ഉണ്ണി മുകുന്ദനെ നായകനായി വിഷ്‌ണു ശങ്കര്‍ ഒരുക്കിയ ചിത്രമാണ് 'മാളികപ്പുറം'. സിനിമയുടെ വന്‍ വിജയത്തിന് ശേഷം നടൻ ഉണ്ണി മുകുന്ദന് ഭക്‌ത ജനങ്ങൾ അയ്യപ്പ പരിവേഷം ചാർത്തി കൊടുത്തതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാളികപ്പുറം സിനിമയുടെ വിജയം ആഘോഷിക്കാനായി തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദനെ അയ്യപ്പ എന്ന് വിളിച്ച് തൊഴുന്ന ധാരാളം പ്രേക്ഷകരുടെ ദൃശ്യങ്ങളും അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാൽ ഉണ്ണി മുകുന്ദന് മുമ്പ് മലയാളി സാക്ഷാൽ അയ്യപ്പന്‍റെ പ്രതിരൂപമായി കണ്ട ഒരു നടനുണ്ട്. കൗശിക് ബാബു. ഇന്നും ശബരിമല പരിസരങ്ങളിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന അയ്യപ്പ ശാസ്‌താവിന്‍റെ പല ഫോട്ടോകളിലും കൗശിക് ബാബുവിന്‍റെ മുഖമാണ് എന്നുള്ളത് കൗതുകം ഉണർത്തുന്ന കാര്യമാണ്. ഏഷ്യാനെറ്റ് ചാനലില്‍ ഒരു കാലഘട്ടത്തിൽ വിജയകരമായി പ്രക്ഷേപണം ചെയ്‌തിരുന്ന ഹിറ്റ് സീരിയലായ സ്വാമി അയ്യപ്പനിലെ നായകനാണ് കൗശിക് ബാബു.
ഹൈദരാബാദ് സ്വദേശിയായ കൗശിക് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വാമി അയ്യപ്പൻ സീരിയലിലെ അയ്യപ്പനായി വേഷമിടുന്നത്. പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ടു പോകുന്ന കൗശിക് ബാബു ഹൈദരാബാദിൽ നിന്നും ഇടിവി ഭാരതിനോട് വിശേഷങ്ങൾ പങ്കിടുകയാണ്. മലയാളികളോട് അടങ്ങാത്ത സ്നേഹവും ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് കൗശിക് സംസാരിച്ചു തുടങ്ങിയത്.
"അഭിനയത്തിൽ നിന്നും ഒരു ഇടവേളയിലാണ്. സിനിമയുമായി ബന്ധപ്പെട്ട ടെക്‌നിക്കൽ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കേന്ദ്രസർക്കാർ ഗ്രാമീണ അഭിവൃത്തി അടിസ്ഥാനമാക്കി അവലംബിച്ചിട്ടുള്ള ഈ ലേണിംഗ് എന്ന പദ്ധതിയുടെ ഭാഗമായും പ്രവർത്തിക്കുന്നു. ഇതിനിടെ എനിക്കൊരു കുഞ്ഞ് ജനിച്ചു. പെൺകുട്ടിയാണ്. അവളുടെ കാര്യങ്ങളൊക്കെ നോക്കണം. അഭിനയ ജീവിതം ഉപേക്ഷിച്ചിട്ടില്ല. മലയാളത്തിൽ നിന്നും നല്ല അവസരങ്ങൾക്കായ കാത്തിരിക്കുകയാണ്.
