ഹൈദരാബാദ് :മലയാളികള്‍ക്ക് പ്രത്യേകിച്ചൊരു ആമുഖം വേണ്ടാത്ത നടിയാണ് അനുഷ്‌ക ഷെട്ടി. തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടവും അവര്‍ക്കുണ്ട്. തമിഴിലും തെലുഗുവിലും ഒരേ സമയം വമ്പന്‍ ഹിറ്റുകളുടെ ഭാഗമായിരുന്നു അനുഷ്‌ക. ഇപ്പോഴിതാ മലയാള സിനിമയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി (Kathanar-The Wild Sorcerer).
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ദി വൈല്‍ഡ് സോഴ്‌സറര്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം അനുഷ്‌ക ചിത്രത്തിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്‌തിരുന്നു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അനുഷ്‌കയെ സ്വാഗതം ചെയ്യുന്ന ടീമിൻ്റെ ചിത്രങ്ങൾ റോജിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'കത്തനാര്‍ ദി വൈല്‍ഡ് സോഴ്‌സറര്‍' ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേഴ്‌സ്. കൃഷ്‌ണമൂർത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ (Anushka Shetty Joins Rojin Thomas for Her Malayalam Debut with Kathanar).
അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാഗമതി എന്നീ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ഒന്നടങ്കം വിസ്‌മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്‌തമായ പ്രകടനമാണ് പ്രേക്ഷകർക്കായി കത്തനാരിലൂടെ ഞങ്ങള്‍ ഒരുക്കുന്നത്. താരത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് സിനിമകൾ വരാനുണ്ട്. പ്രേക്ഷകർക്ക് കൂടുതൽ ദൃശ്യവിരുന്നൊരുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ശ്രീ ഗോകുലം മുവീസിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറഞ്ഞു.
വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്‍സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.
കത്തനാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. 75 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് റിലീസ് ചെയ്യുക. കത്തനാരായി ജയസൂര്യ എത്തുമ്പോള്‍, കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയുടെ വേഷത്തിലാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
45000 ചതുരശ്ര അടി വിസ്‌തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.