എറണാകുളം: ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സമാധിയിരുത്തിയ കല്ലറ പൊളിച്ചു പരിശോധിക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തിൽ എത്തേണ്ടിവരും.നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.
എന്നാൽ, ആര്‍ഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വക്കറ്റ് രഞ്ജിത് ചന്ദ്രന്‍ വാദിച്ചു. എങ്കില്‍ മരണം സംഭിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു.സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതുകൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.കല്ലറ തുറക്കുന്നത് അന്വേഷണത്തിൻ്റെ ഭാഗമാണ്. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമമെന്നും കോടതി പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു.
മരണം എവിടെയാണ് അംഗീകരിച്ചതെന്നും ഇക്കാര്യത്തില്‍ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഹര്‍ജിക്കാരുടെ വാദം പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. ഗോപൻ സ്വാമി എങ്ങനെ മരിച്ചുവെന്ന് പറയാൻ കുടുംബത്തോട് കോടതി ചോദിച്ചു. മരണം എവിടെയാണ് അംഗീകരിച്ചതെന്ന് പറയണമെന്നായിരുന്നു കോടതിയുടെ നിലപാട്. ഒരു മനുഷ്യനെ കാണാതായാൽ അത് അന്വേഷിക്കാൻ ഏജൻസികൾക്ക് അവകാശമുണ്ടെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കി.എന്തിനാണ് പേടിയെന്നും ഹർജിക്കാരോട് ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബത്തിൻ്റെ ഹർജി.
ഹർജിയിൽ ജില്ലാ കലക്‌ടർ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. കുടുംബം നൽകിയ ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച്ചത്തേക്ക് മാറ്റി. സമാധി സ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ജില്ലാ കളക്ടർ, ആർ ഡി ഒ, പൊലീസ് എന്നിവരെ എതിർകക്ഷിയാക്കി ഗോപന്‍ സ്വാമിയുടെ ഭാര്യ ഹര്‍ജി നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് തിങ്കളാഴ്‌ച സമാധി പൊളിക്കാൻ എത്തിയത്. വീട്ടുകാരുടെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായി സമാധി പൊളിച്ചേ തീരൂയെന്നാണ് പൊലീസ് നിലപാട്.
ഗോപൻസ്വാമി സ്വയമേ നടന്ന് സമാധിപീഠത്തിലിരുന്നെന്നും തുടർന്ന് സമാധിയായെന്നുമാണ് വീട്ടുകാർ മൊഴി നൽകിയത്. ജീവൽസമാധിയായതിനാലാണ് നാട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാത്തതെന്നായിരുന്നു കുടുംബം വാദിച്ചത്. ഇതേത്തുടര്‍ന്നാണ് നാട്ടുകാർ സംശയവുമായി പൊലീസിനെ സമീപിച്ചത്.