അഭിനയം കുട്ടിക്കാലം മുതൽക്ക് തന്നെ തുടങ്ങിയതാണ്. ചെറു പ്രായത്തിൽ സഹാറ ടിവി പ്രക്ഷേപണം ചെയ്‌തിരുന്ന സീരിയലിൽ ശ്രീ മുരുകനായി അഭിനയിച്ചിരുന്നു. അക്കാലത്ത് വളരെയധികം ടിആർപി ലഭിച്ച ഒരു സീരിയൽ ആയിരുന്നു അത്. ആ സീരിയലിനെ അധികരിച്ച് ഡെക്കാൻ ക്രോണിക്കിള്‍ പത്രം എന്നെ കുറിച്ചൊരു ആർട്ടിക്കിൾ എഴുതുകയുണ്ടായി. സ്വാമി അയ്യപ്പൻ സീരിയലിന്‍റെ നിർമ്മാതാവായ മെറിലാൻഡ് കാർത്തികേയൻ സർ ആർട്ടിക്കിൾ വായിക്കാൻ ഇടയായി.
സ്വാമി അയ്യപ്പൻ സീരിയലിൽ അയ്യപ്പനാകാനായി ധാരാളം ആർട്ടിസ്‌റ്റുകളെ അവർ നോക്കിയിരുന്നു. തുടർന്ന് മെറിലാൻഡ് സ്‌റ്റുഡിയോസ് എന്നെ കോൺടാക്‌ട് ചെയ്‌തു. മേക്കപ്പ് ടെസ്‌റ്റ് ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. അവരുടെ മനസ്സിൽ കണ്ട രീതിയിൽ എന്‍റെ മുഖം അയ്യപ്പനാകാൻ യോഗ്യമല്ലെങ്കിൽ തിരിച്ചു പോകേണ്ടി വരും. പക്ഷേ മേക്കപ്പ് ടെസ്‌റ്റ് കഴിഞ്ഞതോടെ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു. ഇതാണ് നമ്മുടെ അയ്യപ്പൻ." -കൗശിക് ബാബു ഓർത്തെടുത്തു.
"ശരിക്കും പറഞ്ഞാൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അയ്യപ്പനായി വേഷമിടുന്നത്. ആ സമയത്ത് മലയാളം ശരിക്ക് അറിയില്ല. അയ്യപ്പൻ ഒരു ദൈവമാണ് എന്നതിലുപരി സ്‌പിരിച്ച്യുലായി ഒന്നും തന്നെ അറിയില്ല. അയ്യപ്പനായി അഭിനയിക്കുന്നു അത്ര മാത്രം. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. ഹരിഹരസുധനായ അയ്യപ്പ സ്വാമിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി.
സൗത്ത് ഇന്ത്യ മുഴുവൻ അയ്യപ്പ സ്വാമിയെ എത്ര മഹത്തരമായ രീതിയിലാണ് ആരാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. സെറ്റിലുള്ള പലരും ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് എന്‍റെ കാലിൽ വന്നു തൊട്ടു തൊഴുമായിരുന്നു. പലപ്പോഴും പുറത്തുവെച്ച് പ്രേക്ഷകർ എന്നെ തിരിച്ചറിയുമ്പോൾ ഭക്‌തിപുരസ്സരമാണ് പെരുമാറിയിട്ടുള്ളത്. അത് കൗശിക് ബാബു എന്ന അഭിനേതാവിന് ലഭിക്കുന്ന അംഗീകാരമല്ല. സാക്ഷാൽ അയ്യപ്പ സ്വാമിയോടുള്ള ജനങ്ങളുടെ സ്നേഹവും ഭക്‌തിയുമാണ് പ്രതിഫലിപ്പിക്കുന്നത്.
തുടർന്ന് സ്വാമി അയ്യപ്പന്‍റെ സീരിയൽ ചിത്രീകരണം നടക്കുന്ന കാലഘട്ടത്തിൽ തന്നെ കെട്ടുകെട്ടി ശബരിമലയിൽ പോയി പതിനെട്ടാം പടികയറി അയ്യനെ കണ്ടു. അയ്യപ്പനായി അഭിനയിച്ച ശേഷം രാത്രി മുറിയില്‍ പോയി കിടന്നുറങ്ങുമ്പോൾ അയ്യപ്പന്‍റെ കണ്ണുകളെ സ്വപ്‌നത്തിൽ കാണുക പതിവായിരുന്നു".-കൗശിക് ബാബു പറഞ്ഞു.
