തെന്നിന്ത്യയുടെ പ്രിയതാരം ചിയാൻ വിക്രമിന്‍റെ പിറന്നാളാണിന്ന്. നിശ്‌ചയദാർഢ്യത്തിന്‍റെയും പകരുംവയ്‌ക്കാനില്ലാത്ത ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും, എന്തിനേറെ പറയുന്നു അതിജീവനത്തിന്‍റെയും മറുപേരായി മാറിയ വിക്രം. നടനാകണമെന്ന തന്‍റെ അടങ്ങാത്ത ആഗ്രഹത്തെ നിശ്ചയദാർഢ്യത്തിന്‍റെ കരുത്തിൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ വിക്രം ഇന്നും സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള ഓട്ടത്തിലാണ്, പുതിയ രൂപത്തിൽ, ഭാവത്തിൽ തന്‍റെ ആരാധകർക്കരികിലേക്കെത്താൻ.
ഓരോ കഥാപാത്രത്തിനും അതിന്‍റെ പെർഫെക്ഷനുമായി വിക്രം എടുക്കുന്ന കഠിനാധ്വാനത്തെ കുറിച്ച് ആരാധർക്ക് എന്നും നൂറുനാവാണ്. വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചയും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനുംകൊണ്ട് ഓരോ വട്ടവും വിക്രം സിനിമാസ്വാദകരെ ഞെട്ടിക്കുന്നു, അടുത്തത് എന്ത് എന്ന കൗതുകത്തിൽ പ്രേക്ഷകർ കാത്തിരിപ്പ് തുടരുന്നു. ഇന്ന് 58-ാമത്തെ വയസിലും സിനിമയോടുള്ള അഭിനിവേശമോ പ്രണയമോ തെല്ലും കുറഞ്ഞിട്ടില്ല വിക്രമിന്. താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതുമായ സിനിമകൾ നോക്കിയാൽ അത് ബോധ്യമാവും.
ചെറുപ്പകാലം മുതൽ കെന്നഡി ജോൺ വിക്‌ടർ എന്ന വിക്രം മനസിൽ സൂക്ഷിച്ചുവച്ചതാണ് അഭിനയമോഹം. സിനിമാസ്വപ്‌നം കൊണ്ട് വീട്ടിൽ നിന്ന് ഒളിച്ചോടിയ ആളായിരുന്നു വിക്രമിന്‍റെ പിതാവ് പരമക്കുടി സ്വദേശിയായിരുന്ന ജോൺ വിക്‌ടർ (വിനോദ് രാജ്). പക്ഷേ ചെറിയ വേഷങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ പിതാവിന്‍റെ സിനിമാഭിനിവേശം വിക്രമിനെ നാടകപാഠങ്ങൾ പഠിക്കാനും ക്ലാസിക്കൽ, സിനിമ നൃത്ത രൂപങ്ങളിൽ പ്രൊഫഷണലായി പരിശീലനം നേടാനും വഴിയൊരുക്കി.
സ്‌കൂൾ വിദ്യാഭ്യാസത്തിന് പിന്നാലെ അഭിനയത്തിലേക്ക് തിരിയാനായിരുന്നു വിക്രമിന്‍റെ 'പ്ലാൻ'. എന്നാൽ പിതാവിന്‍റെ നിർദേശത്തെ തുടർന്ന് കോളജിലെത്തി. ഇതിനിടെയാണ് വിക്രമിന് വലിയൊരു വാഹനാപകടം സംഭവിക്കുന്നത്. കാൽ മുറിച്ചുമാറ്റേണ്ടുന്ന സാഹചര്യംപോലുമുണ്ടായി. എന്നാൽ ഇരുപതിലേറെ സർജറികൾക്ക് വിധേയനായ അദ്ദേഹം തന്‍റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം അപകടത്തെ തരണംചെയ്‌തു.
സിനിമയിലേക്ക്:ആദ്യനാളുകളിൽ തമിഴിൽ നേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വിക്രം പ്രത്യക്ഷപ്പെട്ടു. 1992 ൽ പ്രശസ്ത ക്യാമറാമാൻ പി സി ശ്രീറാമിന്‍റെ' മീര' എന്ന ചിത്രത്തിലൂടെയായിരുന്നു വിക്രമിന്‍റെ തുടക്കം. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് പുതിയ മനർകൾ എന്ന സിനിമയിൽ നായകനായെങ്കിലും വിജയം തുണച്ചില്ല. പിന്നാലെ മലയാളത്തിലേക്ക്.