക്ക് താല്‍പ്പര്യം ത്രില്ലർ സിനിമകളോടായിരുന്നു എന്നും സംവിധായകന്‍ വെളിപ്പെടുത്തി. "ഞങ്ങളുടെ അഭിരുചികൾക്കനുസരിച്ച് സിനിമ ചർച്ച ചെയ്യാൻ ഫിലിം ക്ലബ്ബിലെ മറ്റ് അംഗങ്ങളിൽ നിന്നും മാറി നടന്നു. കോളേജിലെ കോറിഡോറിലും കൊല്ലം ബീച്ചിലും ഞങ്ങളുടെ സിനിമാ സ്വപ്‌നങ്ങൾക്ക് നിറം പിടിപ്പിച്ചു," അഖിൽ പോൾ പറഞ്ഞു.

2012ൽ തങ്ങൾ എഞ്ചിനിയറിംഗ് പൂർത്തിയാക്കിയെന്നും താൻ സിനിമയുമായി മുന്നോട്ടു പോയപ്പോള്‍ അനസ് ഖാൻ ജോലിയുടെ ഭാഗമായി ദുബൈയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. "പിന്നീട് ഞാൻ കോളേജിൽ വച്ചെഴുതിയ തിരക്കഥ സെവൻത് ഡേ എന്ന ചലച്ചിത്രമായി മാറുന്നു. സിനിമ വിജയിച്ചതോടെ സ്വതന്ത്രമായി ചിന്തിക്കാനും സിനിമ ചെയ്യാനുമുള്ള അവസരം കൈവന്നു. ദുബൈയിലുള്ള പ്രിയ സുഹൃത്ത് അനസ് ഖാനോട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്‍റെ വാക്കിന്‍റെ പുറത്ത് ദുബൈയിലെ ജോലി ഉപേക്ഷിച്ച് അനസ് സിനിമ മേഖലയിലേക്ക് പറന്നിറങ്ങി," അദ്ദേഹം പറഞ്ഞു.

2014 മുതൽ 2025 വരെ സിനിമാ യാത്രകളിൽ തങ്ങൾ ഒരുമിച്ചായിരുന്നുവെന്നും സംവിധായകന്‍ തുറന്നു പറഞ്ഞു.. ആ യാത്രയിലാണ് ഫോറൻസിക്കും ഐഡന്‍റിറ്റിയും സംഭവിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

"ഉയർച്ചയിലും താഴ്‌ച്ചയിലും ഒപ്പമുള്ള സഹോദര തുല്യനായ സുഹൃത്താണ് അനസ് ഖാൻ. സിനിമ, ജോലിയും സ്വപ്‌നവുമാണ്. നമ്മുക്ക് ഇഷ്‌ടമുള്ളവരെ ഒപ്പം ചേർത്ത് ഈ പറയുന്ന മേഖലകളിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് തന്നെ ഭാഗ്യം," അഖിൽ പോൾ പറഞ്ഞു.

കൊല്ലം നഗരവും സിനിമയും പ്രത്യേക കോമ്പിനേഷനാണെന്നും മറ്റു ജില്ലക്കാർക്കാരോട് ഈ വൈകാരികതയെ കുറിച്ച് എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ ട്രെയിനിലെ കൊല്ലത്തെ യാത്രയെ കുറിച്ചും സിനിമാ ചര്‍ച്ചകളെ കുറിച്ചും സംവിധായകന്‍ മനസ്സു തുറന്നു.

"കോളേജിന് മുന്നിലൂടെ പോകുന്ന ഒരു ഒറ്റവരി റെയിൽ പാതയുണ്ട്. കൊല്ലം ചെങ്കോട്ട റെയിൽ റൂട്ട്. നിശ്ചിത സമയങ്ങളിൽ വളരെ കുറച്ചു മാത്രമാണ് പാസഞ്ചർ ട്രെയിൻ സർവീസ് ഉള്ളത്. പത്ത് രൂപയിൽ താഴെയാണ് കൊല്ലത്ത് നിന്നും പുനലൂരിലേക്ക് യാത്ര ചെയ്യാനുള്ള കൂലി. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യുക. അതിമനോഹരമായ കാഴ്‌ച്ചകളാണ് കൊല്ലം ചെങ്കോട്ട റെയിൽ റൂട്ട്. ഈ ട്രെയിനിന്‍റെ ഒഴിഞ്ഞ കമ്പാർട്ട്‌മെന്‍റുകളില്‍ ആയിരുന്നു ഞങ്ങളുടെ പ്രധാന സിനിമാ ചർച്ച. കൊല്ലത്തുനിന്ന് ടിക്കറ്റ് എടുത്ത് നേരെ പുനലൂരിലേക്ക് പോകും. യാത്രാമധ്യേ നല്ല കാഴ്‌ച്ചകളും, നല്ല സിനിമാ ചർച്ചയും. പുനലൂരിലെത്തി ഒരു ചായ വാങ്ങി കുടിക്കും. സിനിമ ചർച്ച ചെയ്യും. അടുത്ത ടിക്കറ്റ് എടുത്ത് നേരെ വീണ്ടും, കൊല്ലത്തേക്ക്. പിന്നീടുള്ള ചർച്ച കൊല്ലം ബീച്ചിലാണ്. കപ്പലണ്ടിയും വാങ്ങി കഴിച്ച് സിനിമാ ചർച്ചകൾക്ക് ആയംകൂട്ടും. രാത്രി വൈകിയാകും ഹോസ്‌റ്റലിലേക്ക് പോവുക. സിനിമാ ചർച്ചകളൊക്കെ കഴിഞ്ഞ് രാത്രിയായി ഹോസ്‌റ്റലിൽ എത്തുമ്പോൾ ഹോസ്‌റ്റൽ പൂട്ടിയിട്ടുണ്ടാകും. പിന്നീട് മതില് ചാടണം," അഖിൽ പോൾ വിശദീകരിച്ചു.

ആദ്യ കാലത്തെ അഖിൽ പോളും അനസ് ഖാനും തമ്മിലുള്ള സിനിമ ചർച്ചകളെ കുറിച്ചുള്ള ഓർമ്മകൾ തികച്ചും നൊസ്‌റ്റാൾജിക് ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. "ഈ പറയുന്നതിന് ഐഡന്‍റിറ്റി സിനിമയുമായി ബന്ധമില്ലെങ്കിലും കോളേജ് കാലത്ത് രാത്രിയിലെ സിനിമ ചർച്ച കഴിഞ്ഞ് അർദ്ധ രാത്രിയിൽ മതിൽ ചാടുമ്പോൾ അനസ് ഖാന്‍റെ കൈയ്‌ക്ക് വലിയ പരിക്കുപറ്റി. കൊല്ലം നഗരമാണ് ഞങ്ങളുടെ സിനിമാ ചർച്ചകൾക്ക് വലിയ മാനം നൽകിയത്," അഖിൽ പോൾ പറഞ്ഞു.

മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരും എഞ്ചിനിയറിംഗ് ബിരുദധാരികളാണ് അഖിൽ പോൾ. എഞ്ചിനിയറിംഗ് കോളേജിൽ ഇപ്പോൾ സിനിമയാണോ പഠിപ്പിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഖിൽ പോള്‍, അനസ് ഖാന്‍, ഐഡന്‍റിറ്റിയിലെ നായകൻ ടൊവിനോ തോമസ് എന്നിവര്‍ എഞ്ചിനിയറിംഗ് പഠന ശേഷം സിനിമയിലേയ്‌ക്ക് വന്നവരാണ്. മലയാളത്തിൽ നിലവില്‍ പ്രശസ്‌തരായി നിൽക്കുന്ന ഭൂരിഭാഗം അഭിനേതാക്കളും നടന്‍മാരും എഞ്ചിനിയറിംഗ് ബാക്കപ്പ് ഉള്ളവരാണ് എന്നുള്ളത് കൗതുകകരമായ വസ്‌തുതയാണ്. ഇതേക്കുറിച്ച് അഖിൽ പോൾ വാചാലനായി.

"രണ്ടായിരത്തിന് ശേഷമുള്ള കുട്ടികളുടെ ഒരു കോമൺ അഭിരുചിയായിരുന്നു ഒന്നുകിൽ ഡോക്‌ടർ അല്ലെങ്കിൽ എഞ്ചിനിയര്‍. മാതാപിതാക്കളുടെയും ആഗ്രഹം രണ്ടിലൊന്ന് തന്നെ. പഠിക്കാൻ എളുപ്പമുള്ളത് കൊണ്ട് ഞങ്ങളെ പോലുള്ള ചിലർ എഞ്ചിനിയറിംഗ് തിരഞ്ഞെടുക്കും. കോളേജിൽ എത്തി കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് എന്താണ് ജീവിതത്തിന്‍റെ ലക്ഷ്യം എന്ന ധാരണ ലഭിക്കുന്നത്. സ്വന്തം ലക്ഷ്യം കഥകൾ പറയുകയാണ്, അല്ലെങ്കിൽ സിനിമകൾ ചെയ്യുകയാണ്, അല്ലെങ്കിൽ അഭിനയിക്കുകയാണ് എന്നൊക്കെ തിരിച്ചറിയുന്നത് രണ്ടാം വർഷത്തിലോ മൂന്നാം വർഷത്തിലോ ആയിരിക്കും. പഠനം പൂർത്തിയാക്കാതെയോ പൂർത്തീകരിച്ചോ ഉള്ളിലെ ആഗ്രഹങ്ങൾക്കുള്ള സാക്ഷാത്‌ക്കാരമാണ്, ഇനി സിനിമയിലേക്ക് പോകാം എന്ന തീരുമാനം," അഖിൽ പോൾ വിശദീകരിച്ചു.

Identity team (ETV Bharat)

എഞ്ചിനിയറിംഗ് നല്ല മാർക്കോടെ പാസായ ആളാണ് സംവിധായകന്‍ അഖിൽ പോൾ. ഇതേ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "നല്ലൊരു ജോലി, നല്ലൊരു ജീവിതം എന്നൊരു ഉറപ്പായ സാഹചര്യം മുന്നിൽ ഉണ്ടായിട്ടും ഒട്ടും ഉറപ്പില്ലാത്ത സിനിമ തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ ചിന്തിച്ചതും കടന്നു വന്നതുമായ സാഹചര്യങ്ങൾ എഞ്ചിനിയറിംഗ് പഠിക്കുമ്പോൾ ബേസിൽ ജോസഫിനും, ടൊവിനോ തോമസിനും, അനസ് ഖാനും ഉണ്ടായത് തന്നെയാണ്. ഇനി ജീവിതം സിനിമയാണെന്ന് ചിന്തിച്ചത് വലിയ റിസ്‌ക് തന്നെയായിരുന്നു. തിയേറ്ററിൽ മാത്രം കണ്ട് പരിചയിച്ച സിനിമ എന്ന മേഖലയോട് തോന്നിയ അഭിനിവേശം നിസ്സാരവത്‌ക്കരിച്ച് കാണരുത്. ഞങ്ങൾക്ക് സിനിമയിൽ പരിചയമുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഈ മേഖലയിലേക്ക് ഇറങ്ങി പുറപ്പെടാൻ തീരുമാനിച്ചെങ്കിൽ ആ തീരുമാനം വളരെയധികം നിർണ്ണായകമായിരുന്നു. പരാജയപ്പെട്ടാൽ ഒരുപക്ഷേ സാധാരണ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് പോലും ഉണ്ടാകില്ല," അഖിൽ പോൾ വ്യക്‌തമാക്കി.

എഞ്ചിനിയറിംഗ് കോളേജിലേക്ക് എത്തുന്ന മുക്കാൽഭാഗം പേരുടെയും അഭിരുചികൾ മറ്റെന്തൊക്കെയോ ആണെന്ന് സംവിധായകന്‍. അവരവരുടെ അഭിരുചികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ ട്യൂൺ ചെയ്യാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മനസ്സിൽ തോന്നിയ ആശയങ്ങൾ എഴുതിക്കൂട്ടിയ ഒരു സിനിമയല്ല ഐഡന്‍റിറ്റിയെന്നും സിനിമയ്ക്ക് പിന്നിൽ ദീർഘ നാളത്തെ ഒരു റിസർച്ച് പ്രോസസ് ഉണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രേക്ഷകർക്ക് അറിയാത്ത ഒരുപാട് ആശയങ്ങളെ പരിചയപ്പെടുത്തി കൊടുത്ത ഒരു ചിത്രം കൂടിയായിരുന്നു ഐഡന്‍റിറ്റി. അത്തരം അറിവുകളെ വിനോദത്തിന്‍റെ കാഴ്‌ച്ചപ്പാടിൽ ഉൾക്കൊണ്ട് പ്രേക്ഷകരോട് നന്ദി പറയുന്നതായും അഖിൽ പോൾ പറഞ്ഞു.

ഫെയിസ് ബ്ലൈന്‍ഡ്‌നെസ് എന്ന അസുഖത്തിന്‍റെ സാധ്യതയെ ഐഡന്‍റിറ്റിയില്‍ പരമാവധി പ്രയോജനപ്പെടുത്തിയതിനെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. "മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത പ്രോസോപാഗ്നോസിയ അഥവാ ഫെയിസ് ബ്ലൈന്‍ഡ്‌നെസ്
എന്നൊരു അസുഖത്തെ പ്രധാന തന്തുവാക്കി കഥ പറയുക എന്നുള്ളത് വളരെയധികം പ്രത്യേകതയുള്ള ഒരു കാര്യം തന്നെയാണ്. സിനിമയുടെ ഇന്‍റര്‍വെൽ സമയത്തും സെക്കൻഡ് ഹാഫിന്‍റെ പകുതിയിലും ക്ലൈമാക്‌സിലും ഈ അസുഖത്തിന്‍റെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്," അഖിൽ പോൾ വ്യക്‌തമാക്കി.

