ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനൊരുങ്ങി നര്‍ത്തികയായ മേതില്‍ ദേവിക. സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്‍റ്സ് വിസയാണ് ദേവിക നേടിയത്. ആഗോള തലത്തിലുള്ള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്‍റ് വിഭാഗത്തിലാണ് ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് മേതില്‍ ദേവികയ്ക്ക് സ്ഥിരതാമസത്തിനുള്ള വിസ നല്‍കിയത്. താനും മകനും ഓസ്ട്രേലിയയില്‍ സ്ഥിര താമസമാക്കാനുള്ള അര്‍ഹത നേടിയിരിക്കുകയാണെന്നും ഈ വിവരം ആരാധകരെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മേതില്‍ ദേവിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
'ഗ്ലോബല്‍ ടാലന്‍റ് വിഭാഗത്തില്‍ ഓസ്ട്രേലിയന്‍ ഗാവണ്‍മെന്‍റ് എനിക്ക് പെര്‍മനന്‍റ് റെസിഡന്‍റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ആഗോള തലത്തില്‍ ഒരാളുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്ന നിലയില്‍ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്‌ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞാനും എന്‍റെ മകനും ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാകാനുള്ള അര്‍ഹത നേടിയിരിക്കുകയാണ്' മേതില്‍ ദേവിക കുറിച്ചു.
വിഷ്‌ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതില്‍ ദേവിക. ഒന്നര വര്‍ഷത്തോളം വിഷ്‌ണു മോഹന്‍ കഥയുമായി പിന്നാലെ നടന്നതോടെയാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് മേതില്‍ ദേവിക പറഞ്ഞിരുന്നു.