മലയാളത്തിലെ പ്രശസ്‌തനായ കാസ്‌റ്റിംഗ് ഡയറക്‌ടറും ആക്‌ടിംഗ് കോച്ചുമാണ് രാജേഷ് നാരായണൻ. പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന ചിത്രം 'കാളിയൻ', 'ഒരു തെക്കൻ തല്ലു കേസ്', 'നുണക്കുഴി' തുടങ്ങി സിനിമകളുടെ കാസ്‌റ്റിംഗ് ഡയറക്‌ടറും ആക്‌ടിംഗ് കോച്ചുമാണ് അദ്ദേഹം. തന്‍റെ സിനിമ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് രാജേഷ് നാരായണന്‍.
"നമ്മുടെ അവകാശങ്ങൾ മറ്റൊരാളുടെ ഔദാര്യമാണെന്ന് കരുതുന്നവരും, ഞാന്‍ ഇതിന് അർഹനാണോ അല്ലയോ എന്ന് സ്വയം ബോധ്യം ഇല്ലാത്തവരും, കൊച്ചിയിലെ പൈപ്പ് വെള്ളത്തിൽ വിശപ്പടക്കി പരാജയം നുണയേണ്ടി വരും. പൗലോ കൊയ്‌ലോയുടെ പുസ്‌തകങ്ങൾ വായിച്ച് സ്വയം പ്രചോദനമായി സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ വിജയിക്കുന്നത് 10 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ്. ബാക്കി 90 ശതമാനം ആളുകളും ജീവിതത്തിന്‍റെ നല്ല സമയം പാഴാക്കി ബാക്കിയുള്ള കാലം സ്വയം പഴിച്ച് ജീവിക്കുന്നതായി കാണാം "-രാജേഷ് നാരായണന്‍ പറഞ്ഞു.
സൂപ്പര്‍ സ്‌റ്റാര്‍ ആകണമെന്നും സിനിമയില്‍ എത്തിപ്പെടണമെന്നും ആഗ്രഹിച്ച് ജീവിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു താരമാകാൻ തീരുമാനിച്ച് അതിനായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് കാസ്‌റ്റിംഗ് ഡയറക്‌ടർ രാജേഷ് നാരായണന് ഇതേകുറിച്ച് പറയാനുള്ളത് കേള്‍ക്കാം. അഭിനയിക്കാന്‍ കഴിവില്ലെന്ന് ബോധ്യമായാല്‍ ഉടന്‍ തന്നെ സ്വയം പിന്‍മാറുന്നതാണ് ഭാവിക്ക് നല്ലതെന്ന് അദ്ദേഹം പറയുന്നു.
"അഭിനയ മോഹവുമായി കടന്നു വരുന്ന ഒരാൾ താൻ അഭിനയ രസങ്ങളുമായി ഒട്ടും യോജിക്കുന്ന ആളല്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പിന്‍മാറുന്നതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്. കഠിനാധ്വാനത്തിലൂടെ ചിലപ്പോൾ ചില അവസരങ്ങൾ ലഭിച്ചെന്ന് വരാം. പക്ഷേ ഭാവിയിൽ എനിക്കിത് വഴങ്ങില്ല പിന്‍മാറിയേക്കാം എന്ന് തീരുമാനിക്കുമ്പോൾ വൈകിപ്പോകും.
ഒരു മനുഷ്യായുസ്സിന്‍റെ ഭൂരിഭാഗവും ജീവിച്ചു തീർത്ത ശേഷമാകും പലർക്കും തിരിച്ചറിവുകൾ ഉണ്ടാവുക. അപകടകരമാണ്. തോറ്റാൽ പിന്‍മാറുക എന്നല്ല ഈ പറഞ്ഞതിന്‍റെ അർത്ഥം. തോറ്റതിന്‍റെ കാരണം മനസ്സിലാക്കി ബുദ്ധിപരമായി മുന്നേറുക. ബുദ്ധിയുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒരു മാനസികാവസ്ഥയാണ് തിരിച്ചറിവ്.