നിരന്തരമായ റിസർച്ചിലൂടെയും പുസ്‌തകങ്ങളിലൂടെയുമാണ് താന്‍ ഈ അസുഖത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്നും സംവിധായകന്‍ തുറന്നു പറഞ്ഞു. "ഈ അസുഖത്തിന്‍റെ വശങ്ങളെ തിരക്കഥയിൽ എപ്രകാരം ഉൾപ്പെടുത്തണം എന്നത് വലിയൊരു പ്രോസസ് തന്നെയായിരുന്നു. ഈ സിനിമയുടെ അവസാനത്തെ 40 മിനിറ്റ് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടതാണ്. എയർ ട്രാഫിക് കൺട്രോളിനെ കുറിച്ച് യാതൊന്നും അറിയാത്ത ഒരു സാധാരണക്കാരനാണ് ഞാൻ. ഏവിയേഷൻ സെക്‌ടറുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പുതുമയുള്ള കാര്യങ്ങൾ ആയിരുന്നു," സംവിധായകന്‍ പറഞ്ഞു.

സിനിമയിൽ ചർച്ച ചെയ്യുന്ന പുതുമയുള്ള എല്ലാ വിഷയങ്ങളെയും കുറിച്ചുള്ള ആധികാരികമായ പഠനമായിരുന്നു തിരക്കഥ രചനയിലെ മുഖ്യ ഘടകമെന്നും അദ്ദേഹം പറഞ്ഞു. "ധാരാളം സിനിമകൾ കണ്ടു, ഏവിയേഷൻ സെക്‌ടറുമായി ബന്ധപ്പെട്ട വ്യക്‌തികളുമായി സംസാരിച്ചു. മെഡിക്കൽ ബുക്കുകൾ ആഹരിച്ചു. ഇതിൽ നിന്നൊക്കെ ലഭിച്ച വിവരങ്ങൾ ഒരു സിനിമാറ്റിക് രീതിയിലേക്ക് മാറ്റുക എന്നുള്ളത് വലിയ ചലഞ്ച് ആയിരുന്നു," അഖിൽ പോൾ പറഞ്ഞു.

പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുമ്പോൾ അതൊക്കെ അവരെ ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ചുമതല സംവിധായകനും തിരക്കഥാകൃത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

"പക്ഷേ സിനിമയുടെ ആസ്വാദത്തെ ഭംഗപ്പെടുത്തി കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന ഒരു സ്‌റ്റഡി ക്ലാസ് ആകാനും പാടില്ല. ഒരു വർഷമാണ് തിരക്കഥയ്ക്ക് ആവശ്യമായ വിവര ശേഖരണം ഞങ്ങൾ നടത്തിയത്. ഞങ്ങൾ ശേഖരിച്ച വിവരങ്ങളൊക്കെ പുതുമ ഉള്ളതായിരുന്നു. സിനിമയിൽ ഷമ്മി തിലകന്‍റെയും മന്ദിരാ ബേദിയുടെയും കഥാപാത്രങ്ങളിലൂടെയാണ് ഇതൊന്നും അറിഞ്ഞു കൂടാതെ സിനിമ കാണാൻ വന്നിരിക്കുന്ന പ്രേക്ഷകരിലേക്ക് ഇഞ്ചക്‌ട് ചെയ്യപ്പെടേണ്ടത്. സ്‌റ്റഡി ക്ലാസ് ആകാത്ത രീതിയിൽ സിനിമയിൽ പുതുതായി പറയുന്ന കാര്യങ്ങളെ പ്രേക്ഷകർക്ക് കണക്‌ട് ചെയ്യാൻ സാധിച്ചാൽ മാത്രമെ ക്ലൈമാക്‌സിൽ അതുവരെ ബിൽഡ് ചെയ്‌ത് കൊണ്ടുവന്നിരിക്കുന്ന പ്രശ്‌നങ്ങൾ സോൾവ് ചെയ്യുന്ന സമയത്ത് എഞ്ചോയ്‌മെന്‍റ് സാധ്യമാവുകയുള്ളൂ," അഖിൽ പോൾ വിശദീകരിച്ചു.

Identity shooting set (ETV Bharat)

ഐഡന്‍റിറ്റിയില്‍ പുതുമയുള്ള വിഷയങ്ങൾ അവതരിപ്പിച്ചതിനെ കുറിച്ചും സംവിധായകന്‍ വിവരിച്ചു. വളരെയധികം വായനാശീലമുള്ള ആളുകളാണ് താനും അനസ് ഖാനുമെന്നും അദ്ദേഹം പറഞ്ഞു.

"പ്രോസോപാഗ്നോസിയ എന്ന അസുഖത്തെ കുറിച്ച് വായനയിലൂടെയാണ് വിവരം ലഭിക്കുന്നത്. വളരെ പ്രശസ്‌തനായ ഒരു ഹോളിവുഡ് നടന് ഈ അസുഖം ഉണ്ടായിരുന്നു. അയാളുടെ അനുഭവങ്ങൾ അടങ്ങിയ ഒരു കുറുപ്പ് വായിക്കുന്നതിനിടയിലാണ് ഐഡന്‍റിറ്റി എന്ന സിനിമ ഒരു പക്ഷേ ജനിക്കുന്നത്. സത്യത്തിൽ ഐഡന്‍റിറ്റി എന്ന സിനിമയ്ക്ക് വേണ്ടിയല്ല ഈ അസുഖത്തെ ആസ്‌പദമാക്കി ഞങ്ങൾ ആദ്യ സമയങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നത്. ഒരു സ്കെച്ച് ആർട്ടിസ്‌റ്റിന്‍റെ കഥയുമായി ബന്ധപ്പെട്ട ഒരു സിനിമ ചർച്ചയിൽ ഉരുത്തിരിയുമ്പോൾ ആയിരുന്നു മേൽപ്പറഞ്ഞ അസുഖത്തെ കൂടി കണക്‌ട് ചെയ്‌ത് ഐഡന്‍റിറ്റി ജനിച്ചതെന്ന് പറയേണ്ടിവരും," അഖിൽ പോൾ വ്യക്‌തമാക്കി.

ഐഡന്‍റിറ്റിയിലെ വലിയ റിസ്‌കിനെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. "ഞാന്‍ ആര് അല്ലെങ്കിൽ അയാൾ ആര്? അങ്ങനെയൊരു ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന സീൻ എല്ലാ മാസ് കൊമേഴ്‌ഷ്യല്‍ സിനിമകളുടെയും അഭിവാജ്യ ഘടകമാണ്. തലപതി വിജയ് യുടെ 'പോക്കിരി'യിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഒരു മാസ് സിനിമ ഫോർമുല. പിന്നീട് പല സിനിമകളിലും ഈ ഫോർമുല വിജയിച്ചു. പക്ഷേ അടുത്തിടെ ഇറങ്ങിയ ചില മാസ് ചിത്രങ്ങളിൽ ഇതേ ഫോർമുല വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ കയ്യടിക്ക് പകരം കൂവലാണ് ലഭിച്ചത്. സമാന ഫോർമുല ഐഡന്‍റിറ്റി എന്ന സിനിമയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതൊരു വലിയ റിസ്‌കായിരുന്നു," അഖിൽ പോൾ വെളിപ്പെടുത്തി.

