ഹൈദരാബാദ് :ബോളിവുഡ് യുവനടിമാരിൽ ശ്രദ്ധേയയാണ് ജാൻവി കപൂർ. 2018ൽ പുറത്തിറങ്ങിയ 'ധടക്' എന്ന സിനിമയിലൂടെ ആയിരുന്നു അന്തരിച്ച നടി ശ്രീദേവിയുടെ, മകൾ കൂടിയായ ജാൻവിയുടെ സിനിമാപ്രവേശം. പിന്നീട് നിരവധി സിനിമകളിലൂടെ താരം ആരാധകരെ സ്വന്തമാക്കി. തെന്നിന്ത്യയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് ജാൻവി. രാം ചരണിനും സൂര്യയ്‌ക്കുമൊപ്പം താരം അഭിനയിക്കുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാൻവി കപൂറിന്‍റെ പിതാവും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂർ. രാം ചരണിനൊപ്പം തെലുഗു സിനിമയിൽ ജാൻവി അഭിനയിക്കുമെന്ന് ബോണി കപൂർ പറഞ്ഞു. 'ഉപ്പേന' എന്ന സിനിമയിലൂടെ പ്രശസ്‌തിയാർജിച്ച സംവിധായകൻ ബുച്ചി ബാബു സനയാകും ഈ ചിത്രം സംവിധാനം ചെയ്യുക. ജാൻവി ഔദ്യോഗികമായി കരാറിൽ ഒപ്പുവച്ചതായും എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ച് ബോണി കപൂർ വ്യക്തമാക്കി (Boney Kapoor on Janhvi's next with Ram Charan).
ജാൻവിയുടെ രണ്ടാമത്തെ തെലുഗു സിനിമയാകും ഇത്. ജൂനിയർ എൻടിആറിനൊപ്പമുള്ള 'ദേവര' എന്ന ചിത്രത്തിലൂടെയാണ് ജാൻവി തെലുഗു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നിലവിൽ ജാൻവി. ഇതിനിടെ തൻ്റെ മകളുടെ തെലുഗു സിനിമയിൽ അഭിനയിക്കാനുള്ള ആവേശവും ആഗ്രഹവും ബോണി കപൂർ പരസ്യമാക്കി.