മനോരഥങ്ങൾ എന്ന പുറത്തിറങ്ങാനിരിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ വേദിയിൽ സംഗീത സംവിധായകൻ രമേശ് നാരായണനാൽ ആസിഫ് അലി അപമാനിതനായെന്ന വിമർശനം ആളിക്കത്തുകയാണ്. നടന്ന സംഭവം തെറ്റിധാരണ ആണെന്നും ആസിഫ് അലിക്ക് ഇതുമൂലം എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നും രമേശ് നാരായണൻ പ്രസ്‌താവനവുമായി രംഗത്തെത്തി. എന്നാൽ സംഭവത്തിൽ ആസിഫ് അലി പ്രതികരിച്ചിട്ടില്ല.
വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും രമേശ് നാരായണനും ആസിഫ് അലിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെയും അതിനും സാധിച്ചിട്ടില്ല. എന്നാൽ 2 മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയയിലൂടെ തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പാക്ക് അപ്പ് വാർത്തയും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്‌തു.