കണ്ടു പരിചയിച്ച മാസ് ഫോർമുല സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "സിനിമയിൽ ഒരു ഘട്ടം വരെ നായകൻ ആര്? എന്ത്? എന്നൊന്നും വെളിപ്പെടാതെ മറ്റൊരു കഥാപാത്രത്തിലൂടെ നായിക കഥാപാത്രത്തിന്‍റെ യഥാർത്ഥ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന ഒരു ഫോർമുല ഒരു മാസ് കൊമേഴ്‌ഷ്യൽ സിനിമയുടെ വിജയ ഘടകം തന്നെയാണ്. അത് ഏത് സിനിമയിൽ ഏത് രീതിയിൽ കണ്ടാലും ഞന്‍ എന്ന പ്രേക്ഷകൻ കയ്യടിക്കും. അതേ.. കണ്ടു പരിചയിച്ച മാസ് ഫോർമുല തന്നെയാണ് സധൈര്യം ഞങ്ങൾ ഐഡന്‍റിറ്റി എന്ന ചിത്രത്തിലും ഉൾപ്പെടുത്താൻ തീരുമാനിച്ചത്," സംവിധായകന്‍ പറഞ്ഞു.

സിനിമയിലെ നായകന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "സിനിമയിലെ അവസാന 40 മിനിറ്റുകൾ നായകന്‍റെ യഥാർത്ഥ മുഖം പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തിട്ട് വേണം കഥ പറയാൻ. എങ്കിൽ മാത്രമെ സിനിമയ്ക്ക് വിശ്വസനീയത വർദ്ധിക്കുകയുള്ളൂ. ഒട്ടുമിക്ക സൂപ്പർതാര സിനിമകളിലും കാണുന്ന ഒരു ഫോർമുലയാണ് നായകൻ ആര്? എന്ന് വെളിപ്പെടുത്തുന്ന രംഗം. അതിപ്പോൾ വിജയുടെ ചിത്രത്തിൽ ആണെങ്കിലും, രജനിയുടെ ചിത്രത്തിൽ ആണെങ്കിലും, കമൽ ഹാസന്‍റെ ചിത്രത്തിൽ ആണെങ്കിലും, മമ്മൂട്ടി, മോഹൻലാല്‍ എന്നിവരുടെ ചിത്രത്തിൽ ആണെങ്കിലും ഒരു പ്രേക്ഷകൻ എന്ന രീതിയിൽ ഞാൻ എഞ്ചോയ് ചെയ്യും. എത്ര പഴകിയാലും ആ ഫോർമുല ഇനിയും ഞാൻ കാണാൻ ആഗ്രഹിക്കുന്നു. ഒരുപാട് പ്രാവശ്യം ഉപയോഗിച്ച ഫോർമുല വീണ്ടും ഉപയോഗിക്കുമ്പോൾ ഫോർമുലയിൽ അല്ല ഡിസൈനിലാണ് മാറ്റം വരുത്തേണ്ടത്. തിരക്കഥയിൽ വിശ്വസനീയമായി രംഗങ്ങൾ എഴുതുക, കൃത്യമായി ഷോട്ട് പ്ലാൻ ചെയ്‌ത് ചിത്രീകരിക്കുക, സംഗീത പശ്ചാത്തലം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുക. ഇതേ രീതി അവലംബിച്ചാൽ ആ ഫോർമുല ഇനിയും ഒരുപാട് വർഷം വർക്ക് ഔട്ട് ആകും. പ്രസ്‌തുത രംഗം ഐഡന്‍റിറ്റി സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഏരിയയാണ്. അത് കറക്‌ട് മീറ്ററിൽ പ്രേക്ഷകന് കൊടുക്കുക എന്നുള്ളതാണ് സംവിധായകൻ എന്ന നിലയിൽ എനിക്ക് ചെയ്യേണ്ടത്," അഖിൽ പോൾ വിശദീകരിച്ചു.

ഐഡന്‍റിറ്റിയില്‍ ടൊവിനോ തോമസിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. "സിനിമയില്‍ ടൊവിനോ തോമസ് ആര് എന്നറിയിക്കുന്നത് ഒരു കുട്ടിയും ഒരു മുതിർന്ന ഒരാളും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. കൂടാതെ ആ വെളിപ്പെടുത്തലിന് ആക്കം കൂട്ടാൻ ഒരു പൊലീസ് ഓഫീസറും അയാളുടെ മുന്നിലിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണവും, മന്ദിര ബേദിയുടെ കഥാപാത്രവും മറ്റൊരാളുമായുള്ള സംഭാഷണവും സഹായകരമാകുന്നുണ്ട്. ഇവരുടെ സംഭാഷണങ്ങൾക്കിടയിലാണ് ടൊവിനോ തോമസിന്‍റെ കഥാപാത്രം ആരാണ്, എന്താണ് എന്ന് വെളിവാകുന്നത്. ഒരുപാട് സിനിമകളിൽ കണ്ടു പരിചയിച്ചിട്ടുള്ള ഐക്കോണിക് സീനിന്റെ ഒരു റിക്രിയേഷൻ തന്നെയാണ് ഇതും," അദ്ദേഹം വിശദീകരിച്ചു.

തിയേറ്ററിൽ പോയി സിനിമ കാണുന്ന സ്വഭാവമുള്ള ഒരാളാണ് താനെന്നും സംവിധായകന്‍. തിയേറ്ററിൽ ലഭിക്കുന്ന കയ്യടികൾ തന്നെ എപ്പോഴും കോരിത്തരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരു കൈയ്യടിക്ക് വേണ്ടിയാണ് ഇത്തരമൊരു സീൻ എക്‌സിക്യൂട്ട് ചെയ്യാൻ തയ്യാറായതെന്നും അതൊരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം വളരെയധികം ചലഞ്ചിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു.

ടൊവിനോ തോമസിനെ വർണ്ണിക്കുന്ന രംഗങ്ങൾ ഗോവ, തമിഴ്‌നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് ഷൂട്ട് ചെയ്‌തിരിക്കുന്നത്. ഇതേകുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. "ഗോവ, തമിഴ്‌നാട്, കേരളം ഇവിടങ്ങളിലൊക്കെ വച്ച് ടൊവിനോ തോമസിനെ വർണ്ണിക്കുന്ന രംഗങ്ങള്‍ ഷൂട്ട് ചെയ്‌ത് കോർത്തിണക്കി മേൽപ്പറഞ്ഞ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ കൃത്യമായി എഡിറ്റ് ചെയ്‌ത് ചേർക്കുമ്പോൾ കയ്യടി കിട്ടും. അതൊരു സംവിധായകന്‍റെ ദീർഘവീക്ഷണം കൂടിയാണ്," അഖിൽ പോൾ വ്യക്തമാക്കി.

സിനിമയിൽ പ്രധാന സ്ത്രീ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർതാരം തൃഷയാണ്. സിനിമയിൽ ഉടനീളം മുടി കെട്ടി വെച്ചിട്ടുള്ള ഒരു രീതിയിലാണ് തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. വസ്ത്രധാരണത്തിലും വേറിട്ടൊരു രീതിയാണ് തൃഷയുടെ കഥാപാത്രത്തിന്‍റേത്. സിനിമ കണ്ടവർക്ക് തൃഷ ഉൾപ്പെടുന്ന ഒരു പ്രത്യേക രംഗം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

"തൃഷയുടെ കഥാപാത്രത്തിന്‍റെ മനസ്സിലുള്ള ഒരു വ്യക്‌തിയുടെ മുഖം അന്വേഷിച്ച് ഒരു പ്രത്യേക സ്ഥലത്ത് പോകുന്ന രംഗമുണ്ട്. ആ രംഗത്തിൽ തൃഷയുടെ കഥാപാത്രം പച്ച നിറത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. മാത്രമല്ല കഥാപാത്രത്തിന് ലൂസ് ഹെയർ ആണുള്ളത്. തൃഷ എന്ന അഭിനേത്രിയുടെ വശ്യ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു രംഗമായിരുന്നു അത്. ഐഡന്‍റിറ്റി എന്ന സിനിമയിലെ ഒരു നിർണായക കഥാപാത്രം എന്നതിലുപരി സംവിധായകനായ ഞാന്‍ അടക്കമുള്ളവരുടെ മനസ്സിലേക്ക് വിണ്ണൈ താണ്ടി വരുവായയ, ഭീമ, ഗില്ലി തുടങ്ങി സിനിമയിലെ പഴയ വിന്‍റേജ് തൃഷയെ ഓർമ്മ വന്നു. ഐഡന്‍റിറ്റി എന്ന സിനിമയിലെ വളരെ നിർണ്ണായകമായ ഒരു രംഗമാണ് അതെന്നോർക്കണം. അങ്ങനെ ഒരു വേഷവിധാനത്തിൽ വളരെയധികം അട്രാക്‌ടീവായി തൃഷ അഭിനയിക്കാൻ എത്തിയത് ഞങ്ങളെയൊക്കെ വളരെയധികം എക്‌സൈറ്റ്‌മെന്‍റിലാക്കി. ആ സീനിലെ തൃഷയുടെ ലുക്ക് വളരെ മനോഹരം ആയിരുന്നു," അഖിൽ പോൾ വിശദീകരിച്ചു.

Trisha Krishnan (ETV Bharat)

തൃഷയുടെ കഥാപാത്രത്തിന് അപകടം സംഭിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച വിശേഷങ്ങളും സംവിധായകന്‍ പങ്കുവച്ചു. "സൗത്ത് ഇന്ത്യയിലെ സൂപ്പർ താരമാണ് തൃഷ. പക്ഷേ അത്തരം താരജാഡകൾ ഒന്നുമില്ലാത്ത വ്യക്തിത്വമാണ് തൃഷയുടേത്. മേൽപ്പറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് ആ ലൊക്കേഷനിൽ വളരെയധികം ചൂടായിരുന്നു. ആ രംഗം ചിത്രീകരിച്ച അതേ രാത്രി തന്നെയാണ് ആ സ്ഥലം ബ്ലാസ്‌റ്റ് ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ തൃഷയെ ഉൾപ്പെടുത്തി ചിത്രീകരിച്ചത്. തൃഷയുടെ കഥാപാത്രത്തിന് അപകടം സംഭവിക്കുന്നത് അടക്കമുള്ള രംഗങ്ങൾ അന്ന് രാത്രി തന്നെ ചിത്രീകരിച്ചു," അഖിൽ പോൾ കൂട്ടിച്ചേര്‍ത്തു.

ഐഡന്‍റിറ്റിയെ പോലെ വളരെയധികം ബുദ്ധിമുട്ടുള്ള ഷെഡ്യൂളിൽ തൃഷ ഒരിക്കലും വർക്ക് ചെയ്‌തിട്ടുണ്ടാകില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. "തൃഷ സിനിമയുമായി സഹകരിക്കുന്ന ദിവസങ്ങളിൽ രാത്രിയും പകലും അവർക്ക് അഭിനയിക്കേണ്ടതായി വന്നിട്ടുണ്ട്. ഇത്രയധികം ബുദ്ധിമുട്ടുള്ള ഷെഡ്യൂളിൽ അവർ ഒരിക്കലും വർക്ക് ചെയ്‌തിട്ടുണ്ടാകില്ല. പക്ഷേ ഒരു പരാതിയും പറയാതെ അവർ സഹകരിച്ചു. അവർക്ക് അങ്ങനെ വളരെയധികം ബുദ്ധിമുട്ടി ഞങ്ങളോട് സഹകരിക്കേണ്ട ആവശ്യം ഒന്നുമില്ല. എനിക്കിനി അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ ഷൂട്ടിംഗ് പിറ്റേ ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും. പക്ഷേ ഞങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അവർ ഒപ്പം നിന്നു. സംവിധായകരായ എന്നോടും അനസ് ഖാനോടും മാത്രമല്ല സിനിമയിൽ ജോലി ചെയ്‌ത ഓരോ വ്യക്‌തിയോടും വളരെ മാന്യമായാണ് തൃഷ പെരുമാറിയിട്ടുള്ളത്, അഖിൽ പോൾ വ്യക്‌തമാക്കി.

ആക്ഷൻ രംഗങ്ങളിലും ഡ്യൂപ്പിന്‍റെ സഹായമില്ലാതെ തൃഷ അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. തീയുടെ ഇടയിൽ നിന്നും തൃഷ അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

"പല ആക്ഷൻ രംഗങ്ങളിലും നമുക്ക് ഡ്യൂപ്പുകൾ ഉപയോഗിച്ച് ചിത്രീകരിക്കാമായിരുന്നു. തൃഷക്ക്‌ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാൻ ആവശ്യപ്പെടാം. പക്ഷേ 90% രംഗങ്ങളിലും തൃഷ തന്നെയാണ് ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബ്ലാസ്‌റ്റ് ചെയ്യുന്ന സമയത്ത് വലിയ രീതിയിൽ തീ ഉണ്ടാകുന്നുണ്ട്. ഗ്രാഫിക്‌സിന്‍റെ സഹായത്തോടെ തീയുടെ തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷേ തീ.. തീ തന്നെയാണ്. തീയുടെ ഇടയിൽ നിന്ന് അഭിനയിക്കാൻ ഒന്നും തൃഷ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടില്ല. വളരെ സീനിയറായ അഭിനേത്രിയാണ് തൃഷ. അവർക്ക് ഓടുന്നതും വീഴുന്നതുമായ രംഗങ്ങൾ ഒന്നും ലൈവ് ആയി അഭിനയിക്കേണ്ട കാര്യമില്ല. ഡ്യൂപ്പിനെ ഉപയോഗിക്കാം. പക്ഷേ എല്ലാം അവർ ചെയ്‌തു. ഒരു സാധാരണ അഭിനേത്രിയെ ഒരു സീനിൽ അഭിനയിപ്പിക്കുന്ന വളരെ ലാഘവമായ പ്രോസസ്സിൽ തന്നെയാണ് തൃഷയെ ഞങ്ങൾ അഭിനയിപ്പിച്ചത്," സംവിധായകന്‍ പറഞ്ഞു.

