നടന്‍മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് സംവിധായകൻ അശോക് കുമാർ. മോഹൻലാലിനെന്തിനാണ് പബ്ലിസിറ്റി.അദ്ദേഹത്തിന് അതിന്‍റെ ആവശ്യമില്ല, മാത്രമല്ല ഉയരുന്ന വിമർശനങ്ങൾ മോഹൻലാലിനെ ബാധിക്കുകയുമില്ലെന്നും അശോക് കുമാർ പറഞ്ഞു.
'മോഹൻലാൽ എന്ന വ്യക്തിയെ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ പരിചയമുണ്ട്. തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ വയനാട്ടിലെ സന്ദർശനം കാണാനിടയായി. മോഹൻലാൽ എന്ന മനുഷ്യന് സമൂഹത്തോടുള്ള ആത്മാർത്ഥതയാണ് അതിൽ നിന്ന് വെളിവാകുന്നത്.
അതിന്‍റെ പേരിൽ അദ്ദേഹത്തിന് നേരെ ഉയർന്നു വന്ന ട്രോളുകളും കാണാനിടയായി. മോഹൻലാൽ കാണിക്കുന്നതൊക്കെ പബ്ലിസിറ്റി സ്‌റ്റണ്ട് ആണെന്ന് വരെ പറഞ്ഞു കേട്ടു. മോഹൻലാലിന് എന്തിനാണ് പബ്ലിസിറ്റി? അദ്ദേഹത്തിന് ഇനി ഒരു പബ്ലിസിറ്റിയുടെയും ആവശ്യമില്ല. വിമർശനങ്ങൾ ഒരിക്കലും മോഹൻലാൽ എന്ന വ്യക്തിയെ ബാധിക്കുന്നതേയില്ല. അദ്ദേഹം അതൊക്കെ ശ്രദ്ധിക്കാറുമില്ല' - മോഹൻലാലിന്‍റെ ബാല്യകാല സുഹൃത്തും തിരനോട്ടത്തിന്‍റെ സംവിധായകനുമായ അശോക് കുമാർ വ്യക്തമാക്കി.
തിരനോട്ടം, തേനും വയമ്പും, കൂലി തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ആയിരപ്പറ, അറബിയും ഒട്ടകവും പി മാധവൻ നായരും തുടങ്ങിയ ചിത്രങ്ങങ്ങളുടെ നിർമാതാവും കൂടിയാണ് അദ്ദേഹം.
മോഹൻലാലിനെ ഒരുപാട് പേർ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന സമയത്ത് താൻ അദ്ദേഹത്തോട് ചോദിക്കാറുണ്ട്, ഇത്തരം പ്രയോഗങ്ങൾ തന്നെ ഒരിക്കൽ പോലും ബാധിക്കാറില്ലേ എന്ന്. എന്നാൽ പറയുന്നവർ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, എന്നെ വിമർശിക്കുന്നവർക്ക് അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ലഭിച്ചോട്ടെ എന്നതാകും മോഹൻലാലിന്‍റെ മറുപടി.
അതുപോലെ തന്നെ മോഹൻലാൽ വിജയപരാജയങ്ങളെയും കണക്കിലെടുക്കാറില്ല. ഒരു സിനിമ പരാജയപ്പെട്ടാൽ അടുത്ത സിനിമയുണ്ടല്ലോ അപ്പോൾ നോക്കാം എന്നാണ് മറുപടി. ഇനി സിനിമകൾ വിജയിച്ചാലോ, അതും അദ്ദേഹത്തിനെ ബാധിക്കാറില്ല. ഏറ്റവും വലിയ മറുപടി 'നല്ല കാര്യം' എന്നുള്ളത് മാത്രമായിരിക്കും. അതിനപ്പുറത്തേക്ക് ഒരുതരത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾക്കും അദ്ദേഹം മുതിരാറില്ല. ഒരിക്കൽപോലും പരാജയത്തെ കുറിച്ച് ചിന്തിക്കാത്ത ആളാണ് മോഹൻലാൽ എന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.