മുംബൈ: മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡിയുടെ കനത്ത തോല്‍വി അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല. ജനവിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്‌ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് മഹായുതി അധികാരം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള ചെന്നിത്തലയുടെ പ്രതികരണം.
'മഹാരാഷ്‌ട്രയിലെ ഫലം അവിശ്വസനീയമാണ്. ജനവികാരവുമായി ഈ ഫലം യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല, അതുകൊണ്ട് തന്നെ ജനവിധിയെ സ്വീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മഹാവികാസ് അഘാഡിയും മഹായുതിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലും പ്രവചിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ ഫലത്തെ വിശ്വസിക്കുക. തൊഴിലില്ലായ്‌മ, അഴിമതി തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ലാഡ്ലി ബെഹ്നാ യോജനയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായെന്നാണോ പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിക്ക് അനുകൂലമായിട്ടാണ് മഹാരാഷ്‌ട്രയിലെ ജനത വോട്ട് രേഖപ്പെടുത്തിയത്.
എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയുടെ പ്രമുഖ നേതാക്കള്‍ പോലും പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ഫലത്തെ മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ പോലും അംഗീകരിക്കില്ല' - രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സഖ്യം 49 സീറ്റുകളിലേക്ക് ഒതുങ്ങി. നൂറില്‍ ഏറെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നെങ്കിലും ഇവരില്‍ 16 പേര്‍ക്ക് മാത്രമാണ് ജയം നേടാനായത്.
Also Read : 'വഖഫ് വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് സൃഷ്‌ടിച്ചത്, അതിന് ഭരണഘടനയില്‍ സ്ഥാനമില്ല': പ്രധാനമന്ത്രി