ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക പീഡന ആഭ്യന്തര പരാതി സമിതികളില്‍ അംഗങ്ങളായവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇതൊരു സുപ്രധാനവിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് പരാതി എത്തിയത്.
മുന്‍ മാധ്യമപ്രവര്‍ത്തക ഓള്‍ഗ ടെല്ലിസും, ഐസിസി സമിതിയിലെ മുന്‍ അംഗം ജാനകി ചൗധരിയുമാണ് ഹര്‍ജിക്കാര്‍. സ്വകാര്യ തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയല്‍, നിരോധനം, പരിഹാര നിയമ പ്രകാരം (പോഷ് നിയമം-PoSH Act) രൂപീകരിച്ചിട്ടുള്ള ആഭ്യന്തര സമിതികളിലെ വനിതാ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകുന്നത് തടയണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ മുനവര്‍ നസീം വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇക്കാര്യത്തില്‍ കോടതി നേരത്തെ തന്നെ നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്ന് വിചാരണക്കിടെ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ആരും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ സ്ഥിതിക്ക് വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ച് ഒരു അമിക്കസ്ക്യൂറിയെ നിയമിക്കാമെന്നും ബെഞ്ച് പറഞ്ഞു. സോളിസിറ്റര്‍ ജനറലിന് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നും അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. അടുത്ത വിചാരണ ദിവസം ആരും ഹാജരായില്ലെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.
അടുത്ത ആഴ്‌ച ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ വിഷയത്തില്‍ പരമോന്നത കോടതി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സ്വകാര്യ തൊഴിലിടങ്ങളിലെ ഐസിസി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ ഐസിസി അംഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം കിട്ടുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വകാര്യ തൊഴിലിടങ്ങളിലെ ഉന്നത മാനേജ്മെന്‍റിലെ ഒരാള്‍ക്കെതിരെ ഐസിസി അംഗമെന്ന നിലയില്‍ നടപടി കൈക്കൊള്ളേണ്ടി വരുമ്പോള്‍ പ്രത്യേകിച്ച് കാരണം ഒന്നും കാട്ടാതെ ഇവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കി പിരിച്ച് വിടുന്ന സാഹചര്യം നേരിടേണ്ടി വരുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസം തൊഴിലിടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജോലിസ്ഥലത്ത് സ്‌ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്‌റ്റിസ് ആർ എൻ മഞ്ജുളയാണ് ഉത്തരവിട്ടത്.
Also Read: ലൈംഗികാതിക്രമക്കേസിൽ ട്രംപിന് തിരിച്ചടി; ശിക്ഷാവിധി ശരിവച്ച് അപ്പീൽ കോടതി