ഷൂട്ടിനിടെ തൃഷ മൂന്നു ദിവസം മുഴുവൻ മഴ നനഞ്ഞ കഥയും അദ്ദേഹം വെളിപ്പെടുത്തി. "സിനിമയിലെ ഒരു ഹാർബർ സീൻ നിങ്ങൾക്കെല്ലാവർക്കും ഓർമ്മയുണ്ടാകും. മൂന്ന് രാത്രികളാണ് ആ സീൻ ഞങ്ങൾ ചിത്രീകരിച്ചു തീർക്കാൻ എടുത്തത്. ആ രംഗത്തിൽ മഴയാണ്. മൂന്ന് രാത്രികളിലും മുഴുവൻ സമയവും തൃഷ മഴയിൽ നനഞ്ഞ് അഭിനയിച്ചു. ഷൂട്ടിന്‍റഎ ബ്രേക്കിനിടയിൽ അവർ കാരവനിലേക്ക് പോയിട്ടില്ല. ഒരു ചെറിയ മഴ ചാറ്റൽ ഏറ്റാൽ പോലും ജലദോഷവും പനിയും വരുന്ന ആളുകളാണ് നമ്മളൊക്കെ. പക്ഷേ മൂന്നു ദിവസം രാത്രി മുഴുവൻ മഴ നനഞ്ഞു നിൽക്കാൻ തൃഷ തയ്യാറായി. ഒരു സ്‌റ്റാർ വാല്യു ഉള്ള താരത്തെ വച്ച് ഇതുപോലൊരു രംഗമൊന്നും സുഗമമായി യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഷൂട്ട് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കുറച്ചു മഴ നനയുമ്പോഴേക്കും അവരൊക്കെ ബ്രേക്ക് ആവശ്യപ്പെടും. മൂന്നു ദിവസം മുഴുവൻ മഴ നനഞ്ഞിട്ടും തൃഷ യാതൊരു പരാതിയും പറഞ്ഞില്ല എന്നുള്ളത് ഞങ്ങളെ അത്ഭുതപ്പെടുത്തി," അദ്ദേഹം പറഞ്ഞു.

ടൊവിനോ തോമസ്, വിനയ് റായ് എന്നിവരുടെ പക്കല്‍ നിന്നും സമാനമായ സമീപനമാണ് തങ്ങള്‍ക്ക് കിട്ടിയതെന്നതും അഖില്‍ പോള്‍ പറഞ്ഞു. അതൊരിക്കലും വിസ്‌മരിച്ച് കൂടാ. തൃഷ എന്ന അഭിനേത്രിയുടെ ഡെഡിക്കേഷനെ കുറിച്ച് സംസാരിച്ചപ്പോൾ മറ്റുള്ളവരുടെ സഹകരണത്തെ വിലകുറച്ച് കാണുന്നുവെന്ന് അർത്ഥമാക്കരുതെന്നും അഖിൽ പോൾ പറഞ്ഞു.

ഫ്ലൈറ്റിനകത്ത് വച്ചുള്ള ആക്ഷൻ സീനുകളും ഐഡന്‍റിറ്റിയിലുണ്ട്. ഫ്ലൈറ്റിനുള്ളിൽ വച്ചുള്ള ആക്ഷൻ സീനുകൾ ബോളിവുഡിലും ഹോളിവുഡിലും സർവ്വസാധാരണമാണ്.എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമാണ് ഫ്ലൈറ്റിനകത്ത് വച്ചുള്ള ആക്ഷൻ സീനുകൾ ചിത്രീകരിക്കുന്നത്. ആ രംഗങ്ങൾ ചിത്രീകരിച്ചതിനെ കുറിച്ചും അഖിൽ പോൾ വിശദീകരിച്ചു.

"ഐഡന്‍റിറ്റിയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ വളരെയധികം എക്‌സൈറ്റഡ് ആയി കാത്തിരുന്ന ദിനങ്ങളായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷറീസ് ആയിട്ടുള്ള ഗ്ലോബൽ 6000 എന്നൊരു പ്രൈവറ്റ് ജെറ്റിന്‍റെ മോഡലാണ് ക്ലൈമാക്‌സ്‌ ചിത്രീകരിക്കാൻ പുന സൃഷ്‌ടിച്ചിരുന്നത്. പ്രൈവറ്റ് ജെറ്റിന്‍റെ മോഡലും ഇന്‍റീരിയറും ചെയ്‌തെടുത്തത് മുംബൈയിൽ ആയിരുന്നു. സാബിയൻ തുഷാർ, വൈശാലി തുടങ്ങിയ എക്സ്പേർട്ടുകളുടെ മേൽനോട്ടത്തിലാണ് ഫ്ലൈറ്റിന്‍റഎ സെറ്റ് രൂപകല്ഡപ്പന. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ബോളിവുഡ് ആക്ഷൻ ചിത്രമായ കില്ലിന്‍റെ ട്രെയിൻ സീക്വന്‍സ്‌ സീനുകളുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവർത്തിച്ച് പരിചയമുള്ളവരാണ് ഇവർ. മുംബൈയിൽ ഫ്ലൈറ്റിന്‍റഎ അകത്തളവും പുറവും രൂപകൽപ്പന ചെയ്‌ത ശേഷം തൃശ്ശൂരിലേക്ക് കണ്ടെയ്‌നര്‍ മാര്‍ഗം എത്തിച്ചു," അഖിൽ പോൾ വിവരിച്ചു.

തൃശ്ശൂരിലെ സീതാറാം മിൽസ്സിലായിരുന്നു സിനിമയുടെ ഫ്ലൈറ്റ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. കണ്ടെയ്‌നറില്‍ തൃശ്ശൂരിലേക്ക് എത്തിച്ച സെറ്റ് പുനക്രമീകരിച്ചതിനെ കുറിച്ചും സംവിധായകന്‍ പങ്കുവച്ചു.

"സെറ്റ് പൂർണമായും പുനക്രമീകരിച്ച ശേഷമാണ് ഒരു ആക്ഷൻ ഡയറക്‌ടർ രംഗപ്രവേശം ചെയ്യുന്നത്. ഷാരൂഖ് ഖാൻ ചിത്രം ജവാൻ, ശിവകാർത്തികേയന്‍റെ മാവീരൻ തുടങ്ങി സിനിമകളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രശസ്‌തനായ യാനിക് ബെൻ ആയിരുന്നു ഐഡന്‍റിറ്റിയുടെ ക്ലൈമാക്‌സ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്‌തത്," അഖില്‍ പോള്‍ പറഞ്ഞു.

വര്‍ക്കിനായി യാനിക് ബെന്നിനെ സമീപിച്ച കഥയും അദ്ദേഹം പങ്കുവച്ചു. "സിനിമയുടെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഞാനും ഛായാഗ്രഹകൻ അഖിൽ ജോർജും ചെന്നൈയിൽ എത്തിയാണ് യാനിക് ബെന്നിനെ കാണുന്നത്. കൃത്യമായ ധാരണയോടു കൂടിയാണ് ആക്ഷൻ ഡയറക്‌ടറെ ഞങ്ങൾ കാണാൻ ചെന്നത്. ക്ലൈമാക്‌സ്‌ രംഗത്തിലെ ആക്ഷൻ കൊറിയോഗ്രാഫി എങ്ങനെ വേണം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. പ്രീ ഫിക്‌സ് ചെയ്‌തിട്ടുള്ള ഒരു വീഡിയോ റഫറൻസുമായാണ് അദ്ദേഹത്തോട് ഞങ്ങൾ സംസാരിക്കുന്നത്. ഞങ്ങളുടെ ആവശ്യകതകൾ കൃത്യമായി അദ്ദേഹം ഉൾക്കൊണ്ടു," അദ്ദേഹം പറഞ്ഞു.

