അമിത് ഷായുടെ പരാമര്‍ശം; രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ് - CONGRESS FOR NATION WIDE PROTEST
എംപിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും അതത് മണ്ഡലങ്ങളില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കും.
Published : Dec 21, 2024, 7:23 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബി ആര്‍ അംബേദ്‌കർ പരാമര്‍ശത്തില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ചൊവ്വാഴ്‌ചയാണ് കോണ്‍ഗ്രസിന്‍റെ പ്രക്ഷോഭം. രണ്ടു ദിവസങ്ങളിലായി കോണ്‍ഗ്രസിന്‍റെ എല്ലാ പാര്‍ലമെന്‍റംഗങ്ങളും പ്രവര്‍ത്തക സമിതി അംഗങ്ങളും ഇത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും.
ഇതു സംബന്ധിച്ച് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും ബാബാ സഹേബ് അംബേദ്‌കർ സമ്മാന്‍ മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അംബേദ്‌കറിന്‍റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിക്കൊണ്ടാകും മാര്‍ച്ച് ആരംഭിക്കുക. അതത് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് പരാതി നല്‍കുന്നതോടെ മാര്‍ച്ചിന് സമാപനമാകും. ഡിസംബര്‍ പതിനെട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ നടത്തിയ അംബേദ്‌കറിനെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിനിടെ നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അംബേദ്‌കറുടെ പേര് പറയുന്നത് ഇപ്പോഴൊരു ഫാഷന്‍ ആയി മാറിയിരിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇത്രയും തവണ ഭഗവാന്‍റെ പേര് പറഞ്ഞിരുന്നെങ്കില്‍ ഇവരുടെ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ പരിഹരിച്ച് സ്വര്‍ഗം കിട്ടിയേനെ എന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാജി വയ്ക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. പരാമര്‍ശം അംബേദ്‌കറെ അവഹേളിക്കലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിന് സമാന്തരമായി ബിജെപിയും കോണ്‍ഗ്രസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ പാരമ്പര്യത്തെ അപമാനിക്കുന്നുവെന്നാണ് അവരുടെ ആരോപണം. ഇരുപക്ഷത്തിന്‍റെയും പ്രതിഷേധത്തിനിടെ പാര്‍ലമെന്‍റ് കവാടത്തില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്‌തു.
സംഭവത്തിൽ ബിജെപി അംഗങ്ങളായ പ്രതാപ് സാരംഗിക്കും മുകേഷ് രജപുതിനും പരിക്കേറ്റിരുന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബിജെപി അംഗങ്ങള്‍ തങ്ങളെ പിടിച്ച് തള്ളിയെന്ന ആരോപണവുമായും രംഗത്ത് എത്തി. രാഹുല്‍ അപമാനിച്ചെന്ന ബിജെപി വനിതാ അംഗത്തിന്‍റെ ആരോപണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനയുണ്ട്. അംബേദ്‌കറെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അപമാനിക്കും മുമ്പ് ബിജെപി വസ്‌തുതകള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
Also Read: സര്‍ക്കാരിന്‍റെ നിരാശയുടെ പ്രതീകം; രാഹുലിനെതിരെ കേസെടുത്തതിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക