മലയാളത്തിലെ ഏറ്റവും പ്രശസ്‌തനായ ചിത്രസംയോജകരിൽ ഒരാളാണ് ഡോൺ മാക്‌സ്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത 'ദി ടൈഗർ' എന്ന സിനിമ എഡിറ്റ് ചെയ്‌തു കൊണ്ടാണ് ഡോൺ മാക്‌സ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. തുടർന്ന് 'ബാബ കല്യാണി', 'ചിന്താമണി കൊലക്കേസ്', 'ഛോട്ടാ മുംബൈ', 'അണ്ണൻ തമ്പി', 'എബിസിഡി', തമിഴ് ചിത്രങ്ങളായ 'ചിലമ്പാട്ടം', 'സുറ', 'ജില്ല', 'ആദവൻ' തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ചിത്രസംയോജനം നിർവഹിച്ചു.
മോഹൻലാലിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ബറോസി'ന്‍റെയും ഭാഗമായിരിക്കുകയാണ് ഡോണ്‍ മാക്‌സ്. അടുത്തിടെയാണ് ബറോസ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. സനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന മികച്ച ഗുണനിലവാരമുള്ള ട്രെയിലർ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.
ഡോൺ മാക്‌സ് ആണ് ബറോസ് ട്രെയിലര്‍ എഡിറ്റ് ചെയ്‌തിരിക്കുന്നത്. ഇപ്പോഴിതാ ഇടിവി ഭാരതിനോട് വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഡോൺ മാക്‌സ്. തന്‍റെ സംവിധാന സംരഭത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് ഡോൺ മാക്‌സ് ആരംഭിച്ചത്.
"മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലുമായി തിരക്കുള്ള ഒരു എഡിറ്ററായി പ്രവർത്തിച്ച് കൊണ്ടിരിക്കവേ ഉള്ളിലുണ്ടായിരുന്ന സംവിധാന മോഹം കലശലാകുന്നു. ഒരു എഡിറ്ററായി ജോലി നോക്കുമ്പോൾ എഡിറ്റിംഗിന്‍റെ കാര്യങ്ങൾ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതിയാകും. എന്നാൽ സംവിധായകൻ ഒരു സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ പ്രോസസ്സുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം.
ഒരേസമയം എഡിറ്റിംഗിലും സംവിധാനത്തിലും കോൺസെൻട്രേറ്റ് ചെയ്യുന്ന മൾട്ടി ടാസ്‌കിംഗ് എന്നെക്കൊണ്ട് സാധിക്കില്ല. അങ്ങനെയാണ് 10 കൽപ്പനകൾ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. സിനിമ മികച്ച നിരൂപക പ്രശംസ നേടി. അതിന് ശേഷം എഡിറ്റിംഗ് മേഖലയിൽ നിന്നും പൂർണമായി വിട്ടുനിന്ന് 'അറ്റ്' [@] എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു.
മലയാളത്തിൽ ആദ്യമായി ഡാർക്ക് വെബ് ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്ന സിനിമയാണിത്. വളരെയധികം ശ്രദ്ധയും സമയവും ചിലവാക്കി ദീർഘ നാളത്തെ പരിശ്രമത്തിനോടുവിലാണ് 'അറ്റ്' ഒരുങ്ങിയിരിക്കുന്നത്. സിനിമ അധികം വൈകാതെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ."-ഡോൺ മാക്‌സ് പറഞ്ഞു.