തന്‍റെ അസിസ്‌റ്റന്‍സിനെ ഉപയോഗിച്ച് ആക്ഷൻ രംഗങ്ങൾ എങ്ങനെയാകണമെന്ന് ഡിസൈൻ ചെയ്‌ത് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്‌ത് തങ്ങൾക്ക് കാണിച്ചു തന്നുവെന്നും സംവിധായകന്‍ പറഞ്ഞു. "സിനിമയിൽ ഉപയോഗിക്കുന്ന സെറ്റിന്‍റെ അതേ വലിപ്പത്തിലുള്ള സ്ഥലത്ത് കൃത്യമായ ഡ്യൂറേഷനിൽ തന്നെയായിരുന്നു യാനിക് ബെൻ ഡെമോ വേർഷനും ഷൂട്ട് ചെയ്‌ത് കാണിച്ചുതന്നത്. പിന്നീട് ടൊവിനോ അടക്കമുള്ള അഭിനേതാക്കളെ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി അദ്ദേഹം നാല് ദിവസം റിഹേഴ്‌സൽ ചെയ്യിപ്പിച്ചു. ശേഷമാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ആരംഭിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ക്ലൈമാക്‌സിൽ വില്ലൻ കഥാപാത്രം വിമാനത്തിനുള്ളിൽ ഭക്ഷണം കഴിക്കുന്നുണ്ട്. ഇതേകുറിച്ചും സംവിധായകന്‍ വിശദീകരിച്ചു. "അദ്ദേഹം എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്, അത് എങ്ങനെയാണ് കഴിക്കേണ്ടത്, എന്ന് പോലും ഞങ്ങളുടെ ഡിസൈനിൽ ഉണ്ടായിരുന്നു. വില്ലന്‍റെ സമീപത്തേക്ക് ടൊവിനോയുടെ എൻട്രി എപ്രകാരമായിരിക്കണം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഞങ്ങളുടെ ഡിസൈനിനനുസരിച്ചാണ് ആക്ഷൻ ഡയറക്‌ടർ കൊറിയോഗ്രാഫി ചെയ്‌തിട്ടുള്ളത്. ആക്ഷൻ രംഗങ്ങൾ എത്ര സമയം വേണമെന്ന് പോലും തീരുമാനിച്ചത് തിരക്കഥയിലാണ്," അഖില്‍ പോള്‍ വിശദീകരിച്ചു.

ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വിമാനം 35,000 അടിയിൽ നിന്നും 15,000 അടിയിലേക്ക് കൂപ്പു കുത്തുന്നതിനെ കുറിച്ചും സംവിധായകന്‍ വിശദീകരിച്ചു. "വിമാനത്തിന്‍റെ ടർബുലൻസ് എത്ര സമയം ഉണ്ടായിരിക്കണം എന്നുള്ളത് കൃത്യമായി കാൽക്കുലേറ്റ് ചെയ്‌ത് തീരുമാനിച്ചതാണ്. 35,000 അടിയിൽ നിന്നും 15,000 അടിയിലേക്ക് എത്ര സമയം കൊണ്ടാകും നിയന്ത്രണം വിട്ട് വിമാനം താഴേക്ക് വരുക എന്നു പോലും ഞങ്ങൾ റിസർച്ച് ചെയ്‌ത് കണ്ടെത്തി. ഒരു ആക്ഷൻ രംഗം ഡിസൈൻ ചെയ്യാൻ ഇത്രയൊക്കെ റിസർച്ച് ചെയ്‌ത് കൃത്യമാക്കേണ്ട കാര്യമുണ്ടോ എന്ന് സംശയം വരാം," അദ്ദേഹം പറഞ്ഞു.

ചിത്രീകരണ സമയത്തെ സാഹചര്യങ്ങൾക്കനുസരിച്ച് എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ആവശ്യമായി വന്നാലോ എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. പ്രധാന പ്രശ്‌നം എന്തെന്നാൽ യാനിക് ബെന്നിനെ പോലുള്ള ആക്ഷൻ ഡയറക്ടേഴ്‌സ്‌ ഹോളിവുഡിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. ഹോളിവുഡ് സിനിമകളിൽ പലപ്പോഴും സ്‌റ്റണ്ട് മാനായി പ്രവർത്തിച്ച ശേഷമാണ് ഇവരൊക്കെ പിൽക്കാലത്ത് സ്വതന്ത്ര ആക്ഷൻ ഡയറക്ടേഴ്‌സ്‌ ആകുന്നത്. എല്ലാം കൃത്യമായ പ്ലാനോടെ ഷൂട്ട് ചെയ്യുന്ന രീതിയാണ് ഹോളിവുഡിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ചിത്രീകരിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള ശരിയായ മുൻധാരണ ഇല്ലെങ്കിൽ യാനിക് ബെന്നിനെ പോലുള്ള വിദേശ ആക്ഷൻ ഡയറക്‌ടേഴ്‌സിനെ ഉൾപ്പെടുത്തുമ്പോൾ ബുദ്ധിമുട്ടാകുമെന്നാണ് അഖിൽ പോൾ പറയുന്നത്. തങ്ങള്‍ നല്‍കിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കൃത്യമായ തയ്യാറെടുപ്പോടുകൂടിയാണ് യാനിക് ബെന്നും സംഘവും ലൊക്കേഷനിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

"ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ എവിടെയാണ് ബോൾട്ട് ക്യാമറ ഉപയോഗിക്കേണ്ടതെന്നും, ടൊവിനോയും സാറയും തമ്മിലുള്ള സംഘട്ടന രംഗം എപ്പോൾ ആയിരിക്കണം എന്നും ഞങ്ങൾ ആദ്യം തന്നെ ഡിസൈൻ ചെയ്‌തിട്ടുണ്ടായിരുന്നു. സംഘട്ടന സമയത്ത് പരസ്‌പരം ആക്രമിക്കുമ്പോൾ കയ്യിൽ കിട്ടുന്ന വസ്‌തുക്കൾ വെറുതെ എടുത്ത് അടിക്കാൻ ഉപയോഗിച്ചിട്ടില്ല. ഫയർ എസ്‌റ്റിഗ്യൂഷർ ഉപയോഗിച്ചിട്ടുള്ള ഒരു ബ്ലോക്ക് വേണം എന്നൊക്കെ ആദ്യമെ തീരുമാനിച്ചിരുന്നു. സംഘട്ടന രംഗങ്ങളിൽ ഉപയോഗിക്കുന്ന പ്രോപ്പർട്ടീസ് ഏതൊക്കെ ആയിരിക്കണമെന്ന് ആദ്യം തന്നെ എഴുതി തിട്ടപ്പെടുത്തിയിരുന്നു. ഞങ്ങൾ നൽകിയ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കൃത്യമായി തയ്യാറെടുത്താണ് യാനിക് ബെന്നും സംഘവും ലൊക്കേഷനിൽ എത്തുന്നത്," അഖിൽ പോൾ വ്യക്‌തമാക്കി.

സിനിമ ഒരുക്കാന്‍ മികച്ച പിന്തുണയോടെ കടന്നുവന്ന നിര്‍മ്മാതാവിനെ കുറച്ചും സംവിധായകന്‍ വാചാലനായി. നിർമ്മാതാക്കളുടെ പൂർണ്ണ പിന്തുണയാണ് ഐഡന്‍റിറ്റി എന്ന സിനിമയുടെ സമ്പൂർണ്ണ വിജയത്തിന് കാരണമെന്നും അഖിൽ പോൾ പറഞ്ഞു.

