മഹാരാഷ്ട്രയിൽ മഹായുതി (എൻഡിഎ) സഖ്യം ചരിത്ര വിജയം നേടി തുടർഭരണം ഉറപ്പിക്കുമ്പോൾ ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി പദത്തിലേക്ക് അടുത്തത് ആര് എന്നതാണ്. ഈ കൂറ്റൻ വിജയം നേടുന്നതിൽ സുപ്രധാന പങ്കു വഹിച്ച ശിവസേന ഷിൻഡെ വിഭാഗവും അജിത് പവാർ എൻസിപി വിഭാഗവും മുഖ്യമന്ത്രി പദത്തിന് വേണ്ടി ആവശ്യമുന്നയിക്കും എന്നിരിക്കെ തന്നെ, സഖ്യകക്ഷികളിൽ ഏറ്റവും വലിയ കക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന് തന്നെയാണ് നിരീക്ഷകർ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത്.
രണ്ട് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച ഫഡ്‌നാവിസ് വീണ്ടും അധികാര കസേരയിലെത്തുമോ എന്നതാണ് നിലവിൽ ഉയരുന്ന പ്രധാന ചോദ്യം. 2014 ഒക്ടോബറിൽ ആണ് ഫഡ്‌നാവിസ് ആദ്യമായി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന ഏറ്റവും ആദ്യത്തെ സംസ്ഥാന സർക്കാർ കൂടിയായിരുന്നു ഇത്.
കഴിഞ്ഞ 47 വർഷത്തിനിടെ അഞ്ച് വർഷം തികക്കുന്ന മഹാരാഷ്ട്രയുടെ ആദ്യത്തെ മുഖ്യമന്ത്രി എന്ന റെക്കോർഡും, ശരദ് പവാറിന് ശേഷം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോർഡും ഇതോടെ ഫഡ്‌നാവിസ് സ്വന്തമാക്കി.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചാണക്യൻ
ഇതുവരെ അഴിമതിയാരോപണങ്ങളാൽ കളങ്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് ഫഡ്‌നാവിസിന്‍റെ മുഖ്യമന്ത്രിയാവാനുള്ള ഏറ്റവും വലിയ യോഗ്യതയായി കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ജലസേചന കുംഭകോണത്തിൻ്റെ പേരിൽ മുൻ കോൺഗ്രസ്-എൻസിപി സർക്കാരിനെ ഒതുക്കാനും ഫഡ്‌നാവിസിന് തന്‍റെ തന്ത്രങ്ങളിലൂടെ ആയി. പ്രധാനമന്ത്രി ആയിരിക്കെ അടൽ ബിഹാരി വാജ്പേയി നേരിട്ടഭിനന്ദിച്ച, മാതൃക എംഎൽഎ എന്ന ബഹുമതിയും ഫഡ്‌നാവിസിനുണ്ട്.
2002 2003ൽ കോമൺവെൽത്ത് പാർലമെൻ്ററി അസോസിയേഷൻ്റെ മികച്ച പാർലമെൻ്റേറിയനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഫഡ്‌നാവിസിനെ തേടി എത്തിയിട്ടുണ്ട്. മഹാരാഷ്ട്രയെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായി വളർത്തിയതിൽ ഫഡ്‌നാവിസ് വഹിച്ച പങ്കും ചെറുതല്ല. 'കൗശലക്കാരനായ ചാണക്യൻ' എന്നറിയപ്പെടുന്ന ഫഡ്‌നാവിസ് സർജിക്കൽ സ്‌ട്രൈക്കുകളിൽ അഗ്രഗണ്യനാണ്.
ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ രാഷ്ട്രീയ യാത്ര
1970 ജൂലൈ 22 ന് നാഗ്‌പൂരിൽ ജനിച്ച ഫഡ്‌നാവിസിൻ്റെ മുഴുവൻ പേര് ദേവേന്ദ്ര ഗംഗാധർ ഫഡ്‌നാവിസ് എന്നാണ്. ചുവർ ചിത്രങ്ങൾ വരച്ചും പോസ്‌റ്റർ ഒട്ടിച്ചുമൊക്കെ ആയിരുന്നു ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്‌ടപ്പെട്ട ഫഡ്‌നാവിസിന്‍റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ. ശക്തമായ അക്കാദമിക് പശ്ചാത്തലമുണ്ട് ഫഡ്‌നാവിസിന്.
അടിയന്തിരാവസ്ഥ കാലത്ത് തന്‍റെ പിതാവിനെ ജയിലിലടച്ചതിനെ തുടർന്ന് ഇന്ദിരാഗാന്ധി കോൺവെന്‍റിൽ പഠനം നടത്താൻ വിസമ്മതിച്ച ഫഡ്‌നാവിസ്, പിന്നീട് ആർഎസ്എസ് സരസ്വതി വിദ്യാലയത്തിലാണ് പഠനം തുടർന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, ഫഡ്‌നാവിസ് നാഗ്‌പൂരിലെ ഒരു തുണിക്കടയിൽ മോഡലായി പ്രവർത്തിച്ചു. പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായ ഫഡ്‌നാവിസ്, പിന്നീട് നാഗ്‌പൂർ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു വർഷത്തിനകം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഇന്ത്യയിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ മേയറുമായി മാറി. 1999ൽ നാഗ്‌പൂർ വെസ്‌റ്റിൽ നിന്ന് മഹാരാഷ്ട്ര നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2001 ബിജെവൈഎം ദേശീയ വൈസ് പ്രസിഡൻ്റായി. 2013-ൽ, മഹാരാഷ്ട്രയിൽ ബിജെപിയുടെ പ്രസിഡൻ്റായി ഫഡ്‌നാവിസിനെ നിയമിച്ചു.
2014 ൽ മുഖ്യമന്ത്രിയായ ഫഡ്‌നാവിസിന്‍റെ ഭരണകാലം മറാത്ത സംവരണം, ജല്യുക്ത് ശിവർ ജലസംരക്ഷണ പദ്ധതി, നാഗ്‌പൂർ-മുംബൈ വിജ്ഞാന ഇടനാഴി, കാർഷിക കടം എഴുതിത്തള്ളൽ, മെട്രോ റെയിൽ ശൃംഖലയുടെ വിപുലീകരണം എന്നിങ്ങനെ നിരവധി നേട്ടങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടു. മറാത്താ സംവരത്തിനെതിരെ ഉയർന്ന പ്രക്ഷോഭം ഫഡ്‌നാവിസിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയായെങ്കിലും സമരക്കാരോട് നേരിട്ട് സംവദിച്ച ഫഡ്‌നാവിസ്, പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്‌തു.
2019 ലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അജിത് പവാറിൻ്റെ പിന്തുണയോടെയാണ് അദ്ദേഹം സർക്കാർ രൂപീകരിച്ചത്. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ രാജിവെക്കേണ്ടി വന്നു.
2022 ലാണ് പിന്നീട് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നത്. എന്തായാലും ഒരിക്കൽ കൂടി മുഖ്യമന്ത്രി പദത്തിലെത്താൻ സഖ്യകക്ഷികളിൽ നിന്ന് മാത്രമല്ല, സ്വന്തം പാർട്ടിക്കകത്തു നിന്നുയരുന്ന വെല്ലുവിളികള്‍ കൂടി മറികടക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.