പിന്‍മാറാനും പഠിക്കണം. പിന്‍മാറുമ്പോഴാകാം കരയിലേക്ക് പിടിച്ചു കയറാൻ മറ്റൊരു വഴി തെളിയുക. പിന്‍മാറാൻ നിങ്ങൾക്ക് മനസ്സില്ലെങ്കിൽ എല്ലാവരുടെയും കണ്ണുകൾ മുകളിൽ കൈ നീട്ടി നിൽക്കുന്ന വ്യക്‌തിയിലേക്ക് മാത്രം കേന്ദ്രീകരിക്കും. മരണത്തെ ഉൾക്കൊള്ളാൻ പഠിച്ചാൽ മാത്രമെ ഒരു പിൻമാറ്റവും സാധ്യമാകൂ. അവിടെ നിന്ന് മറ്റൊരു വഴി കണ്ടെത്തുന്നത് ചിലപ്പോൾ ജീവിതത്തിലേക്കാകാം. ചുരുക്കം ചിലർക്ക് മാത്രം അവസരം ലഭിക്കുന്ന ഒരു മേഖലയാണ് സിനിമയെന്ന് എല്ലാവരും മനസ്സിലാക്കണം.
കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്കും അഭിനയിക്കാൻ ആഗ്രഹമുണ്ട്. അത്രയും പേർക്ക് ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല. എങ്കിലും പഴയ കാലത്തേക്കാൾ പുതിയ കാലത്ത് സിനിമയിൽ എത്തിപ്പെടാൻ എളുപ്പമാണ്. പുതിയ വ്യക്‌തികൾക്ക് ധാരാളം അവസരം കിട്ടുന്നുമുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിൽ മുഖം കാണിക്കുന്നതല്ല അഭിനയം."-രാജേഷ് നാരായണന്‍ വ്യക്‌തമാക്കി.
അഭിനയ കളരികളെ കുറിച്ചും കാസ്‌റ്റിംഗ് ഡയറക്‌ടര്‍ പറയുന്നു. അഭിനേതാവാൻ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് തനിക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു അവസരമാണ് അഭിനയ കളരികൾ. അഭിനയം എന്ന പാഷന് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കണോ എന്ന് അവിടെ നിങ്ങൾക്കൊരു തീരുമാനമെടുക്കാം. തിരിച്ചറിവുകൾ ഒരുപക്ഷേ വീഴ്‌ച്ചയുടെയും വിജയത്തിന്‍റെയും ആഘാതം സന്തുലിതമാക്കുമെന്നും അദ്ദേഹം പറയുന്നു.
"പണ്ടത്തെ പോലെയല്ല ഇപ്പോൾ സിനിമ മേഖല. പണ്ട്, ചുരുക്കം ചിലരിലേക്ക് ഒതുങ്ങി കൂടിയതായിരുന്നു സിനിമാലോകം. ഇന്ന് ധാരാളം പേർക്ക് അവസരം ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന അവസരം പാഴായിപ്പോയാൽ ആ വിടവിലേക്ക് ഇടിച്ചു കയറാൻ പിന്നാലെ 100 പേർ കാത്തിരിക്കുന്നുണ്ട്. എത്രയൊക്കെ ആത്‌മവിശ്വാസം ഉണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ പാളിപ്പോവുക സ്വാഭാവികമാണ്.
നിങ്ങളുടെ ഉൾ മനസ്സിലേക്ക് നിങ്ങൾക്ക് തന്നെ സഞ്ചരിക്കാനുള്ള അവസരം ഒരുക്കി തരികയാണ് അഭിനയ കളരികൾ. നമുക്കൊക്കെ ഒരു മനോ ശരീര ബന്ധമുണ്ട്. അങ്ങനെ മനസ്സും ശരീരവും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കൃത്യമാണോ എന്ന് നിങ്ങൾക്ക് സ്വയം ബോധ്യപ്പെടും. മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ലെങ്കിൽ തിരിച്ചറിഞ്ഞ് പിന്‍മാറാം. അങ്ങനെ അല്ലെങ്കിൽ മുന്നോട്ടു പോകാം.