ഹൈദരാബാദ് :പ്രശസ്‌തമായ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം സ്വദേശമായ ഹൈദരാബാദിൽ മടങ്ങിയെത്തിയിരിക്കുകയാണ് തെലുഗു സൂപ്പർ സ്റ്റാർ അല്ലു അർജുൻ. താരത്തിൻ്റെ 'പുഷ്‌പ: ദി റൈസ്' ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ അല്ലു അർജുന്‍റെ ഭാര്യ സ്‌നേഹ റെഡ്ഡി പങ്കുവച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
താരം യോഗ ചെയ്യുന്നതിന്‍റെ ചിത്രമാണിത്. രസകരമെന്തെന്നാൽ അല്ലു അർജുന് യോഗ സെഷന് കൂട്ടായി ഒരാൾ കൂടിയുണ്ട്. ഇതാരാണെന്നല്ലേ? മറ്റാരുമല്ല, അല്ലുവിന്‍റെ മകൾ അർഹ തന്നെ. അല്ലു അർജുനും മകൾ അർഹയും വീട്ടിലെ സ്വീകരണ മുറിയിൽ യോഗ ചെയ്യുന്നതിൻ്റെ സ്‌നാപ്പ്ഷോട്ടാണ് സ്‌നേഹ പങ്കിട്ടത്.
അല്ലു അർജുനെ അനുകരിച്ച് അർഹയും യോഗ തകൃതിയായി ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഫോട്ടോകളായി അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ ഇടയ്‌ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യ അല്ലു സ്‌നേഹ റെഡ്ഡിയും ഫോട്ടോകൾ പുറത്തുവിടാറുണ്ട്. ഏതായാലും പുതിയ ഫോട്ടോയും ആരാധകർക്കിടയിൽ വൈറലാവുകയാണ്.
അതേസമയം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച്, ലോകമെമ്പാടുമുള്ള വിപണികളിൽ ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു. കൂടാതെ 'പുഷ്‌പ 3'യുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു. 'പുഷ്‌പ' സീരീസിലെ മൂന്നാം ഭാഗവും പണിപ്പുരയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം സ്ഥിരീകരിച്ചു (Allu Arjun Confirms Pushpa 3).