"ഐഡന്‍റിറ്റിയുടെ ആശയം ചർച്ച ചെയ്യുമ്പോൾ തന്നെ മികച്ച പിന്തുണയോടെ പണം മുടക്കാൻ മുന്നോട്ടുവന്ന നിർമ്മാതാവിനെ ഒരിക്കലും വിസ്‌മരിച്ചു കൂടാ. ക്ലൈമാക്‌സിലെ ഫ്ലൈറ്റ് ആക്ഷൻ സീനിനെ കുറിച്ച് പറയുമ്പോൾ ഇതുവരെ മലയാളത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ലല്ലോ, നമുക്കിത് ചെയ്യാമെന്ന് സധൈര്യം പറഞ്ഞ വ്യക്‌തിത്വങ്ങളാണ് നിർമ്മാതാവ് രാജു മല്യത്ത്, ഡോക്‌ടർ സിജെ റോയ് എന്നിവർ. പ്രൊഡക്ഷൻ ഭാഗത്ത് യാതൊരു വിട്ടുവീഴ്‌ച്ചയും നിർമ്മാതാക്കൾ ചെയ്‌തിട്ടില്ല. പണം ലഭിക്കാൻ അവരുടെ ഭാഗത്തു നിന്നും എന്തെങ്കിലും നീക്കം സംഭവിച്ചിരുന്നെങ്കിൽ സിനിമയുടെ ഗുണനിലവാരത്തെ അത് സാരമായി ബാധിച്ചേനെ," സംവിധായകന്‍ പറഞ്ഞു.

സംവിധായകന്‍ അനസ്‌ ഖാനെ പോലെ തന്നെ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണ് ടൊവിനോ തോമസ് എന്നും അദ്ദേഹം പറഞ്ഞു. 2014ൽ സെവൻത് ഡേ എന്ന സിനിമയുടെ ഭാഗമായിരിക്കുമ്പോഴാണ് ടൊവിനോയെ പരിചയപ്പെടുന്നതെന്നും നീണ്ട 10 വർഷത്തെ ആഴമേറിയ സൗഹൃദമാണ് തങ്ങള്‍ തമ്മിലെന്നും അദ്ദേഹം വ്യക്‌തമാക്കി.

"2023 ഡിസംബർ മുതൽ 2024 ജൂലൈ വരെ ഐഡന്‍റിറ്റി എന്ന സിനിമയിൽ അല്ലാതെ ടൊവിനോ തോമസ് മറ്റൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. നീണ്ട 132 ദിവസത്തെ ചിത്രീകരണം ആയിരുന്നു ഐഡന്‍റിറ്റിക്ക് ആവശ്യമായി വന്നത്. ടൊവിനോയെ പോലൊരു സൂപ്പർ താരത്തിന് പൂർണ്ണമായും മറ്റു സിനിമകൾ മാറ്റിവെച്ച് ഞങ്ങളോടൊപ്പം നിൽക്കേണ്ട കാര്യമില്ല. പക്ഷേ ഐഡന്‍റിറ്റി എന്ന ഞങ്ങളുടെ വലിയ വിഷനൊപ്പം അദ്ദേഹവും മികച്ച പിന്തുണയോടെ കൂടെക്കൂടി. എല്ലാ അർത്ഥത്തിലും സിനിമയുടെ വിജയ ഘടകത്തെ കുറിച്ച് മാത്രമായിരുന്നു ടൊവിനോയുടെയും ചിന്ത," സംവിധായകന്‍ പറഞ്ഞു.

ഐഡന്‍റിറ്റിയില്‍ 99 ശതമാനം ആക്ഷൻ രംഗങ്ങളും ടൊവിനോ തോമസ് ഡ്യൂപ്പിന്‍റെ സഹായമില്ലാതെ ചെയ്‌തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. "ഈ സിനിമയിൽ ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ ഒരു ഡ്യൂപ്പിനെ ഉപയോഗിക്കാൻ പാടില്ലെന്ന് സംവിധായകൻ എന്ന രീതിയിൽ എനിക്ക് വളരെ ഈസിയായി പറയാം. ഡ്യൂപ്പിനെ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ടൊവിനോയ്ക്കുണ്ട്. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ട്, ആയോധന കലകളിൽ പരിജ്ഞാനമുണ്ട്. എങ്കിലും ചില റിസ്ക്കുകൾ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിന് തന്നെയാണ്. ഒരാവേശത്തിൽ എടുത്തുചാടി എന്തെങ്കിലും ചെയ്‌ത്, അപകടം സംഭവിച്ചാൽ തുടർന്നുള്ള നമ്മുടെ സിനിമയുടെ ചിത്രീകരണവും മറ്റുള്ള സിനിമകളുടെ ചിത്രീകരണവും ബാധിക്കപ്പെടും. എങ്കിലും 99 ശതമാനം ആക്ഷൻ രംഗങ്ങളും ടൊവിനോ ഡ്യൂപ്പ് ഉപയോഗിക്കാതെ ചെയ്‌തു," അഖിൽ പോൾ വ്യക്‌തമാക്കി.

ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ കഥാപാത്രത്തിന് ചില പ്രത്യേകതകൾ ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രീകരണ സമയത്തുടനീളം വലിയ പ്രയത്നത്തിലൂടെയാണ് ടൊവിനോ കഥാപാത്രമായി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

"ഈ സിനിമയിൽ ടൊവിനോയുടെ കഥാപാത്രത്തിന് ചില പ്രത്യേകതകൾ ഉണ്ട്, സ്വഭാവ രീതികൾ ഉണ്ട്, കൈകളുടെ ചലനങ്ങൾക്ക് പോലും ചില രീതികളുണ്ട് . സിനിമയുടെ ചിത്രീകരണ സമയത്ത് ഉടനീളം വലിയ പ്രയത്നത്തിലൂടെയാണ് അദ്ദേഹം കഥാപാത്രമായി നിലകൊണ്ടത്. ദീർഘനാൾ നീണ്ടു നിൽക്കുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിലുടനീളം കഥാപാത്രത്തെ നഷ്‌ടപ്പെടാതെ സംരക്ഷിക്കുക എന്നത് ഒരു നടന്‍റെ വലിയ കഴിവാണ്. വലിയ എഫർട്ട് അദ്ദേഹം അതിന് നൽകേണ്ടതായുണ്ട്. ഒരു സംവിധായകന്‍റെ കാഴ്‌ച്ചപ്പാടിനൊപ്പം സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. ടൊവിനോ എന്ന സുഹൃത്ത് ടൊവിനോ എന്ന സ്‌റ്റാർ ടൊവിനോ എന്ന നടന്‍.. ഈ മൂന്ന് ഘടകങ്ങളുടെയും അസാധാരണമായ സഹകരണമാണ് ഐഡന്‍റിറ്റിയുടെ ഏറ്റവും വലിയ വിജയം," അഖിൽ പോൾ വ്യക്‌തമാക്കി.
Also Read: പോറലുകളിൽ ചോര കാണുന്നത് ഞങ്ങൾക്കൊരു ഹരം ആയിരുന്നു: ശിവജിത്ത് അഭിമുഖം - ACTOR SHIVAJITH INTERVIEW

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.