ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത 'മാര്‍ക്കോ' ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ക്രിസ്‌മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ വിജയക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'മാര്‍ക്കോ' ഇതുവരെ നേടിയിരിക്കുന്നത് 115 കോടി രൂപയാണ്. നിലവില്‍ 450 ലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ആഗോളതലത്തിലാണ് 115 കോടി രൂപ കളക്‌ട് ചെയ്‌തിരിക്കുന്നത്. സിനിമയുടെ കളക്ഷന്‍ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടുന്നത്. ഈ റെക്കോര്‍ഡും 'മാര്‍ക്കോ'യ്‌ക്ക് സ്വന്തം. ഡിസംബര്‍ 20ന് റിലീസ് ചെയ്‌ത ചിത്രം ആദ്യ ഷോ മുതല്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ബോളിവുഡിലും സിനിമയ്‌ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പ്രധാനമായും മലയാളത്തില്‍ റിലീസ് ചെയ്‌ത ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രദർശനം തുടരുകയാണ്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്‌റ്റർ ലുക്കിലാണ് സിനിമയില്‍ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍റെയും ജഗദീഷിന്‍റെയും അസാധ്യമായ അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് ചിത്രത്തിലുള്ളത്. കലൈ കിങ്ങ്‌സ്‌റ്റൺ ആണ് ആക്ഷൻ ഡയറക്‌ടർ.
ഉണ്ണി മുകുന്ദന്‍, ജഗദീഷ് എന്നിവരെ കൂടാതെ ആൻസൺ പോൾ, അഭിമന്യു തിലകൻ, സിദ്ദീഖ്, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), യുക്‌തി തരേജ തുടങ്ങിയവരും നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഒട്ടേറെ പുതുമുഖ താരങ്ങളും സിനിമയുടെ ഭാഗമായി.
കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം & ഡിസൈൻ - ധന്യാ ബാലകൃഷ്‌ണൻ, ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം - ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ - സപ്‌ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി - രാജകൃഷ്‌ണൻ എം ആർ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അബ്‌ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.