കേരളം

kerala

ETV Bharat / entertainment

"ഇത് അല്ലു അര്‍ജുന്‍റെ തെറ്റല്ല"; അറസ്‌റ്റില്‍ പ്രതികരിച്ച് യുവതിയുടെ ഭര്‍ത്താവ് - BHASKAR REACTS ON ARREST

അല്ലു അർജുനെ പിന്തുണച്ച് രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. കേസില്‍ അല്ലു അര്‍ജുന്‍ അറസ്‌റ്റിലായ സാഹചര്യത്തിലാണ് ഭാസ്‌കറുടെ പ്രതികരണം. തന്‍റെ ഭാര്യ സിനിമ കാണാൻ ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത് എന്നുമാണ് ഭാസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ALLU ARJUN  ALLU ARJUNS ARREST  SANDHYA THEATRE STAMPEDE TRAGEDY  പ്രതികരിച്ച് യുവതിയുടെ ഭര്‍ത്താവ്
Bhaskar reacts on Allu Arjuns arrest (ETV Bharat)

By ETV Bharat Entertainment Team

Published : Dec 13, 2024, 5:35 PM IST

സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്‌റ്റിലായ തെലുഗു സൂപ്പർതാരം അല്ലു അർജുനെ പിന്തുണച്ച് രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. കേസില്‍ അല്ലു അര്‍ജുന്‍ അറസ്‌റ്റിലായ സാഹചര്യത്തിലാണ് ഭാസ്‌കറുടെ പ്രതികരണം.

ഇത് അല്ലു അര്‍ജുന്‍റെ തെറ്റല്ല എന്നാണ് ഭാസ്‌കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തന്‍റെ ഭാര്യ സിനിമ കാണാൻ ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് അവള്‍ പരിപാടിയിൽ പങ്കെടുത്തത് എന്നുമാണ് ഭാസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കൂടാതെ, കേസ് പിൻവലിക്കാനുള്ള സന്നദ്ധതയും ഭാസ്‌കര്‍ പ്രകടിപ്പിച്ചു. കേസിലെ സംഭവ വികാസങ്ങളെ കുറിച്ച് പൊലീസ് തന്നെ അറിയിച്ചില്ലെന്നും, തന്‍റെ മൊബൈൽ ഫോണില്‍ വന്ന വാർത്തകളിലൂടെ മാത്രമാണ് അല്ലു അർജുന്‍റെ അറസ്‌റ്റിനെ കുറിച്ച് താൻ അറിഞ്ഞതെന്നും ഭാസ്‌കർ വ്യക്‌തമാക്കി.

അതേസമയം കേസില്‍ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം അല്ലു അര്‍ജുനെ നാമ്പള്ളി കോടതിയിൽ ഹാജരാക്കിയിരുന്നു. നാമ്പള്ളി കോടതിയിൽ നിന്നും താരത്തെ ചഞ്ചൽ ഗുഡ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ മാസം 27 വരെയാണ് അല്ലു അര്‍ജുനെ നാമ്പള്ളി കോടതി റിമാൻഡ് ചെയ്‌തത്. അതേസമയം കേസില്‍ ആശ്വാസം തേടി അല്ലു അര്‍ജുനും, താരത്തിന്‍റെ ലീഗല്‍ ടീമും തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന 'പുഷ്‌പ 2: ദി റൂള്‍' പ്രീമിയര്‍ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (35) യാണ് മരിച്ചത്.

ഭര്‍ത്താവ് ഭാസ്‌കര്‍, മക്കളായ ശ്രീതേജ്, സാന്‍വിക്ക് എന്നിവര്‍ക്കൊപ്പമാണ് രേവതി 'പുഷ്‌പ 2'വിന്‍റെ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലേയ്‌ക്ക് അപ്രതീക്ഷിതമായി എത്തുകയും ആരാധകരുടെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്‌തു.

ഈ അവസരത്തില്‍ തിയേറ്ററിലേയ്‌ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും അവരുടെ അവരുടെ 13 വയസ്സ് പ്രായമുള്ള മകന്‍ ശ്രീതേജും കുഴഞ്ഞു വീഴുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീ തേജ് ചികിത്സയില്‍ തുടരുകയാണ്.

തുടര്‍ന്ന് അപകടം നടന്ന സന്ധ്യ തിയേറ്റര്‍ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ശേഷമാണ് കേസില്‍ അല്ലു അര്‍ജുനെ പ്രതി ചേര്‍ക്കുന്നത്. അല്ലു അർജുനും താരത്തിന്‍റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനും എതിരെ 105, 118 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തു.

അതേസമയം അപകടത്തില്‍ മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അല്ലു അർജുൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ശ്രീ തേജിൻ്റെ ചികിത്സ ചെലവുകൾ വഹിക്കുമെന്നും കുടുംബത്തെ നേരില്‍ കാണുമെന്നും താരം വാഗ്‌ദാനം ചെയ്‌തിരുന്നു.

Also Read: സന്ധ്യ തിയേറ്റര്‍ സംഭവം: അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു - ALLU ARJUN

ABOUT THE AUTHOR

...view details