'അറ്റ്' എന്ന തന്‍റെ സിനിമയുടെ പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കവെയാണ് 'ബറോസ്' ട്രെയിലര്‍ എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. വളരെ പെട്ടെന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് എഡിറ്റ് ചെയ്‌ത ഒരു ട്രെയിലർ അല്ലത്. നമ്മൾ ആരാധനയുടെ നോക്കുന്ന മോഹൻലാൽ എന്ന വലിയ മനുഷ്യൻ സംവിധായകന്‍ ആകുമ്പോൾ എന്താണോ താൻ പ്രതീക്ഷിച്ചത് അതിന് മുകളിലാണ് അദ്ദേഹം സംവിധായകന്‍റെ റോളിൽ ചെയ്‌തു വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"വിഎഫ്‌എക്‌സ് പടത്തിന്‍റെ മേക്കിംഗ് തുടങ്ങിയവ ഒരു ഹോളിവുഡ് നിലവാരത്തിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ യാതൊരു കോംപ്രമൈസും സംവിധായാകൻ എന്ന രീതിയിൽ മോഹൻലാൽ ചെയ്‌തിട്ടില്ല. മോഹൻലാൽ എന്ന വ്യക്‌തിയുടെയും അദ്ദേഹത്തിന്‍റെ സംഘത്തിന്‍റെ വലിയൊരു കഠിനാധ്വാനം ഈ ചിത്രത്തിന് പുറകിലുണ്ട്. ട്രെയിലർ വെറും സാമ്പിൾ മാത്രമാണ്.
ട്രെയിലറിലെ വിഷ്വൽസുകൾ തന്നെ കാണുമ്പോൾ അറിയാം ഓരോ ഫ്രെയിമും ഒരുക്കാൻ എത്രത്തോളം ഡീറ്റൈലിംഗ് ചെയ്‌തിട്ടുണ്ടെന്ന്. സിനിമ മുഴുവനും ഇതുപോലെ ഭ്രമിപ്പിക്കുന്ന വിഷ്വലുകളാണ്. സിനിമയുടെ ആശയം, മറ്റ് കാര്യങ്ങൾ ഒന്നും തന്നെ പുറത്ത് പറയാൻ നിർവ്വാഹമില്ല. എങ്കിലും അതിമനോഹരമായ ലോക നിലവാരത്തിലുള്ള ഒരു സിനിമയാണ് ബാറോസ് എന്ന് നിസ്സംശയം പറയാം. എക്‌സ്‌ട്രാ ഓർഡിനറി ഔട്ട്‌പുട്ടാണ് ലഭിച്ചിരിക്കുന്നത്." -ഡോൺ മാക്‌സ് പറഞ്ഞു.
സിനിമയുടെ പൂർണ്ണമായ എഡിറ്റിംഗ് ചെയ്‌തിരിക്കുന്നത് ബി അജിത് കുമാര്‍ ആണെന്നും തനിക്ക് ട്രെയിലറും പ്രൊമോഷണൽ കണ്ടന്‍റുകളും എഡിറ്റ് ചെയ്യാനുള്ള അവസരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ പോലൊരാൾ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഭാഗമാകുക എന്നുള്ളത് വളരെയധികം അഭിമാനമുളവാക്കുന്ന സംഗതിയാണെന്നും ഡോൺ മാക്‌സ് അഭിപ്രായപ്പെട്ടു.
"ട്രെയിലർ ആണെങ്കിൽ കൂടി ഏകദേശം ഒന്നര വർഷത്തെ പ്രോസസിലൂടെയാണ് ചെയ്‌തിട്ടുള്ളത്. ആദ്യം സിനിമയുടെ ഫസ്‌റ്റ് കട്ട് കണ്ടു. ത്രീഡി എത്രത്തോളം വർക്കൗട്ട് ആയിട്ടുണ്ടെന്ന് ആദ്യം പരിശോധിക്കണമായിരുന്നു. കഥാപാത്രങ്ങളുടെ പ്ലെയിസ്‌മെന്‍റിനെ കുറിച്ച് പഠിച്ചു. സിനിമയുടെ ഓരോ ഫ്രെയിമും വിഷ്വൽ ട്രീറ്റ് ആണ്. അത് വെറുതെ പറയുന്നതല്ല ഒരു 2D ഫോർമാറ്റിലുള്ള ട്രെയിലർ കണ്ട് സിനിമയുടെ 3D വിലയിരുത്തരുത്.
