പതിനഞ്ചാമത് സിനിമയുമായി ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ് വരുന്നു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ് എത്തിയത്.
നവാഗതനായ നഹാസ് നാസർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങും. തങ്കം ആണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. 'കെട്ടിയോളാണ് എന്‍റെ മാലാഖ'യ്‌ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ജിംഷി ഖാലിദാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം ഗോപി സുന്ദറും നിർവഹിക്കുന്നു.
അതേസമയം 'തുണ്ട്' ആണ് ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ റിലീസിന് കാത്തിരിക്കുന്ന ചിത്രം. ബിജു മേനോനാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. പൊലീസ് ഓഫിസറുടെ വേഷമാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 16ന് തുണ്ട് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാനും ജിംഷി ഖാലിദും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. 'തുണ്ടി'നായി കാമറ ചലിപ്പിക്കുന്നത് നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ട്രെയിലറും പുറത്തുവന്നത്.
ALSO READ:തുണ്ട് വയ്‌ക്കുന്ന പൊലീസ്; ബിജു മേനോൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്
സംവിധായകൻ റിയാസ് ഷെരീഫും കണ്ണപ്പനും ചേർന്നാണ് 'തുണ്ട്' സിനിമയ്‌ക്കായി തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എഡിറ്റിംഗ് നമ്പു ഉസ്‌മാനും നിർവഹിച്ചിരിക്കുന്നു. അന്തരിച്ച പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രഫർ ജോളി ബാസ്റ്റ്യനും കലൈ കിംഗ്‌സണും ചേർന്നാണ് 'തുണ്ടി'ന്‍റെ സംഘട്ടനം ഒരുക്കിയത്.
'തുണ്ട്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ : ആർട്ട് - ആഷിഖ് എസ്, സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, ഫൈനൽ മിക്‌സ് - എം ആർ രാജാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, വസ്‌ത്രാലങ്കാരം - മാഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ടർ - ഹാരിഷ് ചന്ദ്ര, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി - ഒബ്‌സ്ക്യുറ എന്‍റർടെയിൻമെന്‍റ്, ഡിസൈൻ - ഓൾഡ്‌മങ്ക്‌സ്.