സ്വാമി അയ്യപ്പൻ സീരിയലില്‍ അഭിനയിക്കാൻ വന്നപ്പോഴുള്ള ഓര്‍മ്മകളും കൗശിക് പങ്കുവച്ചു. അയ്യപ്പന്‍റെ അച്ഛനായ പന്തളം രാജാവായി അഭിനയിച്ചിരുന്നത് നടൻ രാജൻ പി ദേവ് ആയിരുന്നു. സീരിയലില്‍ രാജൻ പി ദേവുമായി സഹകരിക്കാനായത് അഭിനയ ജീവിതത്തിന് ഒരുപാട് ഗുണം ചെയ്‌തെന്നും അദ്ദേഹം ഇപ്പോൾ ഇല്ലെന്നും അത് വലിയൊരു സങ്കടമാണെന്നും കൗശിക് പറഞ്ഞു.
"രാജൻ പി ദേവ് സറില്‍ നിന്നൊക്കെയാണ് മലയാളം പഠിക്കുന്നത്. സ്വാമി അയ്യപ്പനില്‍ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. ഇപ്പോൾ ഒരു മലയാളിയെ പോലെ തന്നെ ഞാൻ മലയാള ഭാഷ സംസാരിക്കും. നടൻ നന്ദു ചേട്ടനൊക്കെ എന്‍റെ ഡയലോഗ് ഡെലിവറി നന്നാക്കാൻ ഒരുപാട് സഹായിച്ചിരുന്നു.
സ്വാമി അയ്യപ്പനില്‍ അഭിനയിക്കാൻ വരുമ്പോൾ ഞാനൊരു ചെറിയ കുട്ടിയായിരുന്നു. ഷോട്ട് ഇല്ലാത്ത സമയത്തൊക്കെ സെറ്റിൽ കളിച്ചു നടക്കും. ഞാന്‍ വളർന്നതും സ്വാമി അയ്യപ്പന്‍റെ സെറ്റിൽ വച്ച് തന്നെ. ഒരുപാട് കൊല്ലം ആ സീരിയൽ ഷൂട്ട് ചെയ്‌തു. കളിയും, തമാശയും കുട്ടിത്തവുമൊക്കെ പതുക്കെ പതുക്കെ പക്വത കൊണ്ട് മറഞ്ഞു.
സ്വാമി അയ്യപ്പൻ സീരിയൽ കഴിഞ്ഞ ശേഷവും ധാരാളം ഭക്‌തി സീരിയലുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തെലുങ്കില്‍ ആദിശങ്കരനായി അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു."-കൗശിക് ബാബു കൂട്ടിച്ചേര്‍ത്തു.
ശബരിമല ഭാഗത്ത് നിൽക്കപ്പെടുന്ന പല അയ്യപ്പ ഫോട്ടോകളിലും തന്‍റെ മുഖമാണെന്ന് കേട്ടിട്ടുണ്ടെന്നും കൗശിക് പറഞ്ഞു. അതിനുള്ള പൂർണ്ണ അംഗീകാരം നൽകേണ്ടത് സ്വാമി അയ്യപ്പൻ സീരിയലിലെ മേക്കപ്പ് വിഭാഗത്തിനോടാണ്. രാജാ രവിവർമ്മ വരച്ച സ്വാമി അയ്യപ്പന്‍റെ പ്രതിരൂപമാണ് ഇവിടെ എല്ലാവരും അയ്യപ്പന്‍റെ ചിത്രങ്ങളായി വച്ച് ആരാധിക്കുന്നത്.
"അതേ രൂപത്തിൽ സ്വാമി അയ്യപ്പൻ സീരിയലിലെ മേക്കപ്പ് സംഘം എന്നെ ഒരുക്കിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. രാജാ രവിവർമ്മ വരച്ച അയ്യപ്പന്‍റെ മുഖത്തുള്ള ചില രൂപ സവിശേഷതകളൊക്കെ എനിക്ക് ഉണ്ടായിരുന്നത് കഥാപാത്രത്തെ വളരെയധികം നാച്ച്യുറലാക്കി. അതുകൊണ്ടാകാം ചില അയ്യപ്പന്‍റെ ഫോട്ടോകളിൽ എന്‍റെ മുഖം ഉണ്ടായത്.
മാത്രമല്ല അഞ്ചോ പത്തോ എപ്പിസോഡുകളിൽ അവസാനിച്ച സീരിയൽ അല്ലത്. മൂന്നു സീസണുകളിലായി ഏകദേശം 10 വർഷത്തോളം സീരിയൽ പ്രക്ഷേപണം ചെയ്‌തിരുന്നു. അത്രയും നാൾ എല്ലാ ദിവസവും ഞാൻ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തുകയും ചെയ്‌തു. ആ കാരണം കൊണ്ട് എന്‍റെ മുഖം ഒരുപക്ഷേ മലയാളികളുടെ മനസ്സിൽ പതിഞ്ഞു പോയിട്ടുണ്ടാകും." കൗശിക് ബാബു പറഞ്ഞു.
ഹോട്ട് സ്‌റ്റാറിൽ സ്വാമി അയ്യപ്പന്‍റെ പഴയ എപ്പിസോഡുകൾ ഇടയ്‌ക്കൊക്കെ കാണാറുണ്ടെന്നും കൗശിക് പറഞ്ഞു. അയ്യപ്പന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് താനാണോ എന്ന് തനിക്ക് തന്നെ സംശയം തോന്നാറുണ്ടെന്നും നടന്‍ പറഞ്ഞു. മലയാളികളുടെ സ്‌നേഹത്തെ കുറിച്ചും കൗശിക് വാചാലനായി.
"സ്വാമി അയ്യപ്പൻ അഭിനയിക്കുന്ന സമയത്ത് മലയാളികളിൽ നിന്ന് കിട്ടിയ സ്നേഹം വളരെ വലുതാണ്. പ്രത്യേകിച്ച് ചില അമ്മമാർ. അമ്മമാരെ മാത്രം പറയേണ്ട. ആ സീരിയൽ കാണുന്ന എല്ലാവർക്കും ഞാൻ പ്രിയപ്പെട്ടവൻ ആയിരുന്നു. ചിലപ്പോഴൊക്കെ ചില ആരാധകരുടെ ക്ഷണപ്രകാരം അവരുടെ വീടുകൾ സന്ദർശിച്ചു.
സ്വന്തം കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അവർ എന്നോട് പെരുമാറിയിട്ടുള്ളത്. ഭക്ഷണമൊക്കെ തരും. ദോശയൊക്കെ ഉണ്ടാക്കി തരും. കേരളം എന്ന് പറയുന്നത് എന്‍റെ നെഞ്ചിൽ കോറിയിട്ട പോലൊരു വികാരമാണ്. പ്രകൃതി ഭംഗിയാണെങ്കിലും ആളുകൾ ആണെങ്കിലും എക്‌സ്‌ട്രാ ഓർഡിനറി.
![SWAMI AYYAPPAN ACTOR SWAMI AYYAPPAN ACTOR KAUSHIK BABU ശബരിമല അയ്യപ്പസ്വാമി](https://etvbharatimages.akamaized.net/etvbharat/prod-images/23-11-2024/kl-ekm-01-kaushikbabuinterview-7211893_22112024123818_2211f_1732259298_555.jpeg)
എടുത്തു പറയേണ്ടൊരു സ്നേഹം, ഇപ്പോഴത്തെ മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാർ സാറിന്‍റെ വീട്ടിൽ നിന്നും ലഭിച്ച പരിഗണനയാണ്. കെബി ഗണേഷ് കുമാറിന്‍റെ അമ്മയുടെ സ്നേഹം എന്‍റെ അമ്മ എന്നോട് കാണിക്കുന്നതിന് തുല്യമായിരുന്നു. കൊട്ടാരക്കരയിൽ ഞാൻ അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്. അവരുടെ സ്നേഹം കാണുമ്പോൾ അവരുടെ വീട്ടിലെ ഒരു അംഗമാണ് താനെന്ന് തോന്നുപ്പോകും." -കൗശിക് ബാബു പറഞ്ഞു.
