മലപ്പുറം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് കിണറ്റിൽ കാട്ടാന വീണ സംഭവത്തിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് വനം വകുപ്പ്. മലപ്പുറം കളക്‌ടറേറ്റിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരുടെ പ്രതിനിധികളും ചേര്‍ന്ന് നടത്തിയ ചർച്ചയിലാണ് നടപടി. ആന വീണ കിണറിന്‍റെ ഉടമയായ കർക്കല്ലിൽ സണ്ണിക്ക് നഷ്‌ടപരിഹാരമായി ഒന്നര ലക്ഷം രൂപ കൈമാറി. ജനരോഷം അതിശക്തമായ സാഹചര്യത്തിലാണ് വനം വകുപ്പ് ദ്രുതഗതിയിൽ നടപടി കൈക്കൊണ്ടത്.
കാർഷിക വിളകളുടെ നഷ്‌ടപരിഹാര തുക വർധിപ്പിക്കാനും വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന നഷ്‌ടപരിഹാര തുക 10 ലക്ഷത്തിൽ നിന്നും 11 ലക്ഷമാക്കാനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ വനം വകുപ്പ് ഫണ്ടിൽ ഏഴര കിലോമീറ്റർ സോളാർ വൈദുത വേലി നിർമിക്കും. ഒരാഴ്‌ച്ചയ്ക്കുള്ളിൽ എസ്‌റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി ടെന്‍ഡർ നടത്തും. പ്രദേശ വാസികളുടെ സഹായത്തോടെ ജനകീയ കമ്മറ്റി രൂപികരിച്ച് അവരുടെ സഹായതോടെ ഫെൻസിങ് പ്രവർത്തി മുന്നോട്ട് കൊണ്ടു പോകും. വനം ആർആർടിയുടെ നേതൃത്വത്തിൽ 50 പേരുടെ നേത്യത്വത്തിൽ പെട്രോളിങ് നടത്താനും തീരുമാനമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കിണറ്റിൽ വീണ കാട്ടാനയെ കാടു കയറ്റി. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് നീരിക്ഷിക്കുന്നതിനായി രണ്ട് കുങ്കിയാനകൾ പെട്രോളിങ് നടത്തും. പാപ്പാൻമാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൃഷികൾ ഇൻഷുറൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ബോധവത്ക്കരണ ക്യാമ്പും സംഘടിപ്പിക്കും.
കാട്ടാന ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിനെതിരെ ജനങ്ങൾക്കിടയിൽ അമർഷം പുകയുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ ജനരോഷം കുറയ്ക്കാൻ സർക്കാരും വനം വകുപ്പും അതിവേഗ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടികൾ ഉണ്ടാക്കുന്നില്ല എന്നാണ് പരാതി.
ജില്ലാ കളക്‌ടർ വി ആർ വിനോദ്, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക, സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ, പെരിന്തൽമണ്ണ സബ് കളക്‌ടര്‍ അപൂർവ ത്രിപാഠി, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്‍റ്, വാർഡ് അംഗം, കർഷക പ്രതിനിധികൾ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.