അമൽ രാജിന്‍റെ പാട്ടിന് കയ്യടിച്ച് എ ആർ റഹ്മാൻ (ETV Bharat) കാസർകോട്: അമ്മയെ അടുത്തിരുത്തി ഒരു പാട്ട് പാടുന്നു, അത് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു, പിന്നാലെ അതേ പാട്ടിന്‍റെ സംഗീത സംവിധായകൻ അഭിനന്ദനങ്ങളുമായി എത്തുന്നു... അതും ലോകം അറിയുന്ന സംഗീതജ്ഞൻ, സാക്ഷാൽ എ ആർ റഹ്മാൻ. കാസർകോട് കുമ്പള സൂരംബയിലെ അമൽ രാജിന് സന്തോഷവും ഞെട്ടലും ഇതുവരെ മാറിയിട്ടില്ല.
'മലർകളേ മലർകളേ ഇത് എന്ന കനവാ...' എന്ന തമിഴ് പാട്ട് പാടിയാണ് അമൽ രാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. അമ്മയെ ചേർത്തുപിടിച്ച് വെറുതെ ഒരു പാട്ട് പാടിയതാണ്. പാട്ട് കേട്ട് ആദ്യം അമ്മ കണ്ണീരണിഞ്ഞു. പിന്നാലെ ഇൻസ്റ്റഗ്രാമിൽ പാട്ട് വൈറലായി. ഒടുവിൽ സാക്ഷാൽ എ ആർ റഹ്മാന്‍റെ അടുത്തുവരെ പാട്ടെത്തി, അദ്ദേഹത്തിന്റെ ഇമോജിയും കൈയ്യടിയും ലഭിച്ചു.
ആദ്യം പാട്ടിന് പ്രതികരണവുമായെത്തുന്നത് എ ആർ റഹ്മാന്‍റെ മകൾ ഖദീജ റഹ്മാനാണ്. പക്ഷേ ആ കമന്‍റ് അമൽ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ആളുകൾ കമന്‍റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അമലിന് ആളെ പിടികിട്ടുന്നത്. അതിനുശേഷമായിരുന്നു റഹ്‌മാന്‍റെ കമന്‍റ്. എആർആർ കമന്‍റഡ് എന്ന രീതിയിലൊരു നോട്ടിഫിക്കേഷൻ.
ഫോണിലേക്ക് വന്നപ്പോൾ അത് എ ആർ റഹ്മാൻ ആയിരിക്കുമെന്ന് അമൽ കരുതിയതേയില്ല. പക്ഷേ ക്ലിക്ക് ചെയ്‌ത് വേരിഫൈഡ് അക്കൗണ്ട് എന്നു കണ്ടപ്പോൾ അമൽ ശരിക്കും ഞെട്ടിപ്പോയി. പലതവണ അക്കൗണ്ട് എടുത്തുനോക്കി എ ആർ റഹ്മാൻ തന്നെയാണെന്ന് ഉറപ്പിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു അതെന്ന് അമൽ രാജ് പറയുന്നു.
ഉത്സവം പോലുള്ള ചെറിയ വേദികളിലാണ് അമൽ ആദ്യം കയറുന്നത്. പിന്നീട് കരോക്കെ വച്ച് പാടാൻ തുടങ്ങി. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ആദ്യമായൊരു പാട്ട് ഇൻസ്റ്റഗ്രാമിൽ പാടിയിടുന്നത്. ഇത് നിരവധി പേർ കേൾക്കുകയും ഹിറ്റാവുകയും ചെയ്‌തതോടെ വീഡിയോ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. പതിയെ പതിയെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്‍റെ എണ്ണം കൂടുകയും പാടുന്നതെല്ലാം കൂടുതൽ പേരിലേക്ക് എത്താനും തുടങ്ങി.
ചെറുപ്പത്തിൽ പരപ്പ ഉണ്ണികൃഷ്‌ണൻ മാഷിന്‍റെ അടുത്തായിരുന്നു ആദ്യം പഠനം. ഇപ്പോൾ യോഗേഷ് ശർമ്മ മാഷിന്‍റെ അടുത്താണ് പഠിക്കുന്നത്. എല്ലാ കാര്യത്തിലും പിന്തുണ കുടുംബവും സുഹൃത്തുക്കളുമാണ്. അച്ഛൻ പി സോമയ്യ മുൻ പൊലീസ് സബ് ഇൻസ്‌പെക്‌ടറാണ്. അമ്മ എസ് ശാരദ മുൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സും. സഹോദരൻ പി എസ് അനിൽ രാജ് ഗവേഷണ വിദ്യാർഥിയാണ്.
തങ്ങൾ എല്ലാവരും നല്ല കൂട്ടാണെന്ന അമൽ പറയുന്നു. എന്തും പറയാനുള്ള തുറന്നയിടം വീട്ടിലുണ്ട്. വീടിന് നൽകിയ പേരും രാഗലയം എന്നാണ്. പ്രോഗ്രാമിന് പോയി പാതി രാത്രിയോ ചിലപ്പോൾ പുലർച്ചയോ ഒക്കെയാവും എത്തുക. ഏത് നേരത്തെത്തിയാലും വീട്ടുകാർ വാതിൽ തുറന്നുതരും. തന്‍റെ എല്ലാ തീരുമാനത്തിനും അവർ പൂർണപിന്തുണ നൽകുമെന്നും അമൽ പറഞ്ഞു.
ഈ പിറന്നാളിന് ചേട്ടൻ അമലിന് സമ്മാനിച്ചത് ഒരു ഗിറ്റാറാണ്. പാട്ട് റെക്കോർഡ് ചെയ്യാനും ഷൂട്ട് ചെയ്യാനായി പലയിടത്ത് പോകാനും പ്രോഗ്രാമിന് പോകാനുമെല്ലാം സഹായിക്കുന്നത് സുഹൃത്തുക്കളാണ്. അവർ എപ്പോഴും കൂടെ തന്നെയുണ്ടാവാറുണ്ട്. മെലഡിയും പഴയ പാട്ടുകളുമൊക്കെയാണ് അമലിന് കൂടുതൽ താത്പര്യം. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ഗസലിനും ഹിന്ദുസ്ഥാനി സംഗീതത്തിനും ഒന്നാം സമ്മാനം കിട്ടിയിരുന്നു.
പാടുന്നതിനൊപ്പം തബല, കഹോൺ (cajon) പോലുള്ള കൊട്ടുന്ന സംഗീതോപകരണങ്ങളും ഗിറ്റാറുമെല്ലാം അമൽ വായിക്കാറുണ്ട്. എല്ലാ പാട്ടുകാരുടെയും സ്വപ്‌നം പോലെ പിന്നണിഗായകൻ ആവണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് അമൽ പറയുന്നു. സ്വന്തമായി കോമ്പോസിഷൻ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. ഇപ്പോൾ ഒരു പാട്ടിന്‍റെ പണിപ്പുരയിലാണ് അമൽ. ഇതിനിടെ പഠനവും കൊണ്ടുപോകുന്നു. ഗവ. കോളജ് കാസർകോട് നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അമൽ ഇപ്പോൾ മഹാരാജാസ്‍ കോളേജിൽ എംഎ മ്യൂസിക്കിന് അപേക്ഷിച്ചിരിക്കുകയാണ്.
ALSO READ:'ആ ചേച്ചി മകളോട് അതുവരെ അങ്ങനെയൊന്നും തുറന്ന് സംസാരിച്ചിട്ടില്ലായിരുന്നു'; സംവിധായകൻ വിഷ്‌ണു നാരായണൻ പറയുന്നു