ശ്രീരാമ വേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സെൽഫി എടുത്തതിനെ കുറിച്ചും കൗശിക് പറഞ്ഞു. നരേദ്ര മോദിക്കൊപ്പമുള്ള കൗശിക് ബാബുവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
"അന്ന് നമ്മുടെ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡു സാബിന്‍റെ വീട്ടിൽ ഒരു പെർഫോമൻസ് കാഴ്‌ച്ചവയ്ക്കാൻ അവസരം ലഭിച്ചിരുന്നു. ഞാനൊരു കുച്ചുപ്പുടി ഡാൻസർ കൂടിയാണ്. അന്ന് ഞങ്ങൾ രാമായണത്തിൽ നിന്നെടുത്ത ജഡായു മോക്ഷം എന്ന അധ്യായമാണ് അവതരിപ്പിച്ചത്. അവിടെ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടായിരുന്നു.
പരിപാടി കഴിഞ്ഞപ്പോൾ അദ്ദേഹം വന്ന് അഭിനന്ദിച്ചു. ആ സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചതാണ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. അദ്ദേഹം സന്തോഷപൂർവ്വം ഫോട്ടോ എടുക്കാൻ അനുവദിച്ചു. ഞാൻ അദ്ദേഹവുമായി സെൽഫി എടുക്കുന്നത് മറ്റാരോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട ഫോട്ടോയാണ് പിൽക്കാലത്ത് വൈറലായത്." -കൗശിക് ബാബു വ്യക്‌തമാക്കി.
മലയാള സിനിമയില്‍ നിന്നും ചില അവസരങ്ങള്‍ ലഭിച്ചരുന്നെന്നും എന്നാല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ ആയിട്ടില്ലെന്നും കൗശിക് പറഞ്ഞു. മലയാളത്തിൽ നിന്നുള്ള ഒരു മികച്ച വേഷത്തിനായുള്ള കാത്തിരിപ്പിലണ് കൗശിക്.
"ഇതിനിടെ 2019ൽ സ്വാമി അയ്യപ്പൻ വീണ്ടും ആരംഭിക്കാൻ എന്നെ മെറിലാൻഡ് സ്‌റ്റുഡിയോയുടെ ഭാഗത്ത് നിന്നും ക്ഷണിച്ചിരുന്നു. കൊവിഡ് കാലമൊക്കെ വന്നതിന് ശേഷമാണ് ആ പ്രോജക്‌ട് നിന്നുപോയത്. പക്ഷേ വീണ്ടും അയ്യപ്പൻ ആകാൻ ഇപ്പോഴത്തെ എന്‍റെ രൂപം യോജ്യമാണോ എന്ന് സംശയം ഉണ്ടായിരുന്നു.
സ്വാമി അയ്യപ്പന്‍റെ പ്രക്ഷേപണം നിർത്തിയിട്ട് വർഷങ്ങളായി. പക്ഷേ ഇപ്പോഴും പല സ്ഥലത്ത് വച്ചും മലയാളി പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും അയ്യപ്പനായി അവസരം ലഭിച്ചാൽ അഭിനയിക്കുക തന്നെ ചെയ്യും. എങ്കിലും സിനിമകളിൽ കൂടുതൽ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. -കൗശിക് ബാബു പറഞ്ഞു.