കൊല്‍ക്കത്ത: സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ രഹസ്യ മൊഴി നല്‍കി ബംഗാളി നടി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി രഹസ്യ മൊഴി നല്‍കിയത്. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് തന്നെ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്തിനെതിരെ കേസെടുക്കുകയായിരുന്നു. സിനിമയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞ് കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് നടി പറഞ്ഞു.
സംവിധായകന്‍റെ ഉദ്ദേശം മനസിലാക്കി ഫ്ലാറ്റില്‍ നിന്നും പുറത്തിറങ്ങി സ്വന്തം താമസ സ്ഥലത്തേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നാലെ സംവിധായകനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.