ഒരു ഉദാഹരണം പറയാം. ട്രെയിലറിൽ കുറച്ചു കുട്ടികൾ നൃത്തം ചെയ്യുന്ന ഒരു രംഗം കാണാം. സത്യത്തിൽ 2Dയിൽ കാണുമ്പോൾ നമുക്ക് വലിയ ഇംപാക്‌ട് ഒന്നും തോന്നുകയില്ല. പക്ഷേ അതിന്‍റെ 3D നിങ്ങൾ തിയേറ്ററിൽ കണ്ടു നോക്കണം. വണ്ടർഫുൾ എക്‌സ്‌പീരിയന്‍സാണ് ലഭിക്കുക.
ട്രെയിലറിൽ നിങ്ങൾക്കൊരു അനിമേറ്റഡ് കഥാപാത്രത്തെ കാണാൻ സാധിക്കും. സിനിമയുടെ ആദ്യ അവസാനം ആ കഥാപാത്രമുണ്ട്. ആ 3Dയിൽ ആ കഥാപാത്രത്തിന് ഫ്രെയിമിൽ ഫിക്‌സ് ചെയ്‌തിരിക്കുന്ന രീതികളെ കുറിച്ചൊക്കെ ട്രെയിലർ കട്ട് ചെയ്യുന്നതിന് മുമ്പ് മനസ്സിലാക്കണമായിരുന്നു. ഒന്നര വർഷം മുമ്പ് സിനിമയുടെ 3D ഫോർമാറ്റാണ് ആദ്യം കണ്ടത്. അന്നൊരു റഫ് കട്ട് തയ്യാറാക്കി.
പിന്നീട് ഗുണനിലവാരമുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ട്രെയിലർ രൂപപ്പെടുത്തിയത്. ഒരിക്കൽ കൂടി തറപ്പിച്ചു പറയാം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മനോഹരമാണ് ഈ സിനിമയിലെ ദൃശ്യ മികവ്." -ഡോൺ മാക്‌സ് പറഞ്ഞു.
ചാനൽ മേഖലയിൽ എഡിറ്ററായി ജോലി ചെയ്‌തു കൊണ്ടാണ് ഡോൺ മാക്‌സ് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. സംവിധായകൻ ഷാജി കൈലാസാണ് ആദ്യമായി ഒരു അവസരം നൽകുന്നത്. കിട്ടിയ അവസരം അദ്ദേഹം പരമാവധി ക്രിയേറ്റീവായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ ചിലതൊക്കെ വിജയിച്ചെന്നും ചിലതൊക്കെ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
"ഓരോ എഡിറ്റേഴ്‌സിനും ഓരോ തരത്തിലുള്ള കാഴ്‌ച്ചപ്പാടുകൾ ആണ്. അതിനനുസരിച്ചാണ് അവർക്ക് മുന്നിലെത്തുന്ന ദൃശ്യങ്ങൾ വെട്ടിയൊതുക്കുക. ഒരു കഥ ഡിമാൻഡ് ചെയ്യുന്ന രീതിയിലൊക്കെ എഡിറ്ററിന് ആ സിനിമയെ സമീപിക്കാം. സ്‌റ്റൈലിഷായി പറയേണ്ട ചിത്രമാണെങ്കിൽ ആ രീതിയിലുള്ള ഒരു എഡിറ്റിംഗ് പാറ്റേൺ സ്വീകരിക്കണം. ഇതുവരെ കാണാത്ത തരത്തിൽ ഒരു പ്രോഡക്റ്റ് പ്രേക്ഷകന് കാണിച്ചുകൊടുക്കുക എന്നുള്ളതാണ് അൾട്ടിമേറ്റ് ലക്ഷ്യം.
