മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' നാളെ (ഫെബ്രുവരി 9) മുതൽ തിയേറ്ററുകളിലേക്ക്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത് (Tovino Thomas starrer Anweshippin Kandethum).
'ആദം ജോൺ', 'കടുവ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം തിരക്കഥ എഴുതുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്‌ക്ക് പുറമെ പ്രമോദ് വെളിയനാട്, സിദ്ദിഖ്, ഇന്ദ്രൻസ്, അർഥന ബിനു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വളരെ റിയലിസ്റ്റിക് ആയി, മുൻപെങ്ങും കാണാത്ത ആഖ്യാന രീതിയിലാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' പ്രേക്ഷകർക്ക് മുന്നിലെത്തുക എന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതേസമയം അന്വേഷണത്തിന്‍റെ മാത്രം കഥയല്ല ഇതെന്ന് നടൻ ടൊവിനോ തോമസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയും ഈ ചിത്രം സഞ്ചരിക്കുമെന്ന് ടൊവിനോ പറഞ്ഞു (Anweshippin Kandethum movie crew press meet ).
പ്രേക്ഷകർക്ക് ഇഷ്‌ടമാകുന്ന രീതിയിൽ തന്നെയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. താൻ വളരെയധികം എൻജോയ് ചെയ്‌ത് അഭിനയിച്ച സിനിമ കൂടിയാണിത്. അടുത്തിടെ പുറത്തിറങ്ങിയ, പൊലീസ് അന്വേഷണത്തിന്‍റെ കഥ പറഞ്ഞ കണ്ണൂർ സ്‌ക്വാഡുമായി 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയ്‌ക്ക് സാമ്യമൊന്നും ഇല്ലെന്നും ടൊവിനോ ചൂണ്ടിക്കാട്ടി.