മലയാളത്തിലും തമിഴിലും ഒരുപാട് ലെജൻഡ് സംവിധായകര്‍ക്കൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നതായി ഡോൺ മാക്‌സ് പറഞ്ഞു. ഷാജി കൈലാസ്, റാഫി മെക്കാർട്ടിൻ, കെഎസ് രവികുമാർ, പി വാസു, അൻവർ റഷീദ് അങ്ങനെ നിരവധി സംവിധായകർക്കൊപ്പം അദ്ദേഹം എഡിറ്ററായി പ്രവർത്തിച്ചു.
"ശരവണൻ സംവിധാനം ചെയ്‌ത് ചിമ്പു പ്രധാന വേഷത്തിൽ എത്തിയ ചിലമ്പാട്ടം എന്ന സിനിമയായിരുന്നു തമിഴിൽ ആദ്യം ചെയ്യുന്നത്. ആ സിനിമ ശ്രദ്ധേയമായതോടെ തമിഴിൽ നിന്നും നിരന്തരം അവസരങ്ങൾ ലഭിച്ചു. അതിനിടയിൽ കന്നടയിലും തെലുഗുവിലും അടക്കം നിരവധി സിനിമകളുടെ ആക്ഷൻ രംഗങ്ങൾ മാത്രം എഡിറ്റ് ചെയ്യാൻ പോകുമായിരുന്നു. ചിലപ്പോൾ ഗാന രംഗങ്ങൾ മാത്രം എഡിറ്റ് ചെയ്യാൻ പോകും. അതിനിടയിൽ നിരവധി ദളപതി വിജയ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു.
എല്ലാ എഡിറ്ററിന്‍റെയും സ്വപ്‌നസാക്ഷാത്കാരം എന്ന് പറയുന്ന തരത്തിൽ അപ്പോൾ എനിക്കൊരു സിനിമ എഡിറ്റ് ചെയ്യാനുള്ള അവസരം ഉണ്ടായി. മോഹൻലാലും വിജയും ഒന്നിക്കുന്ന ജില്ല എന്ന ചിത്രമായിരുന്നു അത്. അക്കാലത്ത് ഏറ്റവും അധികം പ്രതീക്ഷയുണ്ടായിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ജില്ല. ജില്ല എന്ന സിനിമയ്ക്ക് ശേഷം വളരെയധികം തിരക്കുള്ള ഒരു എഡിറ്ററായി ഞാൻ മാറി.
ജില്ല എന്ന സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് ഇപ്പോഴത്തെ പോലെ ടെക്നോളജി വളർന്നിട്ടില്ല. ദി ടൈഗർ, ചിന്താമണി കൊലക്കേസ്, ഹലോ, അണ്ണൻ തമ്പി, ഛോട്ടാ മുംബൈ, തുടങ്ങിയ സിനിമകൾ ഒന്നും ഡിഐ ചെയ്‌തിട്ടുള്ള സിനിമകൾ അല്ല. അന്ന് ഒരുപാട് ലിമിറ്റേഷൻസ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മനസ്സിൽ എന്ത് ചിന്തിക്കുന്നുവോ അതിന് പ്രാവർത്തികമാക്കാൻ പോന്ന ടെക്നോളജി ലഭ്യമാണ്.
ഒരു വ്യക്‌തിക്ക് എഡിറ്റർ ആകണമെന്ന് തീരുമാനിച്ചാൽ ഒരു ദിവസം യൂട്യൂബിന് മുന്നിൽ സ്പെൻഡ് ചെയ്‌താൽ മതിയാകും. എല്ലാ കാര്യങ്ങളും യൂട്യൂബ് പറഞ്ഞുതരും. ഞങ്ങളൊക്കെ വളർന്നു വരുന്ന സമയത്ത് പ്രാക്‌ടിക്കൽ എക്‌സ്‌പീരിയൻസിലാണ് പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഏതു സാഹചര്യത്തിലും ഞങ്ങളെ പോലുള്ള ടെക്‌നീഷ്യന്‍മാർ പ്രതിബന്ധങ്ങളുടെ ഭാരമില്ലാതെ ജോലി ചെയ്യും."-ഡോൺ മാക്‌സ് പറഞ്ഞു